കടിച്ച ആപ്പിള്‍ അനുയായികള്‍ക്ക് എറിഞ്ഞുകൊടുത്ത് ഡി കെ ശിവകുമാര്‍; വീഡിയോ വൈറല്‍, രൂക്ഷവിമര്‍ശനം

ക്രെയിന്‍ ഉപയോഗിച്ചായിരുന്നു ഹാരം ഉയര്‍ത്തിയത്. ഇതിനിടെയാണ് മാലയില്‍ നിന്നും ആപ്പിള്‍ പറിച്ചെടുത്ത് ഒരു കഷണം കടിച്ചെടുത്ത ശേഷം അതേ ആപ്പിള്‍ അണികള്‍ക്ക് എറിഞ്ഞു കൊടുത്തത്.

ബെംഗളൂരു: കടിച്ച ആപ്പിള്‍ അനുനായികള്‍ക്ക് എറിഞ്ഞുകൊടുക്കുന്ന കര്‍ണ്ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനം. ബെംഗളൂരു സൗത്തിലെ കനകപുരയിലെ ഹാരോഹള്ളിയില്‍ ഞായറാഴ്ച നടന്ന പൊതു പരിപാടിയിലായിരുന്നു സംഭവം. മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിന് ശേഷം ഒരുക്കിയ സ്വീകരണ പരിപാടിയില്‍ അനുനായികള്‍ കിലോക്കണക്കിനും ആപ്പിളും പൂക്കളും കൊണ്ടുള്ള ഹാരം ഡി കെ ശിവകുമാറിന് സമ്മാനിച്ചിരുന്നു.

ക്രെയിന്‍ ഉപയോഗിച്ചായിരുന്നു ഹാരം ഉയര്‍ത്തിയത്. ഇതിനിടെയാണ് മാലയില്‍ നിന്നും ആപ്പിള്‍ പറിച്ചെടുത്ത് ഒരു കഷണം കടിച്ചെടുത്ത ശേഷം അതേ ആപ്പിള്‍ അണികള്‍ക്ക് എറിഞ്ഞു കൊടുത്തത്. ഇതിന്റെ ദൃശ്യങ്ങള്‍ നിമിഷങ്ങള്‍ക്കകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു.

വോട്ട് നല്‍കിയവര്‍ക്കുനേരെ കടിച്ച ആപ്പിള്‍ എറിയുന്നത് തമാശയല്ലെന്ന് ബിജെപി വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ മാനസികാവസ്ഥയുടെ പ്രതിഫലനമാണിതെന്നും ബിജെപി ചൂണ്ടിക്കാട്ടി. പൊതുജനം നിങ്ങളുടെ ദയയ്ക്ക് യാചിക്കുന്നവരല്ല. അവര്‍ക്ക് ബഹുമാനമാണ് വേണ്ടത്. പ്രവര്‍ത്തിയിലൂടെ അത് കാണിക്കണം. ബഹുമാനത്തിന് പകരം ധാര്‍ഷ്ട്യം കാട്ടിയാല്‍ അവരും പ്രതികരിക്കും എന്നും ബിജെപി പറഞ്ഞു. അതേസമയം പൊതുജനങ്ങളോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹ പ്രകടനമാണ് ഇതിലൂടെ വ്യക്തമാക്കുന്നതെന്നാണ് കോണ്‍ഗ്രസ് സൈബര്‍ ഇടങ്ങളില്‍ പ്രചരിപ്പിക്കുന്നത്. സംഭവത്തില്‍ ഡി കെ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Content Highlights: DK Shivakumar Throws Bitten Apple to Supporters, Video Goes Viral

To advertise here,contact us