ബെംഗളൂരു: ഇന്നത്തെ കാലത്ത് ഒരു കുടുംബം പുലര്‍ത്താന്‍ ഒരു മാസം എത്ര രൂപ വേണ്ടിവരും, അതും ബെംഗളൂരുവില്‍? ആറക്ക ശമ്പളമൊന്നും പോരെന്ന് പറയുകയാണ് ഒരു ടെക്കി. ബെംഗളൂരുവിലെ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ സോഫ്റ്റ്വെയര് എൻജിനീയറാണ് ആള്. കുടുംബം പുലര്‍ത്താന്‍ അദ്ദേഹം റാപ്പിഡോ ടാക്സി സര്‍വീസില്‍ ഡ്രൈവറായും ജോലി ചെയ്യുന്നുണ്ട്. ടെക്കിയുടെ ജീവിതത്തെക്കുറിച്ച് ഷബാസ് എന്ന മറ്റൊരു സോഫ്റ്റ്വെയര് എന്‍ജിനീയര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് വൈറലാണ്.
ബന്നര്ഖട്ടയിലേക്കുള്ള യാത്രയ്ക്കായായിരുന്നു റാപ്പിഡോ ബുക്ക് ചെയ്തതെന്ന് ഷബാസ് പറയുന്നു. സ്വാഭാവിക സംഭാഷണം പിന്നീട് സൗഹൃദ സംഭാഷണത്തിലേക്ക് വഴിമാറുകയായിരുന്നുവെന്ന് ഷബാസ് പറഞ്ഞു. ആദ്യം കന്നഡയിലായിരുന്നു താന്‍ സംസാരിച്ചതെന്നും തന്റെ കന്നഡ മോശമാണെന്ന് മനസിലാക്കിയ റാപ്പിഡോ ഡ്രൈവര്‍ പിന്നീട് ഇംഗ്ലീഷില്‍ സംസാരിച്ചതായും ഷബാസ് പറഞ്ഞു. സംസാരത്തിനിടെ താന്‍ എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു. താനൊരു സോഫ്റ്റ്വെയര് എന്‍ജിനീയറാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം നല്കിയ മറുപടി അത്ഭുതപ്പെടുത്തിയതായി ഷബാസ് പറഞ്ഞു.
ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ സോഫ്റ്റ്വെയര് ഡെവലപ്പറാണ് താനെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മാസം ആറക്ക സംഖ്യ ശമ്പളമുണ്ടെന്നും എന്നാല്‍ അധിക വരുമാനത്തിനായി വാരാന്ത്യങ്ങളില്‍ റാപ്പിഡോ ഓടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയും കുഞ്ഞും അടങ്ങുന്നതാണ് കുടുംബം. സാമ്പത്തിക ഭദ്രത കണക്കിലെടുത്താണ് റാപ്പിഡോ ടാക്സി സര്‍വീസില്‍ അധികമായി ജോലി നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞതായി ഷബാസ് പറഞ്ഞു. ആ സംഭവം തന്നെ ഇരുത്തി ചിന്തിപ്പിച്ചതായും ഷബാസ് പറഞ്ഞു. നല്ല ടെക്ക് ജോലിയും ആറക്ക ശമ്പളവുമുള്ള ഒരാള്‍ക്ക് വാരാന്ത്യ ജോലി കൂടി ആവശ്യമായി വരുന്നുണ്ടെങ്കില്‍ ബെംഗളൂരുവിലും മറ്റ് ടയര്‍ വണ്‍ നഗരങ്ങളിലും ജീവിതം എത്രത്തോളം ചെലവേറിയതായി മാറിയിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഷബാസ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Content Highlights- A social media post by a tech professional who also works as a Rapido driver has gained widespread attention