സിജെപി പ്രതിഷേധത്തിനിടെ ആനി രാജയ്ക്ക് നേരെ ആക്രമണം; ഒരു സംഘം തള്ളിയിട്ടെന്ന് ആരോപണം

തള്ളിയിട്ടവരില്‍ കുറച്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ സിപിഐ ദേശീയ കൗൺസിൽ അം​ഗം ആനി രാജയ്ക്ക് നേരെ ആക്രമണം. സിജെപി പ്രതിഷേധത്തിനെതിരെ രംഗത്തുവന്നവര്‍ തള്ളിയിട്ടെന്നാണ് ആനി രാജയുടെ ആരോപണം. ആനി രാജയെ പൊലീസ് സ്ഥലത്തുനിന്ന് മാറ്റി. തള്ളിയിട്ടവരില്‍ കുറച്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

യുവജനങ്ങളുടെ ആവശ്യത്തെ പൂർണമായും പിന്തുണയ്ക്കുകയാണെന്ന് ആനി രാജ നേരത്തെ റിപ്പോർട്ടറിനോട് പ്രതികരിച്ചിരുന്നു. പരീക്ഷ പിൻവലിച്ചതോടെ ഡിപ്രഷനിലായ ഒരു കുട്ടി തന്റെ കുടുംബത്തിലുമുണ്ടെന്നും അവർ റിപ്പോർട്ടറിനോട് പറഞ്ഞു. ജന്തർ മന്തറിൽ എത്തിച്ചേർന്ന് പ്രതിഷേധക്കാർക്ക് പിന്തുണ അറിയിച്ച ശേഷം സംസാരിക്കുകയായിരുന്നു അവർ.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടാണ് കോക്രോച്ച് ജനതാ പാര്‍ട്ടി പ്രതിഷേധം സംഘടിപ്പിച്ചത്. ഇതിനെതിരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ജന്തര്‍ മന്തറില്‍ ഒത്തുകൂടിയിരുന്നു. ജയ്ശ്രീറാം വിളിക്കുകയും പ്രതിഷേധക്കാരെ അക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വിദേശ ഫണ്ട് കൊണ്ടാണ് സിജെപി പ്രവര്‍ത്തിക്കുന്നതെന്ന് ഹിന്ദു സംഘടനകള്‍ ആരോപിച്ചു.

അതേസമയം, നീറ്റ് ക്രമക്കേട് മൂലം അഞ്ച് വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തതെന്നും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്നും അഭിജീത് ദീപ്കെ ആവശ്യപ്പെട്ടു. ജന്തർ മന്തറിൽ ആഹ്വാനം ചെയ്ത പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ ശേഷം സംസാരിക്കുകയായിരുന്നു അഭിജീത്. പാറ്റകൾ ആരെയും ഭയപ്പെടുന്നില്ലെന്ന് പറഞ്ഞ അഭിജീത്, മന്ത്രി രാജി വയ്ക്കുന്നത് വരെ വിശ്രമമില്ലെന്നും കൂട്ടിച്ചേർത്തു. നിരവധി സിജെപി പ്രവർത്തകരാണ് ജന്തർ മന്തറിൽ സംഘടിപ്പിച്ച ആദ്യ പൊതുപരിപാടിയിൽ തടിച്ചുകൂടിയത്. 'ജയ് ഭീം' വിളിച്ചുകൊണ്ടാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.

തങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് ഇന്ത്യയിലെ യുവാക്കളെന്ന് വിമാനത്താവളത്തിൽ വെച്ച് അഭിജീത് ദീപ്കെ പ്രതികരിച്ചിരുന്നു. സിജെപിയുടെ പ്രതിഷേധം നേപ്പാളിലോ ബംഗ്ലാദേശിലോ സംഭവിച്ചത് പോലെയായി മാറുമോ എന്ന ചോദ്യത്തോടായിരുന്നു അഭിജീത് ദീപ്കെയുടെ പ്രതികരണം. അത്തരം താരതമ്യങ്ങൾ നടത്തി ഇന്ത്യയിലെ യുവാക്കളെ (GenZ) അപമാനിക്കുകയോ കുറച്ചുകാണുകയോ ചെയ്യരുതെന്നും അഭിജീത് ദീപ്കെ പറഞ്ഞു.

പലരും കരുതുന്നതിനേക്കാൾ വളരെ കൂടുതൽ പക്വതയുള്ളവരും ബോധമുള്ളവരും രാഷ്ട്രീയ കാര്യങ്ങളിൽ അറിവുള്ളവരുമാണ് ഈ രാജ്യത്തെ യുവാക്കൾ എന്നും സിജെപി സ്ഥാപകൻ ചൂണ്ടിക്കാണിച്ചു. സമാധാനപരവും ജനാധിപത്യപരവുമായ മാർഗങ്ങളിലൂടെ അവർ തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്യുമെന്നും അഭിജീത് ദീപ്കെ വ്യക്തിമാക്കി. ദയവായി അവരെ തരംതാഴ്ത്തി സംസാരിക്കരുത്. നിലവിൽ ഭരണം നടത്തുന്നവരേക്കാൾ വളരെ കൂടുതൽ വിദ്യാഭ്യാസമുള്ളവരും വിവരമുള്ളവരുമാണ് ഈ യുവാക്കളെന്നും അഭിജീത് ദീപ്കെ അഭിപ്രായപ്പെട്ടു. അംബേദ്കറിൻ്റെ പുസ്തകം ഉയർത്തിപ്പിടിച്ചാണ് അഭിജീത് ദീപ്കെ വിമാനത്താവളത്തിന് പുറത്തേയ്ക്ക് വന്നത്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ടാണ് കോക്രോച്ച് ജനതാ പാർട്ടി ജന്തർ മന്തറിൽ പരസ്യ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. അഭിനേതാവ് പ്രകാശ് രാജ്, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് തുടങ്ങിയ പ്രമുഖർ സിജെപിയുടെ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

അതേസമയം,  മുന്‍നിര ദേശീയ പത്രങ്ങളിലോ ചാനലുകളിലോ ഇന്നത്തെ സിജെപിയുടെ പ്രതിഷേധം വാര്‍ത്തയായില്ലെന്നതാണ് ശ്രദ്ധേയം. ഹിന്ദുസ്ഥാന്‍ ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ, ദ ഹിന്ദു പത്രങ്ങൾ അവരുടെ മുന്‍ പേജില്‍ നിന്ന് സിജെപി പ്രതിഷേധം ഒഴിവാക്കി. എന്നാൽ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഒന്നാം പേജില്‍ ഒറ്റക്കോളം വാര്‍ത്തയായി സിജെപി പ്രതിഷേധത്തെ ചുരുക്കി.

ദേശീയ വാര്‍ത്താചാനലുകളിലും ഡല്‍ഹി ജന്തര്‍മന്തറിലെ സിജെപി പ്രതിഷേധം ഒരുഘട്ടത്തില്‍പ്പോലും തത്സമയം സംപ്രേഷണം ചെയ്തിട്ടില്ലെന്നുമാത്രമല്ല പൂര്‍ണ്ണമായും കണ്ണടയ്ക്കുന്ന നിലയിലാണ്. ദേശീയ മാധ്യമങ്ങളുടെ ഈ നിലപാടിനെതിരെ വിമര്‍ശനം ശക്തമാണ്. ആരോടാണ് ഇവര്‍ വിധേയത്വം കാണിക്കുന്നത് എന്നതില്‍ സംശയമില്ലല്ലോയെന്നാണ് സാമൂഹമാധ്യമങ്ങളിലെ ചോദ്യം. 'ഗോദി മീഡിയ' എന്ന ആക്ഷേപവും ഉയരുന്നുണ്ട്.

Content Highlights: Annie Raja Attacked While Participating in CJP Protest

To advertise here,contact us