കൊൽക്കത്ത: സ്കൂളുകളിലും മദ്രസകളിലും ദേശീയഗീതം നിർബന്ധിതമാക്കിയ തീരുമാനം കടുപ്പിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. ഈ രാജ്യത്ത് ജീവിക്കണമെങ്കിൽ വന്ദേ മാതരവും ജന ഗണ മനയും ആലപിച്ചേ തീരുവെന്നും സുവേന്ദു അധികാരി പറഞ്ഞു. രാവിലെ സ്കൂളുകളിൽ നടക്കുന്ന അസംബ്ലിയിൽ ദേശീയ ഗീതം മുഴുവനും ആലപിക്കണമെന്നതായിരുന്നു മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം സുവേന്ദു അധികാരി കൈക്കൊണ്ട പ്രധാന തീരുമാനങ്ങളിൽ ഒന്ന്.
തീരുമാനത്തിന് പിന്നാലെ ഓൾ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ് ആശങ്ക പങ്കുവച്ചിരുന്നു. ഈ തീരുമാനം പിൻവലിക്കണമെന്നും അല്ലെങ്കിൽ ഇതിൽ നിന്നും മുസ്ലീം വിദ്യാർത്ഥികളെ ഒഴിവാക്കണമെന്നും ബോർഡ് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രി നിലപാട് ദേശീയ മാധ്യമത്തോട് വ്യക്തമാക്കിയത്. എന്നാൽ മതവിശ്വാസങ്ങൾക്ക് എതിരായ തരത്തിലുള്ള ഗാനമോ വാക്കുകളോ ചൊല്ലാൻ വിദ്യാർത്ഥികളെ നിർബന്ധിക്കുന്നത് മൗലീകാവകാശങ്ങളുടെ ലംഘനമാണെന്ന് മുസ്ലീം വ്യക്തിനിയമ ബോർഡ് അധ്യക്ഷൻ ഡോ എസ്ക്യുആർ ഇല്യാസ് പറഞ്ഞു.
വന്ദേ മാതരം എല്ലാ സ്കൂളുകളിലും നിർബന്ധമാക്കിയിട്ടുണ്ട്. ഇത് ഇന്ത്യൻ സംസ്കാരമാണ്. ഇതാണ് സനാതന സംസ്കാരം. ഇന്ത്യ ഹിന്ദുസ്ഥാനെന്നും ഇന്ത്യയെന്നും അറിയപ്പെടുന്നുണ്ട്. ഈ രാജ്യം മറ്റാരുടെയും കൈക്കുള്ളിലാകില്ലെന്നും സുവേന്ദു അധികാരി എഎൻഐയോട് പ്രതികരിച്ചിരുന്നു. അധികാരിയെ പിന്തുണച്ച് കേന്ദ്ര മന്ത്രി കിരൺ റിജിജുവും രംഗത്തെത്തിയിരുന്നു. ഈ വിഷയത്തെ രാഷ്ട്രീവത്കരിക്കേണ്ട ആവശ്യമില്ലെന്നും ഇത് ദേശീയഗീതമാണെന്നുമാണ് റിജിജു പറഞ്ഞത്.
Content Highlights: The West Bengal Chief Minister stated that those living in India should sing Vande Mataram and Jana Gana Mana