ന്യൂഡല്‍ഹി: സിബിഎസ്ഇ പരീക്ഷാ നടത്തിപ്പിലെയും പുനര്‍ മൂല്യനിര്‍ണയത്തിലെയും ഗുരുതര വീഴ്ച പുറത്തെത്തിച്ചത് മൂന്ന് വിദ്യാര്‍ത്ഥികള്‍. വേദാന്ത് ശ്രീവാസ്ത, നിസര്‍ഗ അധികാരി, സാര്‍ഥക് സിദ്ധാന്ത് എന്നിവരാണ് വീഴ്ച പുറത്തെത്തിച്ചതിന് പിന്നിലെ ജെന്‍ സി ബ്രെയ്ന്‍. ഡല്‍ഹിയില്‍ നിന്നുള്ള പ്ലസ് ടു വിദ്യാര്‍ത്ഥി വേദാന്ത് ശ്രീവാസ്ത തനിക്ക് ലഭിച്ച ഉത്തരക്കടലാസിലെ പിഴവ് ചൂണ്ടിക്കാട്ടി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് പങ്കുവെയ്ക്കുകയായിരുന്നു. സിബിഎസ്ഇ വേദാന്തിന്റേതായി അപ്ലോഡ് ചെയ്ത ഫിസിക്സ് ഉത്തരക്കടലാസ് തന്റേതല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പോസ്റ്റ്.
മണിക്കൂറുകള്‍ക്കകം വേദാന്തിന്റെ പോസ്റ്റ് എക്സില്‍ ചര്‍ച്ചയായി. സിബിഎസ്ഇ അപ്ലോഡ് ചെയ്ത ഉത്തരക്കടലാസിലെ ഹാന്‍ഡ് റൈറ്റിംഗ് വേദാന്തിന്റേത് അല്ലെന്ന് കുടുംബവും അവകാശപ്പെടുകയായിരുന്നു. പിന്നാലെ സമാന അനുഭവം പങ്കുവെച്ച് മറ്റുനിരവധി വിദ്യാര്‍ത്ഥികളും രംഗത്തെത്തുകയായിരുന്നു.
പോര്‍ട്ടലിലെ സൈബര്‍ സുരക്ഷാ പ്രശ്നങ്ങള്‍ പുറത്തുകൊണ്ടുവന്നത് നിസര്‍ഗ അധികാരിയെന്ന വിദ്യാര്‍ത്ഥിയാണ്. സിബിഎസ്ഇ പ്ലസ്ടു പരീക്ഷയുടെ മൂല്യനിര്‍ണ്ണയം നടത്തിയ ഒഎസ്എം പോര്‍ട്ടല്‍ ഹാക്ക് ചെയ്തെന്ന അവകാശവാദവുമായി മെയ് 22നായിരുന്നു നിസര്‍ഗ അധികാരി സോഷ്യല്‍മീഡിയയിലൂടെ രംഗത്തെത്തിയത്. ഈ വര്‍ഷം പ്ലസ്ടു പരീക്ഷയെഴുതിയയാളാണ് നിസര്‍ഗ. സിബിഎസ്ഇ സൈറ്റില്‍ അധ്യാപകരുടെ പേര്, റോള്‍ നമ്പര്‍, ബാങ്ക് വിവരങ്ങള്‍ എന്നിവയില്‍ മാറ്റങ്ങള്‍ വരുത്താമെന്നായിരുന്നു നിസര്‍ഗ പറഞ്ഞത്. ഇക്കാര്യം താന്‍ സിഇആര്‍ടിയെ അറിയിച്ചെങ്കിലും പരിഹരിച്ചില്ലെന്നും നിസര്‍ഗ പറയുന്നു. തുടക്കത്തില്‍ സിബിഎസ്ഇ നിസര്‍ഗ അധികാരിയുടെ അവകാശവാദം മുഖവിലയ്ക്കെടുത്തിരുന്നില്ല.
കരാറിലെ വീഴ്ചകളും എഡ്യൂടെകിന് നല്കിയ ഇളവുകളും പുറത്തെത്തിച്ചത് സാര്‍ഥക് എന്ന വിദ്യാര്‍ത്ഥിയാണ്. ജാര്‍ഖണ്ഡില്‍ നിന്നും പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് സാര്‍ഥക്. മൂന്ന് ടെന്‍ഡറുകളാണ് സിബിഎസ്ഇ പുറത്തിറക്കിയതെന്ന് സിദ്ധാര്‍ത്ഥിന്റെ അന്വേഷണത്തില്‍ വ്യക്തമാക്കുന്നു. ആദ്യത്തേത് ജെം പോര്‍ട്ടലില്‍ നിന്നും നീക്കി, രണ്ടാമത്തേത് സാങ്കേതിക മൂല്യനിര്‍ണ്ണയത്തില്‍ എല്ലാ ബിഡര്മാരെയും പരാജയപ്പെടുത്തി, മൂന്നാമത്തേത് ഒടുവില്‍ ഒരു എഡ്യൂടെക് സ്ഥാപനത്തിന് നല്‍കുകയായിരുന്നുവെന്നും സിദ്ധാര്‍ത്ഥ് പറയുന്നു. കോംപ്റ്റിന് അനാവശ്യമായി നേട്ടമുണ്ടാക്കാന്‍ സിബിഎസ്ഇ റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസല്‍ (ആര്‍എഫ്പി) മാറ്റിയതായി അദ്ദേഹം ആരോപിച്ചു.
Content Highlights: Three students exposed loopholes in cbse system