ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയിലുണ്ടായ തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം. 20 പേരാണ് അപകടത്തില്‍ മരിച്ചത്. നാല്പതോളം പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ 7 പേരുടെ നില ഗുരുതരമാണ്. അപകടത്തിനിടെ ശ്വാസം മുട്ടിയാണ് പലരും മരിച്ചിരിക്കുന്നത്. സംഭവത്തില്‍ ഹോട്ടല്‍ ഉടമയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.
ഇന്ന് രാവിലെയായിരുന്നു മാളവ്യനഗറിലുള്ള ഹോട്ടലില്‍ തീപിടിത്തമുണ്ടായത്. 8.50ഓടെയാണ് തങ്ങള്‍ വിവരം അറിഞ്ഞതെന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. അപകടമുണ്ടായതോടെ ഭയന്ന് കെട്ടിടത്തില്‍ നിന്ന് ചാടിയവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവരില്‍ കൂടുതലും ആഫ്രിക്കക്കാരാണ്. പരിക്കേറ്റവരെ മാക്സ്, സഫ്ദര്‍ജുംഗ് എന്നീ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ഹോട്ടലിന്റെ പ്രവര്‍ത്തനം ചട്ടങ്ങള്‍ പാലിക്കാതെയാണെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ബേസ്മെന്റ് ഉള്‍പ്പടെ അഞ്ച് നിലയുള്ള ഹോട്ടലില്‍ 25 മുറികളാണ് ഉണ്ടായിരുന്നു. വിനോദസഞ്ചാരികളായിട്ടുള്ള നിരവധി പേര് സംഭവം നടക്കുമ്പോള്‍ ഇവിടെ താമസിച്ചിരുന്നു. എന്നാല്‍ 6 റൂമിന് മാത്രമാണ് ഹോട്ടലിന് അനുമതി ഉണ്ടായിരുന്നതെന്നാണ് വിവരം. ബേസ്മെന്റില്‍ ഉള്‍പ്പെടെ ചട്ടങ്ങള്‍ ലംഘിച്ച് ആളുകളെ താമസിപ്പിച്ചിരുന്നു. ഇടുങ്ങിയ കെട്ടിടത്തില്‍ നിന്ന് ആളുകള്‍ക്ക് രക്ഷപ്പെടാനായില്ല. തീയണക്കാനുള്ള സംവിധാനങ്ങളും കെട്ടിടത്തിലുണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്.
Content Highlights: Police have registered an FIR against the hotel owner following the deadly fire incident in Delhi