കർണാടക കോൺഗ്രസിന് പുതിയ അധ്യക്ഷൻ; B K ഹരിപ്രസാദിനെ അധ്യക്ഷനായി നി​യോ​ഗിച്ച് എഐസിസി

ഡി കെ ശിവകുമാർ മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെയാണ് കെപിസിസിയിലേക്ക് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്

ബെം​ഗളൂരു: കർണാടക പ്രദേശ് കോൺ​ഗ്രസ് കമ്മിറ്റി (കെപിസിസി) അധ്യക്ഷനായി ബി കെ ഹരിപ്രസാദിനെ തെരഞ്ഞെടുത്ത് എഐസിസി. ഡി കെ ശിവകുമാർ മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെയാണ് കെപിസിസിയിലേക്ക് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്. എഐസിസി ജ‌നറൽ സെക്രട്ടറി കെ സി വേണു​ഗോപാലാണ് ഹരിപ്രസാദിനെ കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുത്തു കൊണ്ട് പ്രസ്താവന പുറത്ത് വിട്ടത്. സ്ഥാനമൊഴിയുന്ന കെപിസിസി പ്രസിഡന്റ് ഡി കെ ശിവകുമാറിന്റെ സംഭാവനകളെ അഭിനന്ദിച്ച് കൊണ്ടായിരുന്നു പ്രസ്താവന.

ഇന്ന് വൈകിട്ടാണ് കർണാടകയുടെ 18--ാമത് മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ അധികാരമേറ്റത്. ഡി കെ ശിവകുമാറിനൊപ്പം അദ്ദേഹത്തിൻ്റെ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. ഭരണഘടനയുടെ ചെറുപതിപ്പ് കൈയ്യിലേന്തിയായിരുന്നു ഡി കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്തത്. ഡി കെ ശിവകുമാറിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ കോൺഗ്രസ് നേതൃനിര ഒന്നായി എത്തിച്ചേർന്നിരുന്നു. ലോക്ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ, എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പങ്കെടുത്തിരുന്നു.

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കം രൂക്ഷമായതിന് പിന്നാലെ ഹൈക്കമാന്‍ഡ് ഇടപെടലിലാണ് സിദ്ധരാമയ്യ അയഞ്ഞതും രാജി സമർപ്പിച്ചത്. തുടർന്ന് ചേർന്ന സിഎൽപി യോഗം ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുകയായിരുന്നു. സിദ്ധരാമയ്യയായിരുന്നു ഡി കെ ശിവകുമാറിൻ്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിർദ്ദേശിച്ചത്. മുതിർന്ന നേതാവ് ജി പരമേശ്വര സിദ്ധരാമയ്യയുടെ നിർദ്ദേശത്തെ പിന്താങ്ങുകയായിരുന്നു. എട്ടുതവണ എംഎൽഎയായ ശിവകുമാർ വൊക്കലിംഗ വിഭാഗത്തിൽ നിന്നുള്ള നേതാവാണ്.

Content Highlights: The AICC has appointed BK Hariprasad as the new Karnataka Congress president as part of organizational changes.

To advertise here,contact us