എൽ പി സീതാറാം CBSEയുടെ പുതിയ ചെയർമാൻ

മുൻ ചെയർമാൻ രാഹുൽ സിങിനെ കൃഷി മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായി നിയമിച്ചു

ന്യൂഡൽഹി: വിവാദങ്ങൾക്കിടെ പുതിയ സിബിഎസ്ഇ ചെയർമാനെ തിരഞ്ഞെടുത്ത് കേന്ദ്രം. എൽ പി സീതാറാം ആണ് പുതിയ ചെയർമാൻ സ്ഥാനത്തേക്ക് നിയോ​ഗിക്കപ്പെട്ടത്. മുൻ ചെയർമാൻ രാഹുൽ സിങിനെ കൃഷി മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായി നിയമിച്ചു. മുൻപ് രാഹുൽ സിങ് ആഭ്യന്തര മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായിരുന്നു.

പരീക്ഷാ പുനർ മൂല്യനിർണയത്തിൽ ​ഗുരുതര വീഴ്ചവരുത്തിയതിനെ തുടർന്ന് സിബിഎസ്ഇ ചെയർമാനെയും സെക്രട്ടറിയേയും സ്ഥലംമാറ്റിയതിന് തൊട്ട് പിന്നാലെയാണ് പുതിയ ചെയർമാനെ കേന്ദ്രം നിയോ​ഗിച്ചത്. സിബിഎസ്ഇ പുനർ മൂല്യനിർണയത്തിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് കേന്ദ്രനടപടിയുണ്ടായത്. പുനർ മൂല്യനിർണയത്തിലെ ക്രമക്കേടിൽ രാജ്യത്ത് വ്യാപക പ്രതിഷേധങ്ങൾ നടന്നെങ്കിലും കേന്ദ്രത്തിൻ്റെ ഭാ​ഗത്ത് നിന്ന് നടപടികളൊന്നും ഉണ്ടായിരുന്നില്ല.

സിബിഎസ്ഇ ചെയർമാൻ രാഹുൽ സിംഗിനെയും സെക്രട്ടറി ഹിമാൻഷു ഗുപ്തയെയും സ്ഥലം മാറ്റി കേന്ദ്രം നടപടി എടുത്തിരുന്നു. സിബിഎസ്ഇ പരീക്ഷാ മൂല്യനിർണയത്തിലും പുനർ മൂല്യനിർണയത്തിലും ​ഗുരുതര ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഓൺ സ്ക്രീൻ മാർക്കിങ് (ഒഎസ്എം) വീഴ്ച സംഭവിച്ചെന്ന് തെളിയിച്ചിരുന്നു. ഒ‌എസ്‌എം സേവനങ്ങളുടെ നടത്തിപ്പിനെ കുറിച്ച് സമ​ഗ്ര അന്വേഷണത്തിന് കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തെ കുറിച്ച് വ്യാപക പരാതികളും പ്രതിഷേധങ്ങളും നടക്കുകയാണ്.

Content Highlights: The Centre has appointed a new CBSE Chairperson amid controversies surrounding the board, including concerns over examination and revaluation processes.

To advertise here,contact us