വിജയപുര: ഭൂമി തര്‍ക്കത്തിന്റെ പേരില്‍ കൂട്ടക്കൊലപാതകം. കര്‍ണാടകയിലെ വിജയപുര ചഡചന് താലൂക്കിലെ ഗോവിന്ദപുര ഗ്രാമത്തിലാണ് സംഭവം. ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ഉള്‍പ്പെടെ ആറുപേരെയാണ് വെടി വെച്ചുകൊന്നത്. ഗ്രാമത്തിലെ തന്നെ മറ്റൊരു കുടുംബവുമായി വസ്തു തര്‍ക്കം നിലനിന്നിരുന്നു. ഇതിന്റെ പേരിലാണ് കൊലപാതകം.
മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച ശേഷമായിരുന്നു കൊലപാതകം. മരിച്ച രേവണസിദ്ദപ്പ നിരാലെ, ദുണ്ടപ്പ രേവണസിദ്ദപ്പ നിരാലെ, ശിവപുത്ര രേവണസിദ്ദപ്പ നിരാലെ, ചന്ദ്രശേഖര്‍ നിരാലെ, ഷബ്ബീര്‍ നദാഫ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
വെടിയൊച്ചകളുടെ ശബ്ദം ഗോവിന്ദപുര ഗ്രാമത്തിൽ പരിഭ്രാന്തി പരത്തി. കൊലപാതക വിവരം അറിഞ്ഞ ഉടൻ പൊലീസ് സംഘം സ്ഥലത്തെത്തി. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചു. ക്രമസമാധാനം നിലനിർത്തുന്നതിനും തുടർ ആക്രമണങ്ങൾ തടയുന്നതിനുമായി ഗ്രാമത്തിലും പരിസര പ്രദേശങ്ങളിലും കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ഫോറൻസിക് വിദഗ്ധർ സ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചു.
കൊലപാതകങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും പൊലീസ് സംശയിക്കുന്നു. പ്രതികളെ കണ്ടെത്താൻ തെരച്ചിൽ ആരംഭിച്ചു. കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായവരെ കണ്ടത്താനും അറസ്റ്റ് ചെയ്യാനും ഒന്നിലധികം സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Content Highlights: Six died Over Property Dispute In Karnataka's Bhimatheera