ഹൈക്കമാൻഡുമായി ചർച്ച നടത്തി സിദ്ധരാമയ്യ; യതീന്ദ്ര സിദ്ധരാമയ്യക്ക് നിർണായക വകുപ്പുകൾ വേണമെന്ന് ആവശ്യം

രാഹുൽ ​ഗാന്ധിയും മല്ലികാർജുൻ ഖർ​ഗെയുമായാണ് കൂടിക്കാഴ്ച നടത്തിയത്

ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച സിദ്ധരാമയ്യ കോൺ​ഗ്രസ് ഹൈക്കമാൻഡുമായി ചർച്ച നടത്തി. രാഹുൽ ​ഗാന്ധിയും മല്ലികാർജുൻ ഖർ​ഗെയുമായാണ് കൂടിക്കാഴ്ച നടത്തിയത്. ചർച്ചയിൽ മകൻ യതീന്ദ്ര സിദ്ധരാമയ്യക്ക് മന്ത്രിസഭയിൽ നിർണായക വകുപ്പുകൾ നൽകണമെന്ന ആവശ്യവും ഉന്നയിച്ചു. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വകുപ്പുകൾ വേണമെന്നാണ് ആവശ്യപ്പെട്ടത്.

രാജ്യസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സ്ഥാനാർത്ഥികളുടെ പേരുകളും അദേഹം ഹൈക്കമാൻഡിന് കൈമാറിയിട്ടുണ്ട്. പക്ഷെ സിദ്ധരാമയ്യ രാജ്യസഭലേക്ക് പോകുന്നത് ചർച്ച ചെയ്തിട്ടില്ലെന്നാണ് വിവരം. എന്നാൽ ആദ്യഘട്ടത്തിൽ തന്നെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യരുതെന്ന് സിദ്ധരാമയ്യ പറഞ്ഞിരുന്നു. ചർച്ചയ്ക്ക് ശേഷം അടുത്ത മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് പ്രഖ്യാപിക്കുമെന്നാണ് പ്രതികരണം.

ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സിദ്ധരാമയ്യയുടെ സേവനത്തെ കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ പ്രശംസിച്ചു. സമത്വം, ഐക്യം, അരികുവൽക്കരിക്കപ്പെട്ടവരുടെ ക്ഷേമം എന്നിവ നിലനിർത്തിയാണ് സിദ്ധരാമയ്യ പ്രവർത്തിച്ചതെന്നാണ് മല്ലികാർജുൻ ഖാർഗെ പറഞ്ഞത്. എക്സ് പോസ്റ്റിലൂടെയാണ് പ്രശംസിച്ചത്.

അതേസമയം, ബെംഗളൂരുവിൽ നടന്ന യോഗത്തിൽ, മുതിർന്ന നേതാവ് രാമലിംഗ റെഡ്ഡിയെ കർണാടക ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കും മുതിർന്ന മന്ത്രി ഈശ്വർ ഖന്ദ്രെയെ അടുത്ത കർണാടക കോൺഗ്രസ് അധ്യക്ഷനായും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ രം​ഗത്തെത്തിയിരുന്നു. വിഷയത്തിൽ കർണാടക കോൺ​ഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാലയ്ക്ക് നിവേദനം സമർപ്പിച്ചു.

Content Highlights: After stepping down as Karnataka Chief Minister, Siddaramaiah held discussions with the Congress high command amid major political developments in the state.

To advertise here,contact us