ശക്തമായ കാറ്റിൽ അകപ്പെട്ട് ഗംഗാ നദിയില്‍ ബോട്ട് മുങ്ങി; രണ്ട് മരണം, നിരവധി പേരെ കാണാതായി

അപകടമുണ്ടായ ഉടന്‍ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്

പട്‌ന: ബിഹാറില്‍ ഗംഗാ നദിയില്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ രണ്ട് മരണം. നിരവധിപേരെ കാണാതായി. പട്‌ന ജില്ലയിലെ ഉമാനാഥ് ഗംഗാ ഘട്ടിലാണ് സംഭവം. പതിനഞ്ചുപേര്‍ സഞ്ചരിച്ച ബോട്ടാണ് മറിഞ്ഞത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ശക്തമായ കാറ്റിനെ തുടര്‍ന്നാണ് ബോട്ട് അപകടത്തില്‍പ്പെട്ടത് എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

അപകടമുണ്ടായ ഉടന്‍ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. 'ബോട്ടില്‍ ഏകദേശം പതിനഞ്ചുപേരാണ് ഉണ്ടായിരുന്നത്. ഏഴുപേരെങ്കിലും മുങ്ങി. മറ്റുളളവരെ ബോട്ടില്‍ കയറ്റി രക്ഷിക്കാനായി. എത്രപേര്‍ മരിച്ചു എന്നത് സംബന്ധിച്ച് വ്യക്തമായ കണക്ക് ലഭ്യമല്ല' ദൃക്‌സാക്ഷി പറഞ്ഞു.

'ശക്തമായ കാറ്റില്‍പ്പെട്ട് ബോട്ട് മറിഞ്ഞുവെന്ന വിവരം ലഭിച്ചയുടന്‍ ഞങ്ങള്‍ സ്ഥലത്തെത്തി. ഇതുവരെ രണ്ട് മൃതദേഹങ്ങളാണ് ലഭിച്ചത്. നിരവധി പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അഞ്ചുപേരെ കാണാനില്ല. ഇവര്‍ക്കായുളള തിരച്ചില്‍ തുടരുകയാണ്' ബര്‍ഹ് എസ്ഡിപിഒ രാമകൃഷ്ണ പറഞ്ഞു.

Content Highlights: ganga river boat overturned two died, 5 missing

To advertise here,contact us