റായ്പൂര്‍: ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്റെ പിഎ എന്ന വ്യാജേന ബിജെപി എംഎല്‍എയെ ഫോണ്‍ ചെയ്ത് കബളിപ്പിച്ച് 10,000രൂപ തട്ടി. പുരന്തര്‍ മിശ്ര എന്ന എംഎല്‍എയാണ് തട്ടിപ്പിന് ഇരയായത്. ഛത്തീഗഡിലെ റായ്പൂര്‍ നോര്‍ത്ത് എംഎല്‍എയാണ് മിശ്ര. സൈബര്‍ തട്ടിപ്പിനെതിരെ പൊലീസ് നിരന്തരം ജാഗ്രത നിര്‍ദേശവും ബോധവത്കരണവും നടത്തുന്നതിന് ഇടയിലാണ് എംഎല്‍എ തട്ടിപ്പിന് ഇരയായത്.
ബിജെപി ദേശീയ അധ്യക്ഷന്റെ പിഎയാണെന്ന് പരിചയപ്പെടുത്തിയാണ് അജ്ഞാത നമ്പറില്‍ നിന്നും മിശ്രയ്ക്ക് ഫോണ്‍ കോള്‍ വന്നത്. അത്യാവശ്യമായി പണം വേണമെന്ന് വിളിച്ചയാള്‍ എംഎല്‍എയെ അറിയിച്ചു. തുടര്‍ന്ന് സ്പാം കോളുകള്‍ തിരിച്ചറിയാനും മറ്റു സഹായിക്കുന്ന ട്രൂ കോളര്‍ എന്ന ആപ്ലിക്കേഷനില്‍ തന്നെ വിളിച്ചതാരാണെന്ന് അദ്ദേഹം പരിശോധിച്ചു. അപ്പോള്‍ പരിചയപ്പെടുത്തിയ പേര് തന്നെ അതില്‍ കാണിച്ചതോടെ വിളിച്ചയാളെ വിശ്വാസത്തിലെടുത്ത മിശ്ര രണ്ടു തവണകളായി പണം അയച്ചുനല്‍കി. ആദ്യം 4500 രൂപയും പിന്നീട് 5500 രൂപയും വ്യാജന് മിശ്ര അയച്ചു കൊടുത്തു.
രണ്ടാമത്തെ തവണയാണ് മിശ്രയ്ക്ക് വിളിച്ച ആളില്‍ സംശയമുണ്ടായത്. ഇയാള്‍ പണം ആവശ്യപ്പെട്ട രീതിയും സംഭാഷണത്തിന്റെ ശൈലിയും പന്തിയല്ലെന്ന് തോന്നിയതോടെ അദ്ദേഹം പൊലീസില്‍ വിവരം അറിയിച്ചു. എഫ്ഐആര്‍ ഫയല്‍ ചെയ്ത് പൊലീസ് നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പ് നടത്തിയയാള്‍ ഒഡീഷയില്‍ നിന്നാണെന്ന് വ്യക്തമായി. അഞ്ച് മണിക്കൂറിനുള്ളില്‍ ഇയാളെ പിടികൂടാനും സാധിച്ചു.
പണത്തിന് അത്യാവശ്യമാണെന്ന് തോന്നിയത് കൊണ്ടാണ് ഒരാളെ സഹായിച്ചത്. എന്നാല്‍ പിന്നീട് എന്തോ പ്രശ്നമുണ്ടെന്ന് തോന്നിയതിനാലാണ് പരാതി പെട്ടതെന്ന് എംഎല്‍എ പ്രതികരിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
Content Highlights: A BJP MLA reportedly lost Rs 10,000 after receiving a fraudulent call from a person claiming to be the personal assistant of the BJP national president