ന്യൂഡല്‍ഹി: രാജ്യത്ത് ആര്‍എസ്എസ്-ബിജെപി വര്‍ഗീയ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ മതനിരപേക്ഷ ശക്തിയുടെ വളര്‍ച്ചയ്ക്ക് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ നിലപാട് വെല്ലുവിളിയാണെന്ന് സിപിഐഎം. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗീകരിച്ച കമ്മ്യൂണിക്കയിലാണ് ഈ പരാമര്‍ശം.
ദേശീയതലത്തില്‍ വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ സങ്കുചിത രാഷ്ട്രീയ നിലപാടുകള്‍ തിരിച്ചടിയാകുന്നു. ബദല്‍ മതേനിരപേക്ഷ സഖ്യത്തെ ദുര്‍ബലപ്പെടുത്തുകയാണ് കോണ്‍ഗ്രസ് സമീപനമെന്നും സിപിഐഎം രൂക്ഷമായി വിമര്‍ശിച്ചു. മതനിരപേക്ഷ ഉറപ്പാക്കാന്‍ ഇടതുപക്ഷവും മറ്റ് മതേതര ശക്തികളും ഒന്നിച്ച് നില്‍ക്കേണ്ടതുണ്ട്. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ നടത്തിയെന്ന് പാര്‍ടി കേന്ദ്ര കമ്മിറ്റി ആരോപിച്ചിട്ടുണ്ട്.
ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ അതിര്‍ത്തി നിര്‍ണ്ണയ പ്രക്രിയയുടെ പേരില്‍ സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി തെരഞ്ഞെടുപ്പ് ഭൂപടം മാറ്റാന്‍ ശ്രമിക്കുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സ്വാധീനം കുറയ്ക്കാനാണ് ഈ നീക്കം. വനിതാ സംവരണം നടപ്പിലാക്കുന്നതിനെ അതിര്‍ത്തി നിര്‍ണ്ണയവുമായി മനഃപൂര്‍വ്വം ബന്ധിപ്പിച്ചിരിക്കുന്നു. ബിജെപിക്ക് സ്വാധീനം കുറവുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം പാര്‍ലമെന്റിലും മറ്റും കുറയ്ക്കുകയാണ് ഇതിന്റെ ലക്ഷ്യം. ബിജെപി തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നു എന്നതിന്റെ തെളിവാണ്. വോട്ടര്‍പ്പട്ടികയുടെ തീവ്രപുനഃപരിശോധനയുടെ പേരില്‍ ലക്ഷക്കണക്കിന് വോട്ടര്‍മാരുടെ വോട്ടവകാശമാണ് നിഷേധിച്ചത്. വോട്ടര്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ജുഡീഷ്യറി പരാജയപ്പെട്ടു. ഒരു രാഷ്ട്രീയ പാര്‍ടിയുടെ താല്‍പ്പര്യങ്ങള്‍ക്കായി വോട്ടര്‍ പട്ടികയില്‍ ഇത്രയധികം കൃത്രിമം കാണിക്കുന്നത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമാണ്. ഇത് മൊത്തത്തിലുള്ള തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയെ തകര്‍ക്കുന്നതാണ്. ഇനിയും 17 സംസ്ഥാനങ്ങളില്‍ കൂടി എസ്ഐആര്‍ നടപ്പിലാക്കാനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കം അപകടകരമാണ്. ഇതിന് സുപ്രീം കോടതിയുടെ വ്യക്തമായ അനുമതിയില്ലെന്നും സിപിഐഎം ചൂണ്ടിക്കാട്ടി.
എസ്ഐആര്‍ പ്രക്രിയയുടെ പേരില്‍ ബിഹാറില്‍ അഞ്ച് ലക്ഷം റേഷന്‍ കാര്‍ഡുകള്‍ പിന്‍വലിച്ചു. ബംഗാളില്‍ അപ്പീലുകള്‍ തീര്‍പ്പാക്കാതെ തന്നെ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു. ഇത് ജനാധിപത്യ വിരുദ്ധവും പൗരത്വത്തെ തരംതാഴ്ത്താനുള്ള ശ്രമവുമാണ്. ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ ദളിതര്‍ക്കും ആദിവാസികള്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു. സാധാരണക്കാര്‍ക്ക് നീതി തേടുന്നത് ദുഷ്കരമാക്കുന്നു. ലൈംഗിക കുറ്റവാളികളെ ബിജെപി നേതാക്കള്‍ സംരക്ഷിക്കുന്നുവെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടു.
Content Highlights: Congress Stand is an Obstacle to the Growth of Secular Forces in the Country, Says CPI(M)