ബെംഗളുരു: വ്യാജ സുപ്രിംകോടതി ഉത്തരവിലൂടെ ജീവപരന്ത്യം തടവ് ശിക്ഷയിൽ നിന്നും രക്ഷപ്പെട്ടയാൾക്ക് എതിരെ കേസ്. കർണാടകയിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ എട്ടു വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. ജയിൽ ഡിജിപിക്ക് ലഭിച്ച പരാതിക്ക് പിന്നാലെയാണ് സത്യാവസ്ഥ പുറത്തായത്.
ശങ്കർ അറുമുഖമെന്നയാളാണ് പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. ജയിൽ അധികൃതരാണ് ഇപ്പോൾ പ്രതി ശങ്കറിനും സഹായികൾക്കും എതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്. . പിന്നാലെ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ ഉത്തരവ് വ്യാജമാണെന്ന് വ്യക്തമായി.
തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലാണ് ശങ്കർ ശിക്ഷിക്കപ്പെട്ടത്. 2001ലായിരുന്നു സംഭവം. മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾക്ക് ഇരട്ട ജീവപര്യന്തമാണ് ഇയാൾക്ക് ശിക്ഷ ലഭിച്ചത്. രണ്ട് ശിക്ഷയും ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നായിരുന്നു ബെംഗളുരു സിറ്റി ഫാസ്റ്റ് ട്രാക്ക് കോടതി - I വിധി. ഇതിനൊപ്പം രണ്ട് കുറ്റങ്ങൾക്കുമായി അയ്യായിരം രൂപ വീതം പിഴയും ഇയാൾക്ക് വിധിച്ചിരുന്നു.
2018 നവംബർ 3നാണ് ജയിൽ അധികൃതർക്ക് സുപ്രീംകോടതിയുടെ നിർദേശമാണെന്ന് തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു കത്ത് ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതി 10,000രൂപ പിഴ അടച്ച ശേഷം അതേമാസം 13ന് ജയിൽ മോചിതനാക്കപ്പെട്ടു. എട്ടു വർഷത്തിന് ശേഷമാണ് സുപ്രീംകോടതിയുടേതെന്ന് തെറ്റിദ്ധരിപ്പിച്ച ഉത്തരവ് വ്യാജമാണെന്ന് ജയിൽ അധികൃതർ മനസിലാക്കുന്നത്. ഉത്തരവിന്റെ ആധികാരികതയെ കുറിച്ച് ആരാഞ്ഞ് ജയിൽ അധികൃതർ സുപ്രിംകോടതിയെ തന്നെ സമീപിച്ചു. പിന്നാലെ ജയിൽ അധികൃതർക്ക് ലഭിച്ചത് ഉത്തരവ് കോടതിയുടേതല്ലെന്ന് മറുപടിയും ലഭിച്ചു.
നിലവിലെ നിയമ നടപടികൾ പ്രകാരം സുപ്രീംകോടതി ഉത്തരവുകൾ ഒരിക്കലും പോസ്റ്റൽ വഴി അറിയിക്കാറില്ല. ഔദ്യോഗിക സംവിധാനങ്ങളിലൂടെയാണ് കോടതി ഉത്തരവുകളുടെ ആശയവിനിമയം നടത്തുക. ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഗുരുതരമായ പിഴവുണ്ടായി എന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യവും അന്വേഷിക്കുന്നുണ്ട്. അതേസമയം പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങളും ശക്തമാക്കി.
Content Highlights: Police in Karnataka have registered a case against an accused who was allegedly released from jail eight years ago using a forged Supreme Court order