ന്യൂഹല്‍ഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിങ്കി ഭൂയാന്‍ ശര്‍മ്മയ്ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതിയെ സമീപിച്ച് കോണ്‍ഗ്രസ് നേതാവ് പവന് ഖേര. മുന്‍കൂര്‍ ജാമ്യം തേടിയാണ് പവന് ഖേര സുപ്രീംകോടതിയെ സമീപിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഗുവാഹത്തി ഹൈക്കോടതി ഉത്തരവിനെതിരെ പവന് ഖേര അപ്പീല്‍ നല്കി.
വാര്‍ത്താസമ്മേളനത്തിലായിരുന്നു ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യക്കെതിരെ ആരോപണവുമായി പവന് ഖേര രംഗത്തെത്തിയത്. അസം മുഖ്യമന്ത്രിയുടെ പദവി ദുരുപയോഗം ചെയ്ത് ഭാര്യയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് വഴിവിട്ട സഹായം ചെയ്തു നല്‍കിയെന്നായിരുന്നു പവന് ഖേരയുടെ ആരോപണം. സര്‍ക്കാര്‍ ഭൂമി കൈക്കലാക്കാന്‍ വ്യാജരേഖകള്‍ ചമച്ചുവെന്നും ഇതില്‍ മുഖ്യമന്ത്രിയുടെ കുടുംബത്തിന് നേരിട്ട് പങ്കുണ്ടെന്നും പവന് ഖേര ആരോപിച്ചിരുന്നു. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി മാറ്റിവെച്ച ഭൂമി വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു. ഇതിനായി സബ്സിഡി ഇനത്തില്‍ വലി തുക കൈപ്പറ്റിയെന്നും പവന് ഖേര പറഞ്ഞിരുന്നു.
പവന് ഖേരയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ റിങ്കി ഭൂയാന്‍ ശര്‍മ്മ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതിന് പിന്നാലെ കേസ് രജിസ്റ്റര്‍ ചെയ്തു. കേസിന്റെ ഭാഗമായി അസം പൊലീസ് ഡല്‍ഹിയിലെ പവന് ഖേരയുടെ വസതിയില്‍ മണിക്കൂറുകളോളം പരിശോധന നടത്തിയിരുന്നു. അറസ്റ്റുണ്ടാകുമെന്നായതോടെയാണ് പവന് ഖേര മുന്‍കൂര്‍ ജാമ്യം തേടി ഗുവാഹത്തി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. പൊലീസ് അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലാണെന്നും ജാമ്യം നല്കാന് കഴിയില്ലെന്നുമായിരുന്നു ഹൈക്കോടതി പറഞ്ഞത്. ഇതോടെയാണ് പവന് ഖേര സുപ്രീംകോടതിയെ സമീപിച്ചത്.
Content Highlights- Pawan Khera moved the Supreme Court seeking anticipatory bail in a case linked to allegations involving the wife of the Assam Chief Minister