ചെന്നൈ: നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്ക് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിജയ് സമർപ്പിച്ച സ്വത്ത് കണക്കിലെ പൊരുത്തക്കേട് ചൂണ്ടികാണിച്ച് നൽകിയ ഹർജിയിലാണ് നടപടി. നൂറ് കോടി രൂപയുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെന്നാണ് ആരോപണം. തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിന് രണ്ട് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് കോടതി നടപടി.
ചെന്നൈ നിവാസിയായ വി വിഘ്നേഷ് സമർപ്പിച്ച ഹർജിയിലാണ് കോടതി നോട്ടീസ് അയച്ചത്. ഹർജിയിൽ പറയുന്നത് അനുസരിച്ച് പെരമ്പൂർ മണ്ഡലത്തിലേക്കുള്ള വിജയ്യുടെ സത്യവാങ്മൂലത്തിൽ ഏകദേശം 115.13 കോടിയുടെ ആസ്തി വെളിപ്പെടുത്തിയിരുന്നു. അതേസമയം ട്രിച്ചി (ഈസ്റ്റ്) സീറ്റിലേക്കുള്ള സത്യവാങ്മൂലത്തിൽ ഏകദേശം 220.15 കോടിയുടെ സ്വത്തുക്കളുണ്ടെന്നാണ് വെളിപ്പെടുത്തിയത്. രണ്ട് മണ്ഡലങ്ങളിലുമായി സമർപ്പിച്ച സ്വത്ത് വിവരങ്ങളിൽ ഏകദേശം നൂറുകോടിയുടെ വ്യത്യാസമാണ് കാണിക്കുന്നത്.
രണ്ട് വ്യത്യസ്ത മണ്ഡലങ്ങൾക്കായി സമർപ്പിച്ച ആസ്തി വെളിപ്പെടുത്തലുകൾക്കിടയിൽ ഏകദേശം 100 കോടി രൂപയുടെ പൊരുത്തക്കേടുണ്ടെന്ന് ചീഫ് ജസ്റ്റിസ് എസ് എ ധർമ്മാധികാരിയും ജസ്റ്റിസ് ജി അരുൾ മുരുഗനും അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. പെരുത്തക്കേടുകൾ കണക്കിലെടുത്ത് ആസ്തി വിവിരത്തിൽ വ്യക്തത ആശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി വിജയ്ക്കും ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനും ആദായ നികുതി വകുപ്പിനും നോട്ടീസ് അയച്ചിട്ടുണ്ട്. ഏപ്രിൽ 23ന് നടക്കുന്ന തെരഞ്ഞടുപ്പിന് മുൻപ് തന്നെ ശരിയായ സ്വത്ത് വിവരങ്ങൾ പരസ്യമാക്കണമെന്ന് ഇരു നിയോജകമണ്ഡലങ്ങളിലെയും റിട്ടേണിംഗ് ഓഫീസർമാരോട് ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: Madras High Court issues notice to TVK president Vijay