'അനുമതിയില്ലാതെ ഹോർമൂസ് കടക്കരുത്'; പശ്ചിമേഷ്യയിൽ തുടരുന്ന കപ്പലുകൾക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ നാവികസേന

ഹോർമൂസ് കടലിടുക്ക് കടക്കാൻ കാത്തിരിക്കുന്ന കപ്പലുകളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നുണ്ടെന്നും ഇന്ത്യൻ നാവികസേന അറിയിച്ചു

ന്യൂ ഡൽഹി: ഹോർമൂസ് കടലിടുക്കിൽ ഇന്ത്യൻ എണ്ണക്കപ്പലുകൾക്ക് നേരെയുള്ള ഇറാൻ്റെ ആക്രമണത്തിന് ശേഷം സുരക്ഷാ മുന്നോരുക്കങ്ങൾ കടുപ്പിച്ച് ഇന്ത്യൻ നാവികസേന. പേർഷ്യൻ ​ഗൾഫിൽ തുടരുന്ന ഇന്ത്യൻ കപ്പലുകൾക്ക് നാവികസേന പ്രത്യേക സുരക്ഷാ നിർദേശങ്ങൾ നൽകി. സുരക്ഷയുടെ ഭാ​ഗമായി ലാറാക് ദ്വീപിൽ നിന്ന് മാറി നിൽക്കാനും മാർ​ഗ നിർദേശങ്ങൾ ലഭിച്ചതിന് ശേഷം മാത്രം യാത്ര തുടരാനുമാണ് ഇന്ത്യൻ നാവികസേന മുന്നറിയിപ്പ് നൽകിയത്. ഹോർമൂസ് കടലിടുക്ക് കടക്കാൻ കാത്തിരിക്കുന്ന എല്ലാ കപ്പലുകളുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകുന്നുണ്ടെന്നും ഇന്ത്യൻ നാവികസേന അറിച്ചു.

പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ 11 ഇന്ത്യൻ കപ്പലുകളാണ് ഹോർമൂസ് കടലിടുക്ക് കടന്നത്. അമേരിക്കയുമായുള്ള ചർച്ച പരാജയപ്പെട്ടത്തിന് പിന്നാലെ ഇറാൻ വീണ്ടും ഹോർമൂസിൽ ഉപരോധം ശക്തമാക്കിയിരുന്നു. ഇതിൻ്റെ ഭാ​ഗമായി ഇന്ത്യൻ കപ്പലുകൾക്ക് നേരെയും ഇറാൻ ആക്രമണം നടത്തിയിരുന്നു. ഒമാന്‍ തീരത്ത് നിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള ഇന്ത്യൻ കപ്പലുകൾക്ക് നേരെയാണ് ഇറാൻ ആക്രമണം നടത്തിയത്. 20 ലക്ഷം ബാരല്‍ എണ്ണയുമായി ഹോര്‍മൂസ് കടക്കുകയായിരുന്ന ജാഗ് അര്‍ണവ് എന്ന കപ്പലിന് നേരെയാണ് ഒമാന്റെ വടക്കന്‍ തീരത്തുവെച്ച് ഇറാന്‍ സൈന്യം വെടിയുതിര്‍ത്തത്. ആക്രമണത്തെ തുടര്‍ന്ന് കപ്പല്‍ തിരിച്ച് വിട്ടിരുന്നു. ഹോർമൂസിൽ നിന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ തിരിച്ചുവിട്ടെന്ന റിപ്പോർട്ടുകളും ഇതിനിടെ വന്നിരുന്നു.

അതേസമയം പശ്ചിമേഷ്യൻ സംഘർഷത്തിൽ വീണ്ടും സമാധാനവും സുസ്ഥിരതയും ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ദക്ഷിണ കൊറിയൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള അഭിസംബോധനയ്ക്കിടെയാണ് മോദിയുടെ സമാധാന ആഹ്വാനം. ഇന്ത്യയും കൊറിയയും സമാധാനം ആഗ്രഹിക്കുന്നുവെന്നാണ് മോദി പറഞ്ഞത്. ഇന്തോ-പസഫിക് മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്നും അദേഹം കൂട്ടിച്ചേർത്തു.

Content Highlights: Indian Navy tightens security precautions after Iran attacks Indian oil tankers in Strait of Hormuz

To advertise here,contact us