മണ്ഡല പുനര്‍നിര്‍ണയം ഉപയോഗിച്ച് അധികാരം പിടിച്ചെടുക്കാനുള്ള ശ്രമമാണ് വനിതാ സംഭരണ ബിൽ ഭേദഗതിയെന്ന് രാഹുൽ ഗാന്ധി

ജാതി സെന്‍സസ് നടപ്പിലാക്കാതെ പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ കവരുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: വനിതാ സംവരണത്തെ കോണ്‍ഗ്രസ് പൂര്‍ണമായും പിന്തുണയ്ക്കുന്നെന്നും മണ്ഡല പുനര്‍നിര്‍ണയം ഉപയോഗിച്ച് അധികാരം പിടിച്ചെടുക്കാനുള്ള ശ്രമമാണ് ഭേദഗതിയെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. 2023ല്‍ പാസാക്കിയ വനിത സംവരണ ബില്‍ ഭരണഘടനയുടെ ഭാഗമാണ്. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ക്ക് വനിതാ സംവരണവുമായി യാതൊരു ബന്ധവുമില്ലെന്നും രാഹുല്‍ പറഞ്ഞു. ജാതി സെന്‍സസ് നടപ്പിലാക്കാതെ പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ കവരുന്നത് അനുവദിക്കാന്‍ കഴിയില്ല. അതേപോലെ തെക്കന്‍, വടക്കുകിഴക്കന്‍, വടക്കുപടിഞ്ഞാറന്‍, ചെറിയ സംസ്ഥാനങ്ങളോട് അനീതി കാട്ടാനും സമ്മതിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റിലെ പ്രത്യേക സെഷന്‍ ആരംഭിക്കുന്നതിന് മുമ്പ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേയുടെ വസതിയില്‍ മുതിര്‍ന്ന പ്രതിപക്ഷ നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. വനിതാ സംവരണം മണ്ഡല പുനര്‍നിര്‍ണയുമായി ബന്ധിപ്പിക്കുന്നതിന്റെ എതിര്‍പ്പാണ് നിരവധി നേതാക്കള്‍ ഉയര്‍ത്തിയത്. കോണ്‍ഗ്രസ്, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, എസ്പി, ആര്‍ജെഡി, സിപിഐ, സിപിഐഎം നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

ഏപ്രില്‍ 16 മുതല്‍ 18വരെയാണ് പാര്‍ലമെന്റിന്റെ പ്രത്യേക സെഷന്‍ നടക്കുക. 2029ല്‍ വനിതാ സംവരണ ബില്‍നടപ്പാക്കണമെന്ന ഭേദഗതി കൊണ്ടുവരാനാണ് കേന്ദ്ര തീരുമാനം. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടക്കാനിരിക്കുന്ന പ്രത്യേക സെഷനില്‍ സര്‍ക്കാര്‍ കൊണ്ടുവരാനിരിക്കുന്ന ബില്ലുകളില്‍ മണ്ഡല പുനര്‍നിര്‍ണമാണ് വിവാദ വിഷയമെന്നും അല്ലാതെ വനിതാ സംവരണമല്ലെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധി വ്യക്തമാക്കിയിരുന്നു.

മണ്ഡല പുനര്‍നിര്‍ണയ നിര്‍ദേശം വളരെ അപകടകരവും ഭരണഘടനയ്ക്ക് മേലുള്ള കയ്യേറ്റമാണെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി. ലോക്സഭയിലെ അംഗബലം വര്‍ധിപ്പിക്കുന്നത് കണക്കുകളിലൂടെയല്ല രാഷ്ട്രീയമായിട്ടായിരിക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെടുന്നുണ്ട്. ദ ഹിന്ദു ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് സോണിയ ഗാന്ധി ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.

Content Highlights: Rahul Gandhi alleged that amendments linked to the Women’s Reservation Bill could be used to influence political power through delimitation

To advertise here,contact us