തൊഴിലാളികളെ മര്യാദ പഠിപ്പിക്കണം, അക്രമത്തിലേർപ്പെട്ടാൽ നടപടി; നോയിഡ സംഘർഷത്തിന് പിന്നാലെ ഏജൻസികൾക്ക് 'പണി'

കഴിഞ്ഞ ദിവസം വിവിധ ഏജൻസികളുമായി നടന്ന യോഗത്തിന് ശേഷമാണ് ജില്ലാ മജിസ്‌ട്രേറ്റ് ഇത്തരത്തിൽ മുന്നറിയിപ്പ് നൽകിയത്

ലക്‌നൗ: നോയിഡ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ തൊഴിലാളികളെ എത്തിച്ചുനൽകുന്ന ഏജൻസികൾക്കും കോൺട്രാക്ടർമാർക്കും മുന്നറിയിപ്പുമായി നോയിഡ ജില്ലാ മജിസ്‌ട്രേറ്റ്. തൊഴിലാളികൾ അക്രമസംഭവങ്ങളിൽ ഏർപ്പെട്ടാൽ ഏജൻസികൾക്കും ഉത്തരവാദിത്തമുണ്ടാകുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. ഇത്തരം ഏജൻസികളെ കരിമ്പട്ടികയിൽ പെടുത്തുമെന്നും അവരുടെ ലൈസൻസ് റദ്ദാക്കുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് മേധാ രൂപം അറിയിച്ചു.

കഴിഞ്ഞ ദിവസം വിവിധ ഏജൻസികളുമായി നടന്ന യോഗത്തിന് ശേഷമാണ് ജില്ലാ മജിസ്‌ട്രേറ്റ് ഇത്തരത്തിൽ മുന്നറിയിപ്പ് നൽകിയത്. യോഗത്തിൽ കോൺട്രാക്ടർമാരോട് തൊഴിലാളികൾക്ക് മാന്യമായ വേതനം നൽകണമെന്ന് മേധാ രൂപം ആവശ്യപ്പെട്ടു. മാന്യമായി പെരുമാറാൻ തൊഴിലാളികളെ പരിശീലിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. നല്ല രീതിയിൽ കാര്യങ്ങൾ പോകണം. വ്യവസായശാലകൾ നല്ല രീതിയിൽ പ്രവർത്തിച്ചാൽ കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാകും. അല്ലെങ്കിൽ സംസ്ഥാനത്തിന്റെ വളർച്ച തന്നെ പ്രശ്നത്തിലാകുമെന്നും മേധാ രൂപം അറിയിച്ചു.

ശമ്പള വർദ്ധന ആവശ്യപ്പെട്ടുള്ള നോയിഡയിലെ വ്യാവസായിക മേഖലയിലെ ജീവനക്കാരുടെ പ്രതിഷേധം വലിയ സംഘർഷത്തിലാണ് കലാശിച്ചത്. ഓവര്‍ ടൈം വേതനം, ബോണസ്, ആഴ്ചതോറുമുള്ള അവധി, ജോലിസ്ഥലത്തുള്ള സുരക്ഷ എന്നീ വിഷയങ്ങളിൽ തൊഴില്‍ ഉദ്യോഗസ്ഥരും സംസ്ഥാന ഭരണകൂടവും തമ്മിലുള്ള ചർച്ചകൾ നടക്കുന്നതിനിടയിലാണ് സംഘര്‍ഷം ഉണ്ടായത്. പ്രതിഷേധക്കാർ നിരവധി വാഹനങ്ങൾ കത്തിക്കുകയും മറ്റും ചെയ്തിരുന്നു.പൊലീസ് സ്ഥലത്തെത്തി ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കണ്ണീർ വാതകം പ്രയോഗിച്ചിരുന്നു.

പ്രതിഷേധം കനത്തതിന് പിന്നാലെ ഉത്തർപ്രദേശ് സർക്കാർ ഉന്നതാധികാര സമിതിയെ നിയോഗിച്ചിരുന്നു. തുടർന്ന് നടന്ന ചർച്ചകൾക്ക് പിന്നാലെ തൊഴിലാളികളുടെ വേതനം ഉയർത്തി തീരുമാനമായിരുന്നു. ഗൗതം ബുദ്ധ നഗറിലെയും ഗാസിയാബാദിലെയും അവിദഗ്ധ തൊഴിലാളികൾക്കുള്ള ഇടക്കാല വേതനം പ്രതിമാസം 11,313 രൂപയിൽ നിന്ന് 13,690 രൂപയായി വർദ്ധിപ്പിച്ചു. സെമി സ്‌കിൽഡ് തൊഴിലാളികളുടെ വേതനം 12,445 രൂപയിൽ നിന്ന് 15,059 രൂപയും, വിദഗ്ധരായ തൊഴിലാളികളുടെ വേതനം 13,940 രൂപയിൽ നിന്ന് 16,868 രൂപയായും ഉയർത്തിയിരുന്നു.

Content Highlights: Noida District Magistrate warns labour supply agencies and contractors after clashes, stressing strict compliance with rules to prevent further unrest.

To advertise here,contact us