കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്. പാര്‍ത്ഥ ചാറ്റര്‍ജിയുടെ വീട്ടിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത്. അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ടാണ് ഇ ഡി നടപടി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെതിരായ ഇ ഡി നീക്കം.
ടിഎംസി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ കേസാണ് അധ്യാപക നിയമന അഴിമതി. നേരത്തെ നിരവധി ടിഎംസി നേതാക്കള്‍ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. പാര്‍ത്ഥ ചാറ്റര്‍ജിയും കേസിലെ പ്രതിയാണ്. കളളപ്പണം വെളുപ്പിക്കല്‍ അടക്കമുളള കാര്യങ്ങളാണ് ഇ ഡി അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് പാര്‍ത്ഥ ചാറ്റര്‍ജിയുടെ വീട്ടിലെ റെയ്ഡ്. ഇ ഡി നടപടി രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് ടിഎംസിയുടെ ആരോപണം.
നേരത്തെ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നേരത്തെ മൂന്ന് തവണ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അതിന് മറുപടി നല്‍കാനോ ഹാജരാകാനോ പാര്‍ത്ഥ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് റെയ്ഡ് നടത്തിയത് എന്നാണ് ഇഡിയുടെ വാദം. എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ വേട്ടയാടുകയാണെന്നും ഇത് പശ്ചിമബംഗാളിനെതിരായ ആക്രമണമാണ് എന്നുമാണ് ടിഎംസി നേതാക്കളുടെ ആരോപണം.
Content Highlights:Teacher recruitment scam; ED raids TMC leader Partha Chatterjee's residence