അസമിൽ പോളിങ് 80 ശതമാനം പിന്നിട്ടു, പുതുച്ചേരിയിലും കനത്ത പോളിങ്

മെയ് നാലിനാണ് അസമിലും പുതുച്ചേരിയലും കേരളത്തിലും തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക

ഗുവാഹത്തി: കേരളത്തിന് പുറമെ അസം, പുതുച്ചേരി എന്നിവടങ്ങളിലാണ് ഇന്ന് വോട്ടിങ് നടന്നത്. ആദ്യ മണിക്കൂറിൽ തന്നെ ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് അസമിലാണ്. ആയിരത്തോളം ബൂത്തുകളിലായി ഇന്ന് 5.3കോടി ജനങ്ങളാണ് മൂന്നിടങ്ങളിലായി പോളിങ് ബൂത്തിലെത്തുന്നത്. വൈകിട്ട് അഞ്ച് മണി കഴിയുമ്പോള്‍ 84.4ശതമാനം പോളിങ്ങാണ് അസമിൽ രേഖപ്പെടുത്തിയത്. അതേസമയം പുതുച്ചേരിയിൽ ഇത് 86.92 ശതമാനമാണ്.

അസമിൽ ബിജെപി നയിക്കുന്ന എൻഡിഎയെയും കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷവുമായി നേരിട്ടുള്ള ഏറ്റുമുട്ടലാണ് നടക്കുന്നത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ മൂന്നാം തവണയും തുടർഭരണത്തിനായാണ് മത്സരിക്കുന്നത്. അതേസമയം ഗൗരവ് ഗൊഗോയി നയിക്കുന്ന പ്രതിപക്ഷം ഒരു പതിറ്റാണ്ടിന് ശേഷം ഭരണം തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷയിലാണ്. അതേസമയം പ്രാദേശിക പാർട്ടികളായ എഐയുഡിഎഫ്, റായിജർ ദൾ, ആസാം ജതിയ പരിഷത്ത് എന്നിവ അതാത് മണ്ഡലങ്ങളിൽ നിർണായക സ്വാധീനം ചെലുത്തുന്ന ശക്തികളാണ്.

2.5 കോടി വോട്ടർമാരാണ് അസമിലുള്ളത്, ഇതിൽ 1.25കോടി സ്ത്രീകൾ, കന്നിവോട്ടർമാർ, മുതിർന്നപൗരന്മാർ, അംഗപരിമിതർ എന്നിവർ ഉൾപ്പെടും. 31, 490 പോളിങ് സ്റ്റേഷനുകളാണ് സംസ്ഥാനത്ത് സജ്ജീകരിച്ചിരിക്കുന്നത്. 722 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 126 സീറ്റുകളിലേക്കാണ് പോളിങ് നടക്കുന്നത്.

അതേസമയം പുതുച്ചേരിയിൽ എൻഡിഎ, കോൺഗ്രസ് - ഡിഎംകെ സഖ്യം, നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം എന്നിവയും തമ്മിലാണ് പോരാട്ടം. 294 സ്ഥാനാർത്ഥികളാണ് മത്സരംഗത്തുള്ളത്. 1099 പോളിങ് ബൂത്തുകളാണ് പുതുച്ചേരി, കരൈയ്ക്കൽ, മാഹീ, യാനം എന്നിവിടങ്ങളിൽ സജ്ജീകരിച്ചിരിക്കുന്നത്. 9.5ലക്ഷം വോട്ടർമാരാണ് പോളിങ് ബൂത്തിലെത്തുന്നത്. 30നിയമസഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

മുതിർന്ന പൗരന്മാർക്കും അംഗപരിമിതർക്കുമായി പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വോട്ടിങ് പ്രക്രിയ സുഖമമാക്കുന്നതിന്റെ ഭാഗമായി കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഉള്ളത്. ഇതിനായി ഡ്രോൺ നിരീക്ഷണവും ഉൾപ്പെടുത്തിയിട്ടുണ്ട്. മെയ് നാലിനാണ് അസമിലും പുതുച്ചേരിയലും കേരളത്തിലും ഇനി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക.

Content Highlights:Voter turnout reaches 84.4% in Assam and 72.4% in Puducherry till 5 PM

To advertise here,contact us