ഖർഗെ ഭ്രാന്തനെ പോലെ സംസാരിക്കുന്നുവെന്ന് ഹിമന്ത ബിശ്വ ശർമ; SC-ST വിഭാഗങ്ങൾക്കെതിരായ പരാമർശമെന്ന് രാഹുൽ ഗാന്ധി

എപ്പോഴൊക്കെ ദളിത് നേതാവ് സത്യം പറഞ്ഞ് മുന്നില്‍ വരുന്നോ, അവരെയെല്ലാം ബിജെപിയും ആര്‍എസ്എസും അപമാനിക്കുന്നത് ചരിത്രത്തിലുണ്ടെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭാ എംപിയുമായ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്‌ക്കെതിരായ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ അധിക്ഷേപത്തിനെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. യോജിക്കാനാകാത്തതും നാണക്കേടുണ്ടാക്കുന്നതുമായ പരാമര്‍ശമാണ് ഹിമന്ത ബിശ്വ ശര്‍മയുടേതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തെ മുതിര്‍ന്നതും പ്രമുഖനുമായ ദളിത് നേതാവ് കൂടിയാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

'ഹിമന്ത ബിശ്വ ശര്‍മ ഒരാളെ മാത്രമല്ല അപമാനിച്ചത്. ഈ രാജ്യത്തെ എസ്‌സി- എസ്ടി മനുഷ്യരെയാണ് അപമാനിച്ചത്. എന്നാല്‍ ഇത് പുതിയ സംഭവമല്ല. ബിജെപിയുടെയും ആര്‍എസ്എസിന്റെയും പഴകിയതും നന്നായി ആസൂത്രണം ചെയ്തതുമായ ഒരു മനോനിലയാണിത്. എപ്പോഴൊക്കെ ദളിത് നേതാവ് സത്യം പറഞ്ഞ് മുന്നില്‍ വരുന്നോ, അവരെയെല്ലാം ബിജെപിയും ആര്‍എസ്എസും അപമാനിക്കുന്നത് ചരിത്രത്തിലുണ്ട്', രാഹുല്‍ ഗാന്ധി പറഞ്ഞു.

അംബേദ്ക്കറെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പ്രതികരണം. ഇതാണ് അവരുടെ പ്രത്യയശാസ്ത്രവും സ്വഭാവവുമെന്ന് രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. 'ഹിമന്ത ശര്‍മയുടെ ഈ ഭാഷയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്തുണക്കുന്നുണ്ടോ? നിങ്ങളുടെ മൗനം അതിന് പിന്തുണ നല്‍കുകയാണ്. ഈ രാജ്യത്തെ ആയിരക്കണക്കിന് വരുന്ന ദളിതര്‍ക്കെതിരായ ഈ ആക്രമണത്തിന് എതിരെ പ്രധാനമന്ത്രി വാ തുറന്നില്ലെങ്കില്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഓടിപ്പോവുക മാത്രമല്ല, ഈ പരാമര്‍ശത്തിന്റെ ഭാഗം കൂടിയാവുകയാണ്', രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ഖര്‍ഗെയ്ക്ക് പ്രായമായെന്നും അതുകൊണ്ട് തന്നെ അദ്ദേഹം ഭ്രാന്തനെപോലെയാണ് സംസാരിക്കുന്നതെന്നും ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞിരുന്നു. ഹിമന്ത ബിശ്വ ശര്‍മയുടെ ഭാര്യ റിനികി ഭുയാന്‍ ശര്‍മ മൂന്ന് പാസ്‌പോര്‍ട്ടുകളും വെളിപ്പെടുത്താത്ത ആഡംബര സ്വത്തുക്കളും കൈവശം വെച്ചിട്ടുണ്ടെന്ന ആരോപണം കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഹിമന്ത ബിശ്വ ശര്‍മ ഖര്‍ഗെയ്‌ക്കെതിരായ പരാമര്‍ശം നടത്തിയത്.

Content Highlights: Rahul Gandhi against Himanta Biswa Sarma on statement against Mallikarjun Kharge

To advertise here,contact us