പശ്ചിമ ബംഗാളിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനത്തിൽ പുക; ലഖ്‌നൗവിൽ അടിയന്തര ലാൻഡിങ്

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ നിന്നാണ് പുക ഉയർന്നത്

ലഖ്‌നൗ: പശ്ചിമ ബംഗാളിലെ ബാഗ്‌ഡോഗ്രയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം (IX1523) ലഖ്‌നൗ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. വിമാനത്തില്‍ നിന്ന് പുക ഉയര്‍ന്നതിനെത്തുടര്‍ന്നാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. എയര്‍ബസ് എ 320 വിമാനത്തില്‍ നിന്നാണ് പുക ഉയര്‍ന്നത്.

വിമാനത്തിലെ ഏവിയേഷൻ ഇലക്ട്രോണിക്സ് ബേയിൽ പുക കണ്ടെത്തിയതിനെത്തുടർന്ന് പൈലറ്റ് 'മെയ്ഡേ' (Mayday) സന്ദേശം അയയ്ക്കുകയായിരുന്നു. ലഖ്നൗവിലെ എയർ ട്രാഫിക് കൺട്രോളിന് ഇത് സംബന്ധിച്ച വിവരം നൽകുകയും വൈകുന്നേരം 5:18-ഓടെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയുമായിരുന്നു. യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള അടിയന്തര ഘട്ടങ്ങളിൽ നൽകുന്ന മുന്നറിയിപ്പ് സന്ദേശമാണ് മെയ്ഡേ.

ആറ് ജീവനക്കാരടക്കം ആകെ 148 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ലാൻഡിങിന് ശേഷം യാത്രക്കാരെല്ലാവരെയും സുരക്ഷിതമായി വിമാനത്തിൽനിന്ന് പുറത്തെത്തിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്നും പുക ഉയർന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് മുൻകരുതൽ എന്ന നിലയിലാണ് വിമാനം ലഖ്നൗവിലേക്ക് വഴിതിരിച്ചുവിട്ടതെന്നും എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് അറിയിച്ചു. ലഖ്നൗവിൽ എത്തിയ യാത്രക്കാർക്ക് ആവശ്യമായ ലഘുഭക്ഷണങ്ങൾ നൽകുകയും പിന്നീട് ഇവർക്ക് മറ്റൊരു വിമാനത്തിൽ ഡൽഹിയിലേക്ക് യാത്രാ സൗകര്യമൊരുക്കുകയും ചെയ്തുവെന്നും വക്താവ് പറഞ്ഞു.

Content Highlight : Smoke was reported on a Delhi-bound flight from West Bengal, prompting an emergency landing in Lucknow.

To advertise here,contact us