ഡിഎംകെ സഖ്യം വിട്ട് ടി വേല്‍മുരുകന്‍ നയിക്കുന്ന 'ടിവികെ'; വോട്ടുവിഭജനം എന്‍ഡിഎയ്ക്ക് ഗുണകരമാകുമോ?

വടക്കന്‍ തമിഴ്‌നാട്ടിലെ വന്നിയാര്‍ വിഭാഗങ്ങള്‍ക്കിടയില്‍ ആഴത്തില്‍ വേരുള്ള നേതാവാണ് ടി വേല്‍മുരുകന്‍

ചെന്നൈ: ടി വേല്‍മുരുകന്‍ നയിക്കുന്ന തമിഴക വാഴ്‌വുറിമൈ കക്ഷി(ടിവികെ) ഡിഎംകെ സഖ്യം ഉപേക്ഷിച്ചു.നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഡിഎംകെയില്‍ നിന്നും ടിവികെയുടെ കൊഴിഞ്ഞുപോക്ക്. വടക്കന്‍ തമിഴ്‌നാട്ടിലെ വന്നിയാര്‍ വിഭാഗങ്ങള്‍ക്കിടയില്‍ ആഴത്തില്‍ വേരുള്ള നേതാവാണ് ടി വേല്‍മുരുകന്‍. അദ്ദേഹത്തിന്റെ പാര്‍ട്ടി ഡിഎംകെ സഖ്യം ഉപേക്ഷിക്കുന്നത് വോട്ട് വിഭജനത്തിന് കാരണമാകും. ഈ സാഹചര്യം എന്‍ഡിഎ സഖ്യത്തിന് അനുകൂലമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പ്രവചിക്കുന്നത്.

അതേസമയം വിഭാഗീയത ഉണ്ടാക്കുന്ന എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമാകില്ല തന്റെ പാര്‍ട്ടിയെന്നാണ് ടി വേല്‍മുരുകന്‍ അറിയിച്ചിരിക്കുന്നത്. ടിവികെയുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന മറ്റ് ചെറിയ പാര്‍ട്ടികളുമായും തമിഴ് ദേശീയവാദം ഉന്നയിക്കുന്ന സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. തമിഴ് ജനതയ്ക്ക് ആവശ്യമായ, അവരുടെ ക്ഷേമത്തെ ലക്ഷ്യമിട്ട് ടിവികെ ഉന്നയിച്ച പല ആവശ്യങ്ങളും ഭരണപക്ഷമായ ഡിഎംകെ സര്‍ക്കാര്‍ നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് സഖ്യം വിട്ടതെന്നാണ് വേല്‍മുരുകന്റെ വിശദീകരണം.

പത്ത് ആവശ്യങ്ങള്‍ അടങ്ങിയ ഒരു പട്ടിക ഡിഎംകെ നേതൃത്വത്തിന് നല്‍കിയിരുന്നു. അതില്‍ വന്നിയാര്‍ വിഭാഗത്തിന് 10.5ശതമാനം സംവരണം, ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ അന്താരാഷ്ട്ര കോടതിയുടെ അന്വേഷണം ആവശ്യപ്പെട്ട് പ്രമേയം പാസാക്കണം ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ് ഉണ്ടായിരുന്നതെന്ന് ടിവികെ മേധാവി പറയുന്നു. ജനപ്രതിനിധികളെക്കാള്‍ ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് ഭരണം നടത്തുന്നതെന്നും ഇവരില്‍ ചിലര്‍ തനിക്കെതിരെ പല ആരോപണങ്ങളും ഉന്നയിച്ച് സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചെന്നും ടിവികെ നേതാവ് പറഞ്ഞു.

അതേസമയം വേല്‍മുരുകന്റെ ആരോപണങ്ങളെ ഡിഎംകെ ജനറല്‍ സെക്രട്ടറി ദുരൈമുരുകന്‍ തള്ളിക്കളഞ്ഞു. സര്‍ക്കാരിനെ വിമര്‍ശിച്ച് സഖ്യകക്ഷിയായ പാര്‍ട്ടികള്‍ ഇറങ്ങിപോകുന്നത് സാധാരണയായ കാര്യമാണെന്നാണ് ദുരൈമുരുകന്‍ പ്രതികരിച്ചത്. തമിഴരുടെ പ്രശ്‌നങ്ങള്‍ക്കായി നിരന്തരം സംസാരിക്കുന്ന വേല്‍മുരുകന്‍ 2021ല്‍ ഡിഎംകെയുടെ ഉദയസൂര്യന്‍ ചിഹ്നത്തിലാണ് പന്റൂട്ടി മണ്ഡലത്തില്‍ നിന്നും മത്സരിച്ച് വിജയിച്ചത്.

Content Highlights: T. Velmurugan’s TVK quits DMK alliance citing multiple allegations

To advertise here,contact us