ഭർത്താവിന് മയക്കുമരുന്ന് വില്‍പന, അത്ര മിടുക്കനാവേണ്ടെന്ന് തീരുമാനിച്ച് ഭാര്യ; പൊലീസിന് വിവരം നല്‍കി,അറസ്റ്റ്

വീഡിയോ അടക്കമാണ് യുവതി പൊലീസിൽ പരാതി നൽകിയത്

ഇൻഡോർ: മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ. ദില്ലി മൽഹാർഗഞ്ച് സ്വദേശിയായ യുവതിയാണ് ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകിയത്.

ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് സന്തോഷ് സിങിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് ഇടയിൽ കഞ്ചാവടക്കമുള്ള ലഹരിമരുന്ന് വിൽപ്പന നടത്തുന്നയാളാണ് സന്തോഷെന്ന് പൊലീസ് പറഞ്ഞു. വീടിനുള്ളിൽ കഞ്ചാവ് സൂക്ഷിക്കുന്നതിന്‍റെയും, ത്രാസ്, പായ്ക്കിംഗ് മെറ്റീരിയൽ എന്നിവയുടെ വീഡിയോ അടക്കമാണ് യുവതി പൊലീസിൽ പരാതി നൽകിയത്.

ബുദ്ധ കിരൺ മഹാലക്ഷ്മി നഗറിൽ സന്തോഷ് സിങ് ഒരു പാൻ ഷോപ്പ് നടത്തിയിരുന്നു. ഈ കടയുടെ മറവിൽ ബുദ്ധ കിരൺ കോളേജിലെയും സമീപ ഹോസ്റ്റലുകളിലെയും വിദ്യാർത്ഥികൾക്കടക്കം ക‌‌ഞ്ചാവും, മദ്യവും മയക്കുമരുന്നുമടക്കം സന്തോഷ് വിൽപ്പന നടത്തിയിരുന്നുവെന്നാണ് ഭാര്യ നൽകിയ പരാതിയിൽ പറയുന്നത്.

വീഡിയോ അടക്കമുള്ള പരാതി കിട്ടിയതോടെ കമ്മീഷ്ണർ അടിയന്തര നടപടി സ്വീകരിക്കാൻ പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ലസുഡിയ പൊലീസ് പാൻ ഷോപ്പ് റെയ്ഡ് ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു. തുടർന്ന് സന്തോഷ് സിങ്ങിനെ വീട്ടിലെത്തിച്ച് നടത്തിയ പരിശോധനയിൽ കഞ്ചാവും മദ്യവും പിടിച്ചെടുത്തു. സനവാദിനടുത്തുള്ള ധർമ്മേന്ദ്ര എന്ന വ്യക്തിയിൽ നിന്നും ഛോട്ടി ഗ്വാൾട്ടോളി പ്രദേശത്തെ മറ്റൊരു വിതരണക്കാരനിൽ നിന്നും മയക്കുമരുന്ന് വാങ്ങിയതായും ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തി.

തന്റെ ഭർത്താവ് വീട്ടിൽ മയക്കുമരുന്ന് പായ്ക്ക് ചെയ്യുന്നുണ്ടെന്നും ഇത് രണ്ട് പെൺമക്കളുടെ വിദ്യാഭ്യാസത്തെയും മാനസികാരോഗ്യത്തെയും ബാധിക്കുന്നുണ്ടെന്നും സന്തോഷിന്‍റെ ഭാര്യ പൊലീസിന് മൊഴി നൽകി. മയക്കുമരുന്ന് വിൽപ്പനയെ എതിർക്കുമ്പോഴെല്ലാം ഭർത്താവും ഭർതൃവീട്ടുകാരും തന്നെ ഭീഷണിപ്പെടുത്തിയതായും അവർ ആരോപിച്ചു. ഫെബ്രുവരി 4 ന് ഭർത്താവ് തന്നെ ക്രൂരമായി ആക്രമിച്ചുവെന്നും ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്നും യുവതി വ്യക്തമാക്കി. ആക്രമണം റിപ്പോർട്ട് ചെയ്തെങ്കിലും പൊലീസ് പരിശോധനയ്‌ക്കെത്തിയില്ലയെന്നും യുവതി ആരോപിച്ചു.

Content Highlight : In a drug case, a wife implicates her husband. The woman, a resident of Malharganj, Delhi, filed a police complaint against her husband.

To advertise here,contact us