മണിപ്പൂരില്‍ പുതിയ സർക്കാർ; യുംനാം ഖേംചന്ദ് സിം​ഗ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഇംഫാലിലെ ലോക്‌ ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്

ഇംഫാല്‍: മണിപ്പൂർ മുഖ്യമന്ത്രിയായി ബിജെപി നിയമസഭാ കക്ഷി നേതാവ് യുംനാം ഖേംചന്ദ് സിം​ഗ് സത്യപ്രതിജ്ഞ ചെയ്തു. നീണ്ട ഒരു വർഷത്തെ രാഷ്ട്രപതി ഭരണത്തിന് ശേഷമാണ് മണിപ്പൂരിന് മുഖ്യമന്ത്രിയെ ലഭിക്കുന്നത്. കുക്കി വിഭാഗത്തിൽനിന്നുള്ള വനിതാ നേതാവും മുൻ മന്ത്രിയുമായ നെംചാ കിപ്ജെൻ ആണ് പുതിയ ഉപമുഖ്യമന്ത്രി. ഓൺലൈനായി ദില്ലിയിൽ നിന്നാണ് കിപ് ജെൻ സത്യപ്രതിജ്ഞ ചെയ്തത്. ഗോവിന്ദദാസ് ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റു. ഇംഫാലിലെ ലോക്‌ ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്.

മണിപ്പൂരിൽ നീണ്ട ഒരു വർഷത്തെ രാഷ്ട്രപതി ഭരണം പിൻവലിച്ചു കൊണ്ട് ഇന്ന് ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ബിജെപി മണിപ്പൂർ എന്ന് എക്സ് അക്കൌണ്ട് പോസ്റ്റിലൂടെയാണ് മണിപ്പൂർ ബിജെപി നേതൃത്വം ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച ഡൽഹിയിൽ ചേർന്ന യോഗത്തിൽ യുംനാം ഖേംചന്ദിനെ ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു.

ആഭ്യന്തര കലാപത്തെ തുടർന്ന് ഏകദേശം ഒരു വർഷ മണിപ്പൂർ രാഷ്ട്രപതി ഭരണത്തിലായിരുന്നു.

മെയ്തേയ് വിഭാഗത്തിൽ നിന്നുള്ള യുംനാം ഖേംചന്ദ് ബിരേൻ സിങ് മന്ത്രിസഭയിലെ വിദ്യാഭ്യാസ- പഞ്ചായത്തീരാജ് വകുപ്പ് മന്ത്രിയായിരുന്നു. 2022 ൽ സിൻഗ്ജാമെയ്‌ മണ്ഡലത്തിൽ നിന്നാണ് യുംനാം തെരഞ്ഞെടുക്കപ്പെട്ടത്. 2017ലും ഇതേ മണ്ഡലത്തിൽ നിന്ന് യുംനാം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മണിപ്പൂർ അസംബ്ലി സ്പീക്കറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ഫെബ്രുവരി ഒൻപതിനാണ് മണിപ്പൂർ മുഖ്യമന്ത്രിയായിരുന്ന ബിരേൻ സിങ് രാജിവച്ചത്. മണിപ്പൂരിൽ കഴിഞ്ഞ മൂന്ന് വർഷമായി തുടരുന്ന സംഘർഷ സാഹചര്യം കണക്കിലെടുത്തായിരുന്നു ബിരേൻ സിങിൻ്റെ രാജി. മേഘാലയ മുഖ്യമന്ത്രിയായ കോൺറാഡ് കെ സാംഗ്മയുടെ എൻപിപി, ബിജെപി സർക്കാരിന് നൽകി വന്ന പിന്തുണ പിൻവലിച്ചിരുന്നു. സംസ്ഥാനത്തെ സംഘർഷാവസ്ഥ കൈകാര്യം ചെയ്യുന്നതിൽ ബിരേൻ സിങ് പൂർണപരാജയമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തീരുമാനം. മണിപ്പൂർ നിയമസഭയിൽ 37 എംഎൽഎമാരാണ് ബിജെപിക്കുള്ളത്. നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെ അഞ്ചും ജെഡിയുവിന്റെ ഒരു എംഎൽഎയും ബിജെപിയെ പിന്തുണയ്ക്കുന്നു. 16 സീറ്റുകളാണ് പ്രതിപക്ഷത്തിനുള്ളത്.

Content Highlight : BJP Legislature Party leader Yumnam Khemchand Singh was sworn in as the Chief Minister of Manipur, ending nearly a year of President’s Rule in the state.

To advertise here,contact us