സഖ്യത്തിൻ്റെ ഭാഗമാകുന്നത് ഗുണം ചെയ്യില്ല; ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തം

ബിജെപിയെ തടയാൻ സമാന ചിന്താഗതിക്കാരായ പാർട്ടികൾ ഒത്തുചേരണമെന്നാണ് ഹൈക്കമാൻഡ് നിലപാട്

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിക്കണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമാകുന്നു. ബിജെപിയെ തടയാൻ സമാന ചിന്താഗതിക്കാരായ പാർട്ടികൾ ഒത്തുചേരണമെന്നാണ് ഹൈക്കമാൻഡ് നിലപാട്. എന്നാൽ ഇതിന് വിരുദ്ധമാണ് സംസ്ഥാനത്തെ കോൺഗ്രസിൽ ഉയരുന്ന ആവശ്യം.

സഖ്യത്തിന്റെ ഭാഗമാകുന്നത് ഗുണം ചെയ്യില്ലെന്നും പാർട്ടിയെ ക്ഷയിപ്പിക്കും എന്നുമാണ് ഒരു വിഭാഗം ആരോപിക്കുന്നത്. ഈ അഭിപ്രായം നേതാക്കൾ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ അടുത്ത ആഴ്ച അന്തിമ തീരുമാനമെടുക്കുമെന്നാണ് വിവരം. അതേസമയം ജനുവരി 29ന് ഡൽഹിയിൽ നിശ്ചയിച്ചയോഗം നേതാക്കളുടെ അസൗകര്യത്തെ തുടർന്ന് മാറ്റിവെച്ചിട്ടുണ്ട്. പുതിയ തീയതി ഉടൻ നിശ്ചയിക്കും.

ഭരണകക്ഷിക്കും ബിജെപിക്കുമെതിരെ കോൺഗ്രസും ഇടതുപക്ഷവും ചേർന്ന് മൂന്നാം ബദൽ രൂപീകരിക്കുമെന്ന് റിപ്പോർട്ടുകളും ഉണ്ടായിരുന്നു. എന്നാൽ ഇതിലും അനിശ്ചിതത്വം തുടരുകയാണ്. മുൻകാലങ്ങളിലെ സഖ്യ പരീക്ഷണങ്ങൾ വലിയ പരാജയമായ പശ്ചാത്തലത്തിൽ ഇത്തവണ സഖ്യം വേണോ ഒറ്റയ്ക്ക് മത്സരിക്കണോ എന്നതിൽ ഇരു പാർട്ടികൾക്കുമിടയിൽ ഭിന്നത രൂക്ഷമാണ്.

പാർട്ടിയുടെ വളർച്ചയ്ക്ക് ഒറ്റയ്ക്കുള്ള മത്സരമാണ് നല്ലതെന്നാണ് സംസ്ഥാന കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ വാദം. സഖ്യത്തെ ആശ്രയിക്കുന്നത് പാർട്ടിയുടെ അടിത്തറ തകർത്തുവെന്നും ഇവർ ആരോപിക്കുന്നുണ്ട്. 1996ൽ 288 സീറ്റുകളിൽ മത്സരിച്ച് 82 സീറ്റുകൾ നേടിയ കോൺഗ്രസിന് 2021ൽ ഇടതുപക്ഷവുമായി ചേർന്ന് സഖ്യമുണ്ടാക്കിയപ്പോൾ ഒരു സീറ്റ് പോലും നേടാനായിരുന്നില്ല.

കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന ചിന്ത ഇടതുപക്ഷ നേതാക്കൾക്കുമുണ്ട്. 2016ൽ ഇടതുപക്ഷത്തിന് 20 ശതമാനത്തോളം വോട്ട് വിഹിതമുണ്ടായിരുന്നത് 2021ൽ 4.71 ശതമാനത്തിലേക്ക് കുറഞ്ഞിരുന്നു. ഇതിന് കാരണം കോൺഗ്രസുമായുള്ള സഖ്യമാണെന്നാണ് ഇടതുപക്ഷത്തെ ഒരു വിഭാഗം ആരോപിക്കുന്നത്.

Content Highlights:‌ Demand is growing within the Congress to contest the West Bengal Assembly elections independently without entering into any alliance

To advertise here,contact us