അജിത് പവാറിന്റെ വിയോഗം ഞെട്ടിപ്പിച്ചുവെന്ന് എ കെ ശശീന്ദ്രന്‍; അതിദാരുണമെന്ന് ചെന്നിത്തല

അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ താന്‍ ഞെട്ടിയെന്ന് മമത ബാനര്‍ജി

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാർ അന്തരിച്ചുവെന്ന വാർത്ത ഞെട്ടിപ്പിക്കുന്നതെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. തന്നെ അങ്ങേയറ്റം പ്രോത്സാഹിപ്പിച്ച നേതാവാണ്. വലിയ ദുരന്തമായിട്ടാണ് ഇതിനെ കാണുന്നത്. ധാരാളം അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. അതൊന്നും താന്‍ പരിഗണിക്കുന്നില്ല. ഒരു സഹോദരന്റെ വേര്‍പാട് പോലെയുള്ള വേദനയാണ് തോന്നുന്നത്. കേരള ഘടകം എന്‍സിപിയുടെ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്രയിലെ അതികായനായ നേതാവായിരുന്നു അജിത് പവാറെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്‍എസ്‌യുഐ കാലം മുതലേയുള്ള ബന്ധമാണ്.അതിദാരുണമായ സംഭവമെന്നും ചെന്നിത്തല പറഞ്ഞു. മഹാരാഷ്ട്ര രാഷ്ട്രീയത്തിന് തീരാ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും പ്രതികരിച്ചു. അനുഭവസമ്പത്തും ദൃഢനിശ്ചയവും ഉള്ള നേതാവാണ് അജിത് പവാറെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ താന്‍ ഞെട്ടിയെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും സോഷ്യല്‍ മീഡിയയില്‍ രേഖപ്പെടുത്തി. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാവിലെ 8.45നാണ് ബാരാമതിയിലുണ്ടായ വിമാനാപകടത്തിലാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചത്. ബാരാമതിയിലെ വിമാനത്താവളത്തില്‍ ലാൻഡ് ചെയ്യുന്നതിനിടെ വിമാനം തെന്നിമാറിയായിരുന്നു അപകടം. അപകടത്തിൽ അജിത് പവാറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. അജിത് പവാർ ഉൾപ്പെടെ ആറ് പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.

2024 ഡിസംബർ അഞ്ച് മുതൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി തുടരുന്ന മുതിർന്ന എൻസിപി നേതാവാണ് അജിത് പവാർ. എട്ട് തവണ നിയമസഭാംഗമായി. അഞ്ച് തവണ ഉപ മുഖ്യമന്ത്രി, അഞ്ച് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, ഒരു തവണ ലോക്‌സഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

മുതിർന്ന എൻസിപി നേതാവായ ശരദ് പവാറിന്റെ ജ്യേഷ്ഠ സഹോദരനായ അനന്തറാവുവിന്റെയും ആശാതായിയുടെയും മകനായി മഹാരാഷ്ട്രയിലെ പൂനൈ ജില്ലയിലെ ബരാമതിയിൽ1959 ജൂലൈ 22നാണ് ജനനം. മഹാരാഷ്ട്ര എഡ്യുക്കേഷൻ സൊസൈറ്റി ഹൈസ്‌കൂളിൽ നിന്ന് നേടിയ എസ്എസ്എൽസിയാണ് വിദ്യാഭ്യാസ യോഗ്യത. തുടർപഠനത്തിനായി കോളേജിൽ പോയെങ്കിലും കോഴ്‌സ് പൂർത്തിയാക്കിയില്ല.

1991ലെ മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിൽ ബരാമതിയിൽ നിന്ന് ആദ്യമായി നിയമസഭാംഗമായ അജിത് പിന്നീട് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും ബരാമതിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 1991-ലെ സുധാകരറാവു നായിക് മന്ത്രിസഭയിൽ ആദ്യമായി സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയായ അജിത് പിന്നീട് അഞ്ച് തവണ കൂടി കാബിനറ്റ് മന്ത്രിയായി.

2010ലെ അശോക് ചവാൻ മന്ത്രിസഭയിൽ ആദ്യമായി ഉപ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് പൃഥ്വിരാജ് ചവാൻ, ദേവേന്ദ്ര ഫഡ്‌നാവീസ്, ഉദ്ധവ് താക്കറെ, ഏകനാഥ് ഷിൻഡേ മന്ത്രിസഭകളിൽ വീണ്ടും ഉപമുഖ്യമന്ത്രിയായി.

Content Highlights: Ajit Pawar Death Leaders expressed condolences

To advertise here,contact us