പട്ന: ബിഹാറിലെ രാഷ്ട്രീയ യുദ്ധം അവസാനിച്ചിട്ടില്ലെന്ന് ആര്ജെഡി നേതാവ് തേജസ്വി യാദവ്. ഇതൊരു തുടക്കം മാത്രമാണെന്നും പാര്ട്ടിയും സഖ്യവും ദുര്ബലമല്ലെന്നും തേജസ്വി പറഞ്ഞു. ബിഹാര് നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്വിക്ക് ശേഷം ആദ്യമായി പൊതുവേദിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വരുന്നത് ദരിദ്രരായ ജനങ്ങളുടെ സമയമാണെന്നും തേജസ്വി യാദവ് പറഞ്ഞു.
'ഇത് പോരാട്ടത്തിന്റെ അവസാനമല്ല. തുടക്കമാണ്. ഇപ്പോള് സമയം നമുക്ക് അനുകൂലമായില്ല എന്നതിനര്ത്ഥം നമ്മള് ദുര്ബലമായി എന്നല്ല. പാര്ട്ടിയും സഖ്യവും ദുര്ബലമല്ല. പാര്ട്ടി പ്രവര്ത്തകര് പ്രതീക്ഷ കൈവിടരുത്. അനീതിക്കെതിരായ പോരാട്ടം ശക്തമായി തുടരണം'; തേജസ്വി യാദവ് പറഞ്ഞു. ഫെബ്രുവരി രണ്ടിന് നിയമസഭാ സമ്മേളനം ആരംഭിക്കുമെന്നും ബജറ്റ് സമ്മേളനത്തിന് ശേഷം ബൂത്ത് തലം മുതല് പാര്ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി ബിഹാറിലെ എല്ലാ ജില്ലകളിലും താന് പര്യടനം നടത്തുമെന്നും തേജസ്വി യാദവ് പറഞ്ഞു.
ബിഹാര് നിയമസഭാ തെരഞ്ഞെടുപ്പില് മുഴുവന് സംവിധാനങ്ങളും തങ്ങള്ക്കെതിരായാണ് പ്രവര്ത്തിച്ചതെന്നും തേജസ്വി ആരോപിച്ചു. 'മുഴുവന് സംവിധാനങ്ങളും ഉദ്യോഗസ്ഥരും ഒരുവിഭാഗം മീഡിയയും വരെ പ്രതിപക്ഷത്തിനെതിരായാണ് പ്രവര്ത്തിച്ചത്. എന്നിട്ടും ഞങ്ങള്ക്ക് 1.90 കോടി വോട്ട് ലഭിച്ചു. ഇത് ഞങ്ങളുടെ പോരാട്ടത്തെയും ജനങ്ങള് ഞങ്ങളില് അര്പ്പിച്ച വിശ്വാസത്തെയും വ്യക്തമാക്കുന്നതാണ്. സംസ്ഥാനത്തെ 60 ശതമാനം വോട്ടര്മാരും നിലവിലുളള സര്ക്കാരിനെതിരെയാണ് വോട്ട് ചെയ്തത്. ഇത് ബിഹാറിലെ ജനങ്ങള് മാറ്റം ആഗ്രഹിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ്' തേജസ്വി യാദവ് കൂട്ടിച്ചേര്ത്തു.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 243 നിയമസഭാ സീറ്റുകളിൽ എൻഡിഎ 202 സീറ്റുകളിലാണ് വിജയിച്ചത്. ഇതിൽ 89 സീറ്റ് ബിജെപി നേടിയപ്പോൾ 85 സീറ്റാണ് നിതീഷ് കുമാർ നയിക്കുന്ന ജെഡിയു നേടിയത്. ആർജെഡി 25 സീറ്റുകൾ സ്വന്തമാക്കിയപ്പോൾ വെറും ആറ് സീറ്റിൽ മാത്രമാണ് കോൺഗ്രസിന് ജയിക്കാനായത്. തേജസ്വി യാദവാണ് ബിഹാറിലെ പ്രതിപക്ഷ നേതാവ്.
Content Highlights: 'RJD and alliance are not weak, we should continue the fight against injustice': Tejashwi Yadav