'അമ്മാവാ, എനിക്ക് മകളുടെ പ്രായമേയുള്ളു'; ലൈവ് ഷോയ്ക്കിടെ അപമര്യാദയായി പെരുമാറിയതിന് ചുട്ടമറുപടി കൊടുത്ത് ഗായിക

വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്

മുംബൈ: സ്റ്റേജ് പരിപാടിക്കിടെ അപമര്യാദയായി പെരുമാറിയ മധ്യവയസ്‌കന് ഉടനടി മറുപടി കൊടുത്ത് യുവഗായിക. ഹരിയാനവി ഗായികയായ പ്രഞ്ജല്‍ ദഹിയയാണ് സ്റ്റേജില്‍ ഗാനം ആലപിക്കുന്നതിനിടെ സദസിലിരുന്ന് അശ്ലീല പ്രദര്‍ശനം നടത്തിയ മധ്യവയസ്‌കന് ചുട്ടമറുപടി കൊടുത്തത്.

മകളുടെ പ്രായമെ തനിക്കുള്ളൂവെന്നായിരുന്നു അയാളോട് ഗായിക പറഞ്ഞത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ലൈവ് ഷോയ്ക്കിടെ ഗായിക പാട്ട് പകുതിയില്‍ നിര്‍ത്തുന്നത് വീഡിയോയില്‍ കാണാം. അവര്‍ ഷോ നിര്‍ത്തിവെച്ച ശേഷം പ്രേക്ഷകരെ അഭിസംബോധന ചെയ്ത് അടിസ്ഥാന മര്യാദകള്‍ പാലിക്കാനും ആവശ്യപ്പെട്ടു.

'അമ്മാവാ, എനിക്ക് നിങ്ങളുടെ മകളുടെ പ്രായമേയുള്ളു, അതുകൊണ്ട് മാന്യമായി പെരുമാറുക', എന്ന് മധ്യവയസ്‌കനായ ഒരാളെ നോക്കി പറയുകയും ചെയ്തു. വേദിയിലേക്ക് പ്രേക്ഷകര്‍ വരരുതെന്ന് ഗായിക അഭ്യര്‍ത്ഥിക്കുകയും പരിപാടി സുഗമമായി നടക്കുന്നതിന് സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

പൊതുപരിപാടികളിലെ അനുചിതമായ പെരുമാറ്റത്തിനെതിരെ ശബ്ദമുയര്‍ത്തിയതിന് ഗായികയെ പലരും പ്രശംസിച്ചു. വൈറലായ ‘52 ഗജ് കാ ദമൻ’ എന്ന ഗാനത്തിലൂടെ പ്രശസ്തയായ ഗായികയാണ് പ്രഞ്ജൽ ദഹിയ.

Content Highlights: Singer Pranjal Dahiya stops live concert and calls out inappropriate remark from fans

To advertise here,contact us