ബെംഗളൂരു: വിവാഹമോചനത്തിന് നോട്ടീസയച്ചതിന് പിന്നാലെ ഭാര്യയെ വെടിവെച്ച് കൊന്ന് ഭര്ത്താവ്. ബെംഗളൂരു ബസവേശ്വര സ്വദേശി ഭുവനേശ്വരിയാണ് കൊല്ലപ്പെട്ടത്. ഭര്ത്താവ് ബാലമുരുകന് പൊലീസില് കീഴടങ്ങി. അഞ്ച് തവണയാണ് ബാലമുരുകന് വെടിയുതിര്ത്തത്. കഴിഞ്ഞ ഒന്നര വര്ഷമായി ഇരുവരും പിരിഞ്ഞ് താമസിക്കുകയായിരുന്നു. യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയുടെ ബസവേശ്വരനഗര് അസിസ്റ്റന്റ് മാനേജറായിരുന്നു 39-കാരിയായ ഭുവനേശ്വരി. രണ്ടുമക്കളോടൊപ്പം ഇവര് രാജാജിനഗറിലായിരുന്നു താമസം.
ഇന്നലെ വൈകുന്നേരം ആറരയോടെ ബാങ്കില് നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് യുവതിക്കുനേരെ ഭര്ത്താവ് ബാലമുരുകന് വെടിയുതിര്ത്തത്. തലയ്ക്കും കൈയ്ക്കും വെടിയേറ്റ ഭുവനേശ്വരിയെ ഉടന് തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തമിഴ്നാട്ടിലെ സേലം സ്വദേശികളായ ബാലമുരുകനും ഭുവനേശ്വരിയും 2011-ലാണ് വിവാഹിതരായത്. 2018-ല് ബാലമുരുകന് ഒരു സോഫ്റ്റ് വെയര് സ്ഥാപനത്തില് ജോലി ലഭിച്ചതിന് പിന്നാലെയാണ് അവർ ബെംഗളൂരുവിലേക്ക് എത്തിയത്. ഇരുവരും തമ്മില് പ്രശ്നങ്ങള് ഉണ്ടായതോടെ ഭുവനേശ്വരി മക്കളുമൊത്ത് മാറിത്താമസിക്കുകയായിരുന്നു.
ഒരുവര്ഷത്തോളമായി പന്ത്രണ്ടുവയസുകാരനായ മകനും എട്ടുവയസുകാരിയായ മകള്ക്കും ഒപ്പം ഭുവനേശ്വരി രാജാജി നഗറിലും ബാലമുരുകന് കെപി അഗ്രഹാരയിലുമായിരുന്നു താമസിച്ചിരുന്നത്. ഭുവനേശ്വരിയ്ക്ക് മറ്റൊരു ബന്ധമുണ്ട് എന്നായിരുന്നു ബാലമുരുകന്റെ സംശയം. ഇതാണ് ഇരുവരും തമ്മില് പ്രശ്നങ്ങളുണ്ടാകാന് കാരണമെന്ന് പൊലീസ് പറഞ്ഞു.
ഒരാഴ്ച്ച മുന്പ് ഭുവനേശ്വരി വിവാഹമോചനത്തിന് നോട്ടീസയച്ചു. ഇതില് പ്രകോപിതനായ ബാലമുരുകന് അവര് ജോലി കഴിഞ്ഞ് മടങ്ങിവരുന്ന വഴിയില് കാത്തുനിന്ന് ആക്രമണം നടത്തുകയായിരുന്നു. ശേഷം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാള് നിലവില് പൊലീസ് കസ്റ്റഡിയിലാണ്. എങ്ങനെയാണ് പ്രതിക്ക് തോക്ക് ലഭിച്ചത് എന്നതിലുള്പ്പെടെ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
Content Highlights: Husband shoots wife dead in middle of road for sending divorce notice