ബെംഗളുരു: വാതില്പ്പടിവരെ ഭക്ഷണം എത്തിക്കുന്നതിലെ ബുദ്ധിമുട്ടുകൾ വിവരിച്ച് ബെംഗളുരുവിലെ സൊമാറ്റൊ ഡെലിവറി ജീവനക്കാരന്. ഡെലിവറി ഏജന്റ് അര്ജുന് സേത്തിയാണ് സുരക്ഷാ ജീവനക്കാര് വില്ലയിലേക്കുള്ള പ്രവേശനം നിഷേധിച്ചതിനെത്തുടര്ന്ന് വളരെ ദൂരം നടന്നെത്തി ഭക്ഷണം വിതരണം ചെയ്തതിലെ ബുദ്ധിമുട്ടുകൾ കാണിച്ച് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചത്.
പിന്നാലെ സമൂഹമാധ്യമങ്ങളില് ചര്ച്ചയും സജീവമായി. പ്രധാന ഗേറ്റിനപ്പുറത്തേക്ക് തന്റെ ഇരുചക്ര വാഹനം കൊണ്ടുപോകാന് അനുവാദമില്ലെന്ന് അര്ജുന് വീഡിയോയിൽ വിശദീകരിക്കുന്നു. ഉപഭോക്താവിന്റെ വീട് വരെ ഭക്ഷണവുമായി നടക്കുകയല്ലാതെ മറ്റ് മാര്ഗമില്ലായിരുന്നു. ഗേറ്റിന്റെ പകുതി വഴിയിലെങ്കിലും എത്താന് താന് ഉപഭോക്താവിനോട് അഭ്യര്ത്ഥിച്ചപ്പോള്, വാതില്പ്പടിയില് എത്തിക്കണമെന്ന് പറഞ്ഞതായും അര്ജുന് പറയുന്നു. വീഡിയോയില് വളരെക്ഷീണിതനായാണ് അയാള് കാണപ്പെടുന്നത്.
മണിക്കൂറുകളോളം ഗതാഗതക്കുരുക്കിലും ചൂടിലും മഴയിലും യാത്ര ചെയ്ത ശേഷം ദീര്ഘദൂരം നടക്കുന്നത് ഡെലിവറി തൊഴിലാളികളെ വളരെയധികം ബുദ്ധിമുട്ടിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഡെലിവറി പ്ലാറ്റ്ഫോം നയങ്ങളിലേക്കും അര്ജുന് വിരല് ചൂണ്ടി. ഡെലിവറി ഏജന്റുമാര് പലപ്പോഴും ഉപഭോക്താക്കളുടെ നിര്ദ്ദേശങ്ങളും, അവരവരുടെ റേറ്റിംഗുകളും പാലിക്കാന് ബാധ്യസ്ഥരാണെന്നും, ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില് പോലും ഇതുസംബന്ധിച്ച് പരാതിപ്പെടാൻ അവര്ക്ക് അവസരമില്ലെന്നും അദ്ദേഹം പ്രസ്താവിക്കുന്നു. ഡെലിവറി തൊഴിലാളികളോട് ബഹുമാനത്തോടെ പെരുമാറണമെന്നും അര്ജുന് അഭ്യർത്ഥിക്കുന്നു.
വീഡിയോ പെട്ടെന്നാണ് വൈറലായത്. ഡെലിവറി, കണ്വീനിയന്സ് ചാര്ജുകള് ഉള്പ്പെടെ ഉപഭോക്താക്കള് നല്കുന്ന തുകയുടെ ഭാഗമാണ് ഡോര്സ്റ്റെപ്പ് ഡെലിവറിയെന്നാണ് ചില ഉപയോക്താക്കളുടെ വാദം. എന്നാൽ കരാര് സംബന്ധമായ കടമയെക്കുറിച്ചല്ല, സഹാനുഭൂതി, മാനുഷിക പരിഗണന എന്നിവയെക്കുറിച്ചാണ് പ്രശ്നം പറയുന്നതെന്ന് മറ്റുള്ളവരും അതിനെ എതിര്ത്തു.
Content Highlights: Bengaluru delivery man questions doorstep drop rule