'ശ്രീരാമന്‍ ആയുധങ്ങള്‍ സൂക്ഷിച്ച അസ്ത്രാലയമാണ് ഓസ്‌ട്രേലിയ ആയത്'; അവകാശവാദവുമായി 'പൂക്കി ബാബ'

റിയാലിറ്റി ഓഫ് ഓസ്ട്രേലിയ എന്ന് പേരിട്ടിരിക്കുന്ന വീഡിയോയിലാണ് പരാമർശം

ന്യൂഡല്‍ഹി: ഓസ്ട്രേലിയയുടെ ഉത്ഭവത്തെക്കുറിച്ച് ആത്മീയ നേതാവ് 'പൂക്കി ബാബ' എന്ന അനിരുദ്ധാചാര്യ നടത്തിയ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ശ്രീരാമന്‍ ലങ്കയില്‍ രാവണനെ പരാജയപ്പെടുത്തിയത് മുതല്‍ ഓസ്‌ട്രേലിയയുടെ ചരിത്രം ആരംഭിച്ചുവെന്നാണ് അനിരുദ്ധാചാര്യ വിശദീകരിക്കുന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

റിയാലിറ്റി ഓഫ് ഓസ്ട്രേലിയ എന്ന് പേരിട്ടിരിക്കുന്ന വീഡിയോയില്‍, 'രാമ-രാവണ യുദ്ധം കഴിഞ്ഞപ്പോള്‍, വലിയ തോതില്‍ സൈനികര്‍ കൊല്ലപ്പെട്ടു. അവരുടെയെല്ലാം വാളുകള്‍ ഉപേക്ഷിക്കപ്പെട്ടു' എന്നാണ് ആത്മീയ നേതാവ് പറയുന്നത്. യുദ്ധത്തില്‍ കോടിക്കണക്കിന് ആളുകള്‍ മരിച്ചു. അതില്‍ രാവണന്റെ ഒരു ലക്ഷം പുത്രന്മാരും ഏകദേശം കാല്‍ ലക്ഷം പേരക്കുട്ടികളും ഉള്‍പ്പെടുന്നുവെന്നും പൂക്കി ബാബ പറഞ്ഞു.

യുദ്ധത്തിനുശേഷം ലങ്കയില്‍ വന്‍തോതില്‍ ആയുധങ്ങള്‍ തള്ളപ്പെട്ടു. ഈ വാളുകള്‍ സാധാരണക്കാരുടെ കയ്യില്‍ കിട്ടിയിരുന്നെങ്കിലോ?. രാവണന്റെയോ മേഘനാഥന്റെയോ വാളുകള്‍ ദുരുപയോഗം ചെയ്യപ്പെടുമെന്ന് ശ്രീരാമന്‍ ആശങ്കാകുലനായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ആയുധങ്ങള്‍ ഒരു സ്ഥലത്ത് സൂക്ഷിക്കാന്‍ രാമന്‍ തന്റെ സൈന്യത്തോട് ആവശ്യപ്പെട്ടു. അങ്ങനെ അവര്‍ ആയുധപ്പുരയില്‍ ആയുധങ്ങള്‍ സൂക്ഷിച്ചപ്പോള്‍ അത് അസ്ത്രാലയം എന്നറിയപ്പെട്ടു. അവ സൂക്ഷിച്ച ഈ ദ്വീപാണ് പിന്നീട് ഓസ്‌ട്രേലിയ എന്നറിയപ്പെട്ടത്', അദ്ദേഹം വിശദീകരിച്ചു.

ഏഴ് ദശലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. പലരും ഇതിനെതിരെ പരിഹാസവുമായി രംഗത്തെത്തി. അപ്പോള്‍ അതുകൊണ്ടാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ ബാറ്റ് വാള്‍ പോലെ ഉപയോഗിക്കുന്നത് എന്നായിരുന്നു ഒരാളുടെ പരിഹാസ കമന്റ്.

Content Highlights: Pookie Baba Aniruddhacharya about the origin of australia

To advertise here,contact us