ബെംഗളൂരു: കര്ണാടകയില് അവിശ്വാസ പ്രമേയം കൊണ്ടുവരാന് ബിജെപി നീക്കം. സിദ്ധരാമയ്യ സര്ക്കാരിന് എതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവരും. കോണ്ഗ്രസില് തര്ക്കങ്ങള് മുറുകുന്ന പശ്ചാത്തലത്തിലാണ് അവിശ്വാസം കൊണ്ടുവരാനൊരുങ്ങുന്നത്. ഡിസംബര് എട്ടിനാണ് കര്ണാടകയില് നിയമസഭാ സമ്മേളനം നടക്കുന്നത്. ഈ സമയത്ത് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനാണ് ബിജെപി ഒരുങ്ങുന്നതെന്നാണ് വിവരം.
അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കർണാടകയിലെ കോൺഗ്രസിൽ ഉണ്ടായിരിക്കുന്ന പ്രതിസന്ധിയിൽ ഹൈക്കമാൻഡ് ഇടപെട്ടു. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെയും ഡൽഹിയിലേക്ക് വിളിപ്പിച്ചു. 29-ന് ഇരുനേതാക്കളും ഡൽഹിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മല്ലികാർജുൻ ഖർഗെ, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയ നേതാക്കളുൾപ്പെടെ സിദ്ധരാമയ്യയുമായും ഡി കെ ശിവകുമാറുമായും കൂടിക്കാഴ്ച്ച നടത്തും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ കോൺഗ്രസിനെ നയിച്ചതും കോൺഗ്രസിന്റെ മുഖമായതും ഡി കെ ശിവകുമാറാണ്. എന്നാൽ എംഎൽഎമാരുടെ പിന്തുണയുടെ അടിസ്ഥാനത്തിൽ സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രി പദം ലഭിക്കുകയാണ് ഉണ്ടായത്. അധികാരത്തിലെത്തി രണ്ടര വർഷം കഴിയുമ്പോൾ മുഖ്യമന്ത്രി സ്ഥാനം നൽകാമെന്ന് തനിക്ക് ഉറപ്പുലഭിച്ചിരുന്നെന്നും അത് പാലിക്കപ്പെടണമെന്നുമാണ് ഡി കെ ശിവകുമാറിൻ്റെ ആവശ്യം.
എന്നാൽ തനിക്ക് മൂന്നുവർഷം പൂർത്തിയാക്കാനുളള സമയം നൽകണമെന്നാണ് ഇപ്പോൾ സിദ്ധരാമയ്യയുടെ നിലപാട്. മെയ് മാസത്തോടെ സർക്കാർ മൂന്നുവർഷം പൂർത്തിയാക്കും. എന്നാൽ ഇത് ഹൈക്കമാൻഡ് അംഗീകരിച്ചിട്ടില്ല. ഡി കെ ശിവകുമാറിനെ ഇപ്പോൾ മാറ്റിനിർത്തുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തൽ ഹൈക്കമാൻഡിനുണ്ട്.
Content Highlights: BJP moves to bring no-confidence motion against Karnataka Siddaramaiah government