ഡി കെ ശിവകുമാർ മുഖ്യമന്ത്രിയായാൽ ബിജെപി പുറത്ത് നിന്ന് പിന്തുണയ്ക്കും; മുതിർന്ന നേതാവ് സദാനന്ദ ​ഗൗഡ

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി സിദ്ധാരമയ്യയും ഡി കെ ശിവകുമാറും തമ്മിലുള്ള തർക്കം മുറുകുന്നതിനിടെയാണ് സദാനന്ദ ​ഗൗഡ നിലപാട് വ്യക്തമാക്കി രം​ഗത്ത് വന്നിരിക്കുന്നത്

ബെംഗളൂരു: കർണാടകയിൽ ഡി കെ ശിവകുമാറിൻ്റെ നേതൃത്വത്തിൽ മന്ത്രിസഭ രൂപീകരിച്ചാൽ പിന്തുണ നൽകുമെന്ന് ബിജെപി. ഡി കെ ശിവകുമാർ മുഖ്യമന്ത്രി ആകുകയാണെങ്കിൽ ബിജെപി പുറത്ത് നിന്ന് പിന്തുണയ്ക്കാമെന്ന് മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ സദാനന്ദ ​ഗൗഡയാണ് വ്യക്തമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി സിദ്ധാരമയ്യയും ഡി കെ ശിവകുമാറും തമ്മിലുള്ള തർക്കം മുറുകുന്നതിനിടെയാണ് സദാനന്ദ ​ഗൗഡ നിലപാട് വ്യക്തമാക്കി രം​ഗത്ത് വന്നിരിക്കുന്നത്.

നേതൃത്വമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ കാത്തിരിക്കു വിളിക്കാമെന്ന് രാഹുൽ ​ഗാന്ധി ഡി കെ ശിവകുമാറിനെ അറിയിച്ചതായി റിപ്പോ‍‌ർട്ടുകളുണ്ടായിരുന്നു. ഡിസംബർ 1ന് ആരംഭിക്കുന്ന പാർലമെൻ്റ് സെഷന് മുന്നോടിയായി കർണ്ണാടകയിലെ നേതൃമാറ്റ വിഷയത്തിൽ ഹൈക്കമാൻഡ് തീരുമാനം എടുക്കാൻ സാധ്യതയില്ല എന്ന റിപ്പോർട്ടുകൾക്കിടയിലാണ് രാഹുൽ ​ഗാന്ധി ശിവകുമാറിന് സന്ദേശം കൈമാറിയെന്ന വിവരം പുറത്ത് വരുന്നത്. കർണ്ണാടകയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഡി കെ ശിവകുമാർ കഴിഞ്ഞ ഒരാഴ്ചയോളം രാഹുൽ ​ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ച് വരികയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെ നവംബർ 29ന് ശിവകുമാർ ഡൽഹിക്ക് തിരിക്കുമെന്നും സോണിയ ​ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചെന്നും റിപ്പോ‍ർട്ടുകളുണ്ട്.

കഴിഞ്ഞ ദിവസം ഡൽഹിയിലേയ്ക്ക് പോയ ശിവകുമാർ അനുകൂലികളായ എംഎൽഎമാരെ തൽക്കാലം നേതൃമാറ്റമില്ലെന്ന് ഹൈക്കമാൻഡ് അറിയിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇവരോട് മടങ്ങിപ്പോകാനും ഹൈക്കമാൻഡ് നിർദ്ദേശിച്ചിരുന്നു. മുതിർന്ന പാർട്ടി നേതാക്കളെ കാണാൻ ഡൽഹിയിലേക്ക് പോയ കോൺഗ്രസ് എംഎൽഎമാ‍ർ തീരുമാനം കേന്ദ്ര നേതൃത്വം കൈകൊള്ളുമെന്ന് അറിയിച്ചിരുന്നു.

ഇതിനിടെ കർണാകടയിലെ തർക്കങ്ങളിൽ സിദ്ധാരാമയ്യയുടെ നിലപാടിൽ രാഹുൽ ​ഗാന്ധി അസംതൃപ്തനാണെന്നും റിപ്പോർട്ടുകളുണ്ട്. നേതൃമാറ്റ ധാരണയില്ലെന്നും അഞ്ച് വർഷം പൂർത്തിയാക്കുമെന്നുമുള്ള സിദ്ധാരാമയ്യയുടെ പരസ്യപ്രസ്താവനയിലും രാഹുൽ നേതാക്കളെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ട്ട് ചെയ്യുന്നത്.

സിദ്ധാരാമയ്യയോടും ഡി കെ ശിവകുമാറിനോടും സംസാരിക്കുമെന്നും അതുവരെ പ്രശ്നങ്ങൾ വഷളാക്കരുതെന്നും രാഹുൽ കർണ്ണാടകയിൽ നിന്നുള്ള നേതാക്കളെ അറിയിച്ചതായും റിപ്പോ‍‌ർട്ടുണ്ട്.

നേതൃമാറ്റവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രതിസന്ധി കോൺഗ്രസിൻ്റെ വോട്ട് ബാങ്കിൽ ഭിന്നത സൃഷ്ടിക്കുമോ എന്ന ആശങ്കയും കോൺഗ്രസ് ദേശീയ നേതൃത്വത്തിനുണ്ട്. സിദ്ധാരമയ്യയെ മാറ്റുന്നത് സംസ്ഥാനത്ത് കോൺഗ്രസിന് അനുകൂലമായ ജാതി സമവാക്യങ്ങളെ എതിരാക്കരുതെന്ന നിലപാടാണ് രാഹുൽ ഗാന്ധിക്കെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഈ ഘടകങ്ങളെല്ലാം അനുകൂലമായി വരുന്ന സാഹചര്യം ഉണ്ടെങ്കിൽ മാത്രമേ സിദ്ധാരാമയ്യയ്ക്ക് പകരം ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കൊണ്ടുവരാൻ സാധ്യതയുള്ളു എന്നും റിപ്പോർട്ടുകളുണ്ട്. ഇതിനിടെ ഹൈക്കമാൻ എടുക്കുന്ന ഏത് തീരുമാനവും അം​ഗീകരിക്കുമെന്നാണ് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ വ്യക്തമാക്കുന്നത്. തനിക്ക് ഒരു ഗ്രൂപ്പേ ഉള്ളുവെന്നും അത് കോൺഗ്രസാണെന്നും ഡി കെ ശിവകുമാർ പ്രതികരിച്ചിട്ടുണ്ട്.

Content Highlights: BJP will support DK Shivakumar from outside if he becomes CM Senior leader Sadananda Gowda

To advertise here,contact us