ലഖ്നൗ: ഉത്തർപ്രദേശിൽ എസ്ഐആര് ജോലി സമ്മര്ദത്തെ തുടര്ന്ന് വീണ്ടും ആത്മഹത്യ. ബിഎല്ഒ ആയ ഫത്തേപൂർ സ്വദേശി സുധീർ കുമാറാണ് ജീവനൊടുക്കിയത്. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സുധീർകുമാറിന്റെ വിവാഹം നാളെ നടക്കാൻ ഇരിക്കെ അവധി നൽകാത്തതിൽ വിഷമിച്ചാണ് ആത്മഹത്യയെന്ന് കുടുംബം ആരോപിച്ചു.
ജഹാംഗാബാദിൽ എസ്ഐആർ ആയി ജോലി ചെയ്യുകയായിരുന്നു സുധീർ കുമാർ. ഒന്നര വർഷം മുമ്പാണ് സുധീറിനെ ലേക്പാലായി നിയമിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. എസ്ഐആർ ജോലിയുമായി ബന്ധപ്പെട്ട് സമ്മർദ്ദമുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.
ബിന്ദ്കി കോട്വാലിയിലെ ഖജുഹ പട്ടണത്തിലാണ് സുധീർ കുമാർ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ആറ് മാസം മുമ്പ് അടുത്തുള്ള ഗ്രാമമായ സീതാപൂരിൽ താമസിക്കുന്ന രഘുനന്ദന്റെ മകൾ കാജലുമായി സുധീറിന്റെ വിവാഹം ഉറപ്പിച്ചിരുന്നു. നാളെ വിവാഹം നാടക്കാൻ ഇരിക്കെയാണ് ദാരുണമായ സംഭവം ഉണ്ടായിരിക്കുന്നത്.
ഇന്ന് രാവിലെ ഉത്തർപ്രദേശിലെ ഗോണ്ടയിൽ ബിഎല്ഒ ആയ അധ്യാപകൻ വിപിൻ യാദവ് ജീവനൊടുക്കിയിരുന്നു. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ ഇയാളെ ഗോണ്ട മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും അവിടെ നിന്ന് ലഖ്നൗവിലെ കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലേക്ക് (കെജിഎംയു) കൊണ്ടുപോകുകയായിരുന്നു. അവിടെ വെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.
വിപിൻ്റെ മരണത്തിന് ശേഷം വിപിന്റെ ഭാര്യ സീമ യാദവ് റെക്കോർഡ് ചെയ്ത ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. അതിൽ വോട്ടർ പട്ടിക പരിഷ്കരണ ജോലിയുമായി ബന്ധപ്പെട്ട് താരബ്ഗഞ്ച് എസിഡിഎം, നവാബ്ഗഞ്ച് ബിഡിഒ, ഒരു പ്രാദേശിക ലേക്പാൽ എന്നിവരിൽ നിന്ന് തനിക്ക് നിരന്തരമായ സമ്മർദ്ദമുണ്ടായിയെന്നും വിപിൻ അതിൽ ആരോപിക്കുന്നുണ്ട്. എന്നാൽ ജില്ലാ ഭരണകൂടം ഈ ആരോപണങ്ങൾ നിരസിക്കുകയാണ്.
Content Highlight : BLO commits Death in Uttar Pradesh after not being given time off for marriage