സംസ്‌കൃതം മരിച്ച ഭാഷയാണെന്ന് ഉദയനിധി സ്റ്റാലിന്‍: ഹിന്ദു വിരുദ്ധതയ്ക്ക് പേരുകേട്ടവനെന്ന് ബിജെപി നേതാവ്

ഹിന്ദുക്കളെയും ഹൈന്ദവ സംസ്‌കാരത്തെയും ഉദയനിധി വീണ്ടും അപമാനിക്കുകയാണെന്നും ഗൗരവ് ഭാട്ടിയ പറഞ്ഞു

ചെന്നൈ: സംസ്‌കൃതം മരിച്ച ഭാഷയാണെന്ന തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. ഉദയനിധി സ്റ്റാലിന്‍ ഹിന്ദു വിരുദ്ധതയ്ക്കും ഹിന്ദു വിദ്വേഷത്തിനും പേരുകേട്ടവനാണെന്ന് ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു. ഹിന്ദുക്കളെയും ഹൈന്ദവ സംസ്‌കാരത്തെയും ഉദയനിധി വീണ്ടും അപമാനിക്കുകയാണെന്നും വിലകുറഞ്ഞതും വെറുപ്പുളവാക്കുന്നതുമായ പരാമര്‍ശങ്ങളാണ് അദ്ദേഹം നടത്തുന്നതെന്നും ഗൗരവ് ഭാട്ടിയ പറഞ്ഞു.

'ഉദയനിധി സ്റ്റാലിന്‍ ഹിന്ദുക്കളോടുളള വിദ്വേഷത്തിന് പേരുകേട്ടയാളാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി പോസിറ്റീവ് രാഷ്ട്രീയത്തിലൂടെ വികസനവും സമഗ്രതയും ഉയര്‍ത്തിപ്പിടിച്ച് ഐക്യത്തിന്റെ പ്രതീകമായി മാറിയപ്പോള്‍ ഉദയനിധി സ്റ്റാലിന്‍ അരാജകത്വത്തിന്റെയും ഭിന്നിപ്പിന്റെയും പര്യായമായി മാറുകയാണ്. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്താന്‍ അദ്ദേഹം ആവര്‍ത്തിച്ച് വെറുപ്പുളവാക്കുന്ന തമാശകള്‍ പറയുകയാണ്. നമ്മുടെ സംസ്‌കാരത്തിന്റെയും മതഗ്രന്ഥങ്ങളുടെയും ദശലക്ഷക്കണക്കിന് ഹിന്ദുക്കളുടെയും വിശ്വാസത്തിന്റെ അടിസ്ഥാനം സംസ്‌കൃതമാണെന്ന് ഉദയനിധി സ്റ്റാലിന്‍ മറക്കുന്നു': ഗൗരവ് ഭാട്ടിയ പറഞ്ഞു.

കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിന്റെ ഭാഷാ നയങ്ങളെയും ഫണ്ടിംഗ് മുന്‍ഗണനകളെയും വിമര്‍ശിക്കുന്നതിനിടെയാണ് ഉദയനിധി സ്റ്റാലിന്‍ സംസ്‌കൃതത്തെ 'മരിച്ച ഭാഷ' എന്ന് വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തമിഴിനോടുളള പ്രതിബദ്ധതയെയും അദ്ദേഹം ചോദ്യംചെയ്തു. ഒരു പുസ്തക പ്രകാശനച്ചടങ്ങിലായിരുന്നു ഉദയനിധിയുടെ പ്രസ്താവന.

'ഒരുവശത്ത് നിങ്ങള്‍ തമിഴ് ഭാഷയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്നുവെന്ന് പറയുന്നു. മറുവശത്ത് ഞങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്കുമേല്‍ ഹിന്ദിയും സംസ്‌കൃതവും അടിച്ചേല്‍പ്പിക്കുന്നു. ഇത് ന്യായമാണോ? ത്രിഭാഷ നയം അംഗീകരിച്ചാല്‍ മാത്രമേ തമിഴ്‌നാടിന് നല്‍കാനുളള ഫണ്ട് നല്‍കുകയുളളു എന്നാണ് നിങ്ങള്‍ പറയുന്നത്. തമിഴ് ഭാഷയുടെ വികസനത്തിന് വേണ്ടി നിങ്ങള്‍ എന്താണ് ചെയ്തത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മരിച്ച ഭാഷയായ സംസ്‌കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്': എന്നാണ് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞത്. നേരത്തെ സനാതന ധർമം മലേറിയയും ഡെങ്കിപ്പനിയും പോലെയാണെന്നും അത് വേരോടെ തുടച്ചുനീക്കണമെന്നും പറഞ്ഞത് വലിയ വിവാദമായിരുന്നു.

Content Highlights: Udayanidhi Stalin says Sanskrit is a dead language: BJP says he is known for his anti-Hinduism

To advertise here,contact us