ബിഹാറില്‍ തെരഞ്ഞെടുപ്പ് ദിവസം അക്രമം: ഉപമുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറ്

ഉപമുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന രണ്ട് കാറുകളുടെ ചില്ലുകള്‍ തകര്‍ന്നു. ബുളളറ്റ് പ്രൂഫ് വാഹനത്തിലായിരുന്ന സിന്‍ഹയും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

പട്‌ന: ബിഹാറില്‍ തെരഞ്ഞെടുപ്പ് ദിവസം അക്രമം. ബിഹാര്‍ ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹയുടെ വാഹനവ്യൂഹത്തിന് നേരെയാണ് കല്ലേറും ആക്രമണവുമുണ്ടായത്. ലഖിസരായില്‍വെച്ച് ഗ്രാമവാസികള്‍ വാഹനവ്യൂഹം തടയുകയായിരുന്നു. ഗ്രാമവാസികള്‍ വാഹനത്തില്‍ ഇടിക്കുകയും കല്ലും ചെരിപ്പും എറിയുകയും ചെയ്തു. വാഹനം തടഞ്ഞത് ആര്‍ജെഡി പ്രവര്‍ത്തകരാണ് എന്നാണ് സൂചന. തന്നെ ആക്രമിച്ചത് ആര്‍ജെഡി ഗുണ്ടകളാണെന്ന് വിജയ് കുമാര്‍ സിന്‍ഹ ആരോപിച്ചു.

വിജയ് കുമാര്‍ സിന്‍ഹ പോളിംഗ് ബൂത്തിലേക്ക് പോകുന്ന വഴി ജമുയി ജില്ലയില്‍വെച്ചായിരുന്നു സംഭവം. അക്രമികള്‍ വാഹനത്തിന് നേരെ കല്ലെറിയുകയായിരുന്നു. ഉപമുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന രണ്ട് കാറുകളുടെ ചില്ലുകള്‍ തകര്‍ന്നു. ബുളളറ്റ് പ്രൂഫ് വാഹനത്തിലായിരുന്ന സിന്‍ഹയും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

'ലാലു പ്രസാദ് യാദവിന്റെയും തേജസ്വി യാദവിന്റെയും നിര്‍ദേശപ്രകാരം ആര്‍ജെഡി ഗുണ്ടകളാണ് ആക്രമിച്ചത്. എന്‍ഡിഎയുടെ തരംഗം കണ്ട് നിരാശരായ അവര്‍ അക്രമത്തിലേക്ക് തിരിയുകയാണ്. ഈ ആക്രമണം മുന്‍കൂട്ടി നിശ്ചയിച്ചതുപ്രകാരം നടപ്പിലാക്കിയതാണ്. അക്രമികള്‍ കുറ്റിക്കാട്ടില്‍ ഒളിച്ചുനില്‍ക്കുകയായിരുന്നു': വിജയ് കുമാര്‍ സിന്‍ഹ പറഞ്ഞു.

തോല്‍വി ഉറപ്പായതുകൊണ്ടാണ് ആര്‍ജെഡി ഗുണ്ടകള്‍ ഉപമുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ആക്രമിച്ചതെന്ന് ബിജെപി ബിഹാര്‍ സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ജയ്‌സ്വാള്‍ പറഞ്ഞു. ബിജെപി 225-ലധികം സീറ്റുകള്‍ നേടുമെന്ന ഭയം തേജസ്വിയ്ക്ക് ഉണ്ടെന്നും ദിലീപ് ജയ്‌സ്വാള്‍ പറഞ്ഞു. ജമുയി പൊലീസ് സ്ഥലത്തെത്തി. കലാപത്തിനും കൊലപാതകശ്രമത്തിനും കേസെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതേസമയം, ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 18 ജില്ലകളില്‍ നിന്നുള്ള 121 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 1,314 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ മത്സരരംഗത്തുള്ളത്. ആർജെഡി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവും സഹോദരൻ തേജ് പ്രതാപ് യാദവും ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. 3.75 കോടി വോട്ടര്‍മാരാണ് വിധിയെഴുതുക. നവംബർ പതിനൊന്നിനാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ്. പതിനാലിന് വോട്ടെണ്ണൽ നടക്കും.

Content Highlights: Bihar deputy cm vijay kumar sinha's vehicle convoy attacked during voting day

To advertise here,contact us