ഡ്രോണ്‍ ചോരിയെന്ന് ആരോപണം; ഉത്തർപ്രദേശിൽ ദളിത് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു

സംഭവത്തിൽ അഞ്ച് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു

ലഖ്നൗ : ഉത്തർപ്രദേശിൽ ഡ്രോണുകൾ ഉപയോഗിച്ച് മോഷണം നടത്തുന്നുവെന്ന് ആരോപിച്ച് ദളിത് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ഹരിയോം (38) എന്ന യുവാവിനെയാണ് പ്രദേശവാസികൾ തല്ലിക്കൊന്നത്. ഉത്തർപ്രദേശിലെ റായ്ബറേലിയിലാണ് സംഭവം. 'ഡ്രോൺ ചോർ' എന്ന അഭ്യൂഹത്തിന്റെ പേരിലാണ് ആൾക്കൂട്ടം കൊലപാതകം നടത്തിയത്.

ഒക്ടോബർ 2 ന് ഉഞ്ചഹാറിലെ ഒരു റെയിൽവേ ട്രാക്കിന് സമീപമാണ് ഹരിയോമിൻ്റെ മൃതദേഹം കണ്ടെത്തിയത്. മരണകാരണം കണ്ടെത്തുന്നതിനായി പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയക്കുകയായിരുന്നു. അതിനിടെയാണ് കള്ളനാണെന്ന് സംശയിച്ച് ഒരു കൂട്ടം ആളുകൾ ഇയാളെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ആൾ കൂട്ട ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തി.

കള്ളനാണെന്ന് തെറ്റിദ്ധരിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നതിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്നും ശേഷിക്കുന്ന പ്രതികളെ പിടികൂടാൻ അന്വേഷണം നടത്തുകയാണെന്നും റായ്ബറേലി എഎസ്പി സഞ്ജീവ് കുമാർ സിൻഹ പറഞ്ഞു.എസ്‌സി/എസ്‌ടി നിയമപ്രകാരമുള്ള കുറ്റങ്ങൾ ചേർക്കുമോ എന്ന ചോദ്യത്തിന് നിയമോപദേശം തേടിയിട്ടുണ്ടെന്നും പൊലീസ് അതനുസരിച്ച് മുന്നോട്ട് പോകുമെന്നും സിൻഹ പറഞ്ഞു. കേസെടുക്കാൻ വൈകിയതിന് ഒരു സബ് ഇൻസ്‌പെക്ടർ ഉൾപ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതായും യുപി ഡയറക്ടർ ജനറൽ ഓഫ് പൊലീസ് പറഞ്ഞു.

അതേസമയം പ്രതിപക്ഷ നേതാവും റായ്ബറേലി എംപിയുമായ രാഹുൽ ഗാന്ധി ഇരയായ ഹരിയോമിന്റെ കുടുംബവുമായി ഫോണിൽ സംസാരിച്ചു. ബിജെപി സർക്കാരിനെ ലക്ഷ്യമിട്ട് ഇത് ക്രമസമാധാനപാലനത്തിന്റെ പരാജയമാണെന്ന് കോൺഗ്രസ് പറഞ്ഞു. ഉത്തർപ്രദേശ് കോൺഗ്രസ് പ്രസിഡൻ്റ് അജയ് റായ് ഫത്തേപൂരിലെ അവരുടെ വീട് സന്ദർശിച്ച് കുടുംബത്തിന് പാർട്ടിയുടെ പിന്തുണ ഉറപ്പ് നൽകുകയും ചെയ്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ കീഴിൽ ഉത്തർപ്രദേശ് ദലിതർക്കും ന്യൂനപക്ഷങ്ങൾക്കും പിന്നാക്ക സമുദായങ്ങൾക്കും നരകമായി മാറിയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എക്‌സിൽ പോസ്റ്റ് ചെയ്തു.

റായ്ബറേലിയിൽ നടന്ന ഈ മനുഷ്യത്വരഹിതമായ കൊലപാതകത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ പിതാവിനോടും സഹോദരനോടും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിക്കുകയും അവരുടെ വേദന കേൾക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു. ഈ അനീതിക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസ് അവർക്കൊപ്പം നിൽക്കുമെന്ന് അദ്ദേഹം കുടുംബത്തിന് ഉറപ്പ് നൽകിയെന്നും ഉത്തർപ്രദേശ് കോൺഗ്രസ് എക്‌സിൽ പോസ്റ്റ് ചെയ്തു.റായ്ബറേലി സംഭവം ഹൃദയഭേദകമാണെന്നും പ്രതികൾ വ്യത്യസ്ത സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്നുള്ളവരായതിനാൽ ജാതിയുമായി ബന്ധപ്പെട്ട കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും എഎസ്പി സിൻഹ ജനങ്ങളോട് അഭ്യർത്ഥിച്ചു.

Content Highlight : Dalit youth thrashed by mob in Uttar Pradesh for allegedly stealing using drones

To advertise here,contact us