ബെംഗളൂരു: ബാഗിനുള്ളിലാക്കിയ നിലയിൽ യുവതിയുടെ മൃതശരീരം കണ്ടെത്തി. കോർപ്പറേഷൻ മാലിന്യ ട്രക്കിൽ നിന്നാണ് കാലുകൾ കഴുത്തുമായി കെട്ടിയിട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാത്രി ബെംഗളൂരുവിലാണ് സംഭവം. സ്ത്രീക്ക് ഏകദേശം 25-30 വയസ്സ് പ്രായമുണ്ടെന്നാണ് റിപ്പോർട്ട്.
"ഇന്നലെ രാത്രി, മാലിന്യം ശേഖരിക്കുന്ന ട്രക്കിനുള്ളിൽ ഒരു മൃതദേഹം ഞങ്ങൾ കണ്ടെത്തി. പുലർച്ചെ ഒന്നിനും മൂന്നിനും ഇടയിലായാവണം മൃതദേഹം ബാഗിലാക്കി ആരോ ട്രക്കിനുള്ളിൽ ഉപേക്ഷിച്ചത്," പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മാലിന്യം ശേഖരിക്കുന്ന ട്രക്കിൻ്റെ ഡ്രൈവർ ഇത് ശ്രദ്ധിക്കുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കൊലപാതക കേസ് രജിസ്റ്റർ ചെയ്തെന്നും അന്വേഷണം നടത്തുകയാണെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. കൊലപാതകത്തിന് മുമ്പ് സ്ത്രീ ലൈംഗികാതിക്രമത്തിന് ഇരയായതായാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിക്കുന്ന സൂചന. അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
Content Highlights: Bengaluru woman found dead in garbage truck