'എന്തിനാണ് ഒരു ഹിന്ദുവും മുസ്ലീമും ഒരുമിച്ചിരിക്കുന്നത്?'; കർണാടകയിൽ സദാചാര പൊലീസിംഗ്

ശനിയാഴ്ച ഉച്ചയ്ക്ക് ബെലഗാവിയിലെ കില്ല തടാകത്തിന് സമീപമാണ് സംഭവം നടന്നത്

കർണാടക: ബെലഗാവിയിൽ ഒരുമിച്ചിരുന്നതിന്റെ പേരിൽ ദളിത് യുവാവിനും മുസ്ലീം സ്ത്രീയ്ക്കും സദാചാര പൊലീസിന്റെ ആക്രമണം. സച്ചിൻ ലമാനി (18), മുസ്കാൻ പട്ടേൽ (22) എന്നിവർക്കാണ് മർദനമേറ്റത്. മർദനമേറ്റ ഇരുവരും പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തിൽ ബെലഗാവി പൊലീസ് എസ്സി/എസ്ടി അട്രോസിറ്റി ആക്ട് പ്രകാരം കേസെടുത്തു. ആക്രമണം നടത്തിയ ഒമ്പത് പേരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ബെലഗാവിയിലെ കില്ല തടാകത്തിന് സമീപമാണ് സംഭവം നടന്നത്.

സച്ചിൻ സംഭവം വിവരിച്ചതിങ്ങനെ,

"ഞങ്ങൾ യുവനിധി പദ്ധതിക്ക് അപേക്ഷിക്കാൻ പോയപ്പോൾ, ഉച്ചഭക്ഷണ സമയമായതിനാൽ ഒരു മണിക്കൂർ കഴിഞ്ഞ് വരാൻ അവർ ആവശ്യപ്പെട്ടു. അതിനാൽ കില്ല തടാകത്തിന് സമീപം ഇരിക്കാൻ പോയി. ഞങ്ങളുടെ അടുത്തേക്ക് വരുമ്പോൾ അക്രമികൾ മദ്യപിച്ചിരുന്നു. എന്തിനാണ് ഒരു ഹിന്ദുവും മുസ്ലീമും ഒരുമിച്ച് ഇരിക്കുന്നതെന്ന് അവർ ചോദിച്ചു. അവർ മുസ്ലീമല്ലെന്നും എന്റെ അമ്മായിയുടെ മകളാണെന്നും ഞാൻ അവരോട് പറഞ്ഞു. അവർ ഞങ്ങളുടെ രണ്ട് ഫോണുകളും എടുത്തു. 7,000 രൂപയും തട്ടിയെടുത്തു. അവർ ഒരു വടി ഉപയോഗിച്ച് ഞങ്ങളെ മർദ്ദിച്ചു'', ഇന്ത്യ ടുഡേ ടിവിയോട് സച്ചിൻ പറഞ്ഞു.

ഗുജറാത്ത് കലാപക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ്; ബിൽക്കിസ് ബാനു അടക്കമുള്ളവർ നൽകിയ ഹർജിയിൽ നാളെ വിധി

അക്രമികൾ സച്ചിന്റെ കഴുത്ത് ഞെരിച്ചതായും ഇരുവരുടെയും മൊബൈൽ ഫോണുകൾ ബലമായി പിടിച്ചുവാങ്ങിയതായും സച്ചിനും മുസ്കാനും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സച്ചിനെയും മുസ്കാനെയും ഒരു മുറിയിലേക്ക് കൊണ്ടുപോവുകയും അവിടെ ശനിയാഴ്ച വൈകുന്നേരം വരെ സച്ചിനെ ക്രൂരമായി മർദ്ദിച്ചെന്നും പരാതിയിൽ പറയുന്നു.

To advertise here,contact us