'ഒരു അംഗത്തെ മാത്രം ലക്ഷ്യമിട്ട് ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതം'; ലിജു കൃഷ്ണയ്‌ക്കെതിരെ WCC

കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച ലിജു കൃഷ്ണ, നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു

WCC, ലിജു കൃഷ്ണ

കൊച്ചി: പീഡനക്കേസില്‍ കോടതി വെറുതെവിട്ട സംവിധായകന്‍ ലിജു കൃഷ്ണയുടെ ആരോപണങ്ങള്‍ തള്ളി വിമണ്‍ ഇന്‍ സിനിമ കളക്ടീവ്. കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട വ്യക്തി ഡബ്ല്യുസിസിയിലെ ഒരു അംഗത്തെ മാത്രം ലക്ഷ്യമിട്ട് ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും അനാവശ്യവും അപകീര്‍ത്തികരവുമാണെന്ന് ഡബ്ല്യുസിസി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. സംഘടനയുടെ പ്രവര്‍ത്തനങ്ങളെ ഒരു വ്യക്തിയുടെ മാത്രം തീരുമാനങ്ങളായി ചിത്രീകരിക്കാനും അതിന്റെ കൂട്ടായ നിലപാടുകളെ വ്യക്തിപരമായ താല്‍പര്യങ്ങളുമായി ബന്ധപ്പെടുത്തി അപകീര്‍ത്തിപ്പെടുത്താനുമുള്ള ശ്രമങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും ഡബ്ല്യുസിസി വ്യക്തമാക്കി. കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച ലിജു കൃഷ്ണ, നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. തന്റെ കരിയര്‍ തകര്‍ക്കാന്‍ ഗീതു മോഹന്‍ദാസ് നടത്തിയ ഇടപെടലുകളാണ് വ്യാജ പരാതിക്ക് പിന്നിലെന്നായിരുന്നു ലിജു കൃഷ്ണ പറഞ്ഞത്. ഇതിനോടായിരുന്നു ഡബ്ല്യുസിസിയുടെ പ്രതികരണം.

എന്തുകൊണ്ടാണ് ഈ കേസില്‍ ഇടപെട്ടത് എന്നതടക്കമുള്ള കാര്യങ്ങള്‍ ഡബ്ല്യുസിസി വിശദീകരിക്കുന്നുണ്ട്. 2022 മാര്‍ച്ച് ഒന്നിന് ഒരു അതിജീവിതയില്‍ നിന്ന് രേഖാമൂലമുള്ള പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡബ്ല്യുസിസി ലിജു കൃഷ്ണനുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെട്ടതെന്ന് പോസ്റ്റില്‍ പറയുന്നു. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ഡബ്ല്യുസിസി അതിന്റെ നിശ്ചിത നടപടിക്രമങ്ങള്‍ പാലിക്കുകയും വിഷയം പരിശോധിക്കുകയും അതിജീവിതയ്ക്ക് ആവശ്യമായ പിന്തുണ നല്‍കുകയും ചെയ്തു. ഈ വിഷയത്തില്‍ സിനിമാ മേഖലയിലെ വിവിധ സംഘടനകള്‍ക്ക് അതിജീവിത നേരിട്ട് കത്തുകളിലൂടെ ഉന്നയിച്ച കാര്യങ്ങള്‍ക്കും അവര്‍ നടത്തിയ ഇടപെടലുകള്‍ക്കുമാണ് ഡബ്ല്യുസിസി പിന്തുണ നല്‍കിയത്. ഇതിനു വിരുദ്ധമായി പ്രചരിപ്പിക്കപ്പെടുന്ന പ്രസ്താവനകള്‍ അടിസ്ഥാനരഹിതമാണെന്നും ഡബ്ല്യുസിസി വ്യക്തമാക്കി.

വിമന്‍ ഇന്‍ സിനിമാ കളക്ടീവ് ഒരു വ്യക്തിയുടെ താല്‍പര്യത്തിനോ നിര്‍ദേശത്തിനോ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയല്ല. ഒരു അംഗത്തിന്റെ മാത്രം തീരുമാനത്തിന്റെ അടിസ്ഥാനത്തിലല്ല സംഘടനയുടെ ഇടപെടലുകള്‍. രേഖാമൂലം ലഭിക്കുന്ന പരാതികള്‍ പരിശോധിക്കുകയും, ആവശ്യമായ വ്യക്തതയും വിവരങ്ങളും ശേഖരിക്കുകയും, കൂട്ടായ ചര്‍ച്ചകളിലൂടെയും നിശ്ചിത നടപടിക്രമങ്ങളിലൂടെയും തീരുമാനങ്ങളെടുക്കുകയും ചെയ്യുന്ന ഒരു കൂട്ടായ്മയാണത്. അതിജീവിതകള്‍ക്ക് പിന്തുണ നല്‍കുന്നതും ഈ കൂട്ടായ ഉത്തരവാദിത്തത്തിന്റെ ഭാഗമാണ്. ഈ കേസില്‍ വിചാരണക്കോടതിയുടെ വിധി വന്നിട്ടുണ്ട്. എന്നാല്‍ ഒരു വിചാരണക്കോടതി വിധി നിയമപരമായ നീതിന്യായ പ്രക്രിയയിലെ ഒരു ഘട്ടം മാത്രമാണ്. നിയമം അനുവദിക്കുന്ന അപ്പീല്‍ ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ക്ക് അതിജീവിതയ്ക്ക് അവകാശമുണ്ട്. നീതി തേടുന്നതിനുള്ള നിയമപരമായ വഴികള്‍ അവിടെ അവസാനിക്കുന്നില്ലെന്നും ഡബ്ല്യുസിസി പറഞ്ഞു.

വളരെ ധൈര്യത്തോടെയാണ് അതിജീവിത ഈ കേസില്‍ മുന്നോട്ടുവന്നത്. അവരുടെ മൊഴിയെ തള്ളിക്കളയുകയും ഡബ്ല്യുസിസിയുടെ ഇടപെടലുകളെ വ്യക്തിപരമായ താല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ നടന്നതാണെന്ന് ആരോപിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നത് അതിജീവിതയുടെ അനുഭവങ്ങളെയും നീതിക്കുവേണ്ടിയുള്ള അവരുടെ പോരാട്ടത്തെയും അവഗണിക്കുന്നതാണ്. തന്റെ ഭാഗത്തുനിന്നുള്ള ഉത്തരവാദിത്തങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ മറ്റുള്ളവരുടെ മേല്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലൂടെ ഒരു അതിജീവിതയുടെ ശബ്ദത്തെയും ധൈര്യത്തെയും ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കരുത്. ഇത്തരം പ്രസ്താവനകള്‍ ആ സ്ത്രീയുടെ ആത്മവിശ്വാസത്തെയും അന്തസ്സിനെയും നീതിക്കുവേണ്ടി മുന്നോട്ടുപോകാനുള്ള കരുത്തിനെയും ബാധിക്കുന്നതാണ്. കേസിലെ വിധി എന്തുതന്നെയായാലും, അതിജീവിതയുടെ പരാതി ഉയര്‍ത്തിയ തൊഴില്‍പരവും സ്ഥാപനപരവുമായ ഉത്തരവാദിത്തങ്ങളെ അത് ഇല്ലാതാക്കുന്നില്ല. ഈ സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വീണ്ടും ഓര്‍മിപ്പിക്കേണ്ടതുണ്ട്. ഈ സിനിമയുടെ നിര്‍മാണ സ്ഥാപനമായ സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന ഒരു ആഭ്യന്തര പരാതി പരിഹാര സമിതി ഉണ്ടായിരുന്നില്ലെന്ന വിഷയം ഇന്നും പ്രസക്തമാണ്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാന്‍ നിയമപ്രകാരം ഇത്തരം സമിതികള്‍ ഉണ്ടായിരിക്കുകയും ഫലപ്രദമായി പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും ഡബ്ല്യുസിസി ചൂണ്ടിക്കാട്ടി.

നേരത്തേ ലിജു കൃഷ്ണയ്ക്ക് എതിരെ പരാതി നല്‍കിയ യുവതിക്ക് പിന്തുണയുമായി നടി സജിത മഠത്തില്‍ രംഗത്തുവന്നിരുന്നു. കേസില്‍ കോടതി ലിജുവിനെ കുറ്റവിമുക്തനാക്കിയതിലുള്ള നടുക്കം പങ്കുവെച്ചായിരുന്നു സജിത മഠത്തിലിന്റെ പ്രതികരണം. ചില ഓര്‍മ്മ ചിത്രങ്ങള്‍ മനസ്സിനെ വേവിക്കുമ്പോള്‍ എഴുതാതിരിക്കാന്‍ ആവുന്നില്ലെന്ന് സജിത മഠത്തില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. അന്ന് സഹായം അഭ്യര്‍ത്ഥിച്ച് ഡബ്ല്യുസിസിക്ക് വന്ന ഒരു ഇമെയിലിന്റെ തുടര്‍ച്ചയായാണ് ജീവിതത്തില്‍ യാതൊരു പരിചയവുമില്ലാത്ത ആ പെണ്‍കുട്ടിയെ കാക്കനാടുള്ള മജിസ്‌ട്രേറ്റിന്റെ വീട്ടുമുറ്റത്തുവെച്ച് കാണുന്നത്. ഇരുപതുകളിലുള്ള ഒരു പെണ്‍കുട്ടി. മുപ്പത് കിലോ പോലും തൂക്കം കാണില്ല. അവള്‍ക്ക് നടക്കാന്‍ പരസഹായം വേണമായിരുന്നു. ബലാത്സംഗത്തിനിടയില്‍ അവളുടെ പിന്‍ഭാഗത്ത് പരിക്ക് പറ്റിയിരുന്നു. കഠിനമായ രക്തസ്രാവം അവളെ തളര്‍ത്തിയിരുന്നു. മൊഴി കൊടുക്കാനുള്ള മാനസികാവസ്ഥ പോലും അവള്‍ക്കുണ്ടായിരുന്നില്ല. ആ പരിചയപ്പെടല്‍ വേദനിപ്പിക്കുന്ന ഒരു ചിത്രമായി ഇന്നും മനസ്സിലുണ്ടെന്നും സജിത മഠത്തില്‍ പറഞ്ഞു.

ആറു വര്‍ഷത്തോളം കഠിനമായ നിയമ പോരാട്ടങ്ങളിലൂടെ അവള്‍ കടന്നുപോയി. ഒറ്റയ്ക്കുതന്നെ. കൂടെ നില്‍ക്കേണ്ട സര്‍ക്കാര്‍ നിയമിച്ച നിയമപാലകര്‍ പോലും തീര്‍ത്തും അവളെ കേള്‍ക്കുകപോലും ചെയ്യാതെ അശ്രദ്ധമായി കേസ് കൈകാര്യം ചെയ്തതായി തോന്നി. ഇന്നും അവളുടെ അവസ്ഥയില്‍ വലിയ മാറ്റമൊന്നുമില്ല. തുടര്‍ന്ന് കേസ് നടത്താനോ ഇതിനോട് പ്രതികരിക്കാനോ സാധിക്കാത്ത വിധം അവള്‍ വല്ലാത്ത അവസ്ഥയിലാണ് എന്നാണ് മനസിലാക്കാന്‍ സാധിച്ചത്. പ്രതിയായ സിനിമാ സംവിധായകനെ തനിക്ക് യാതൊരു പരിചയവുമില്ല. അയാള്‍ കേസ് ജയിച്ചതിനെ തുടര്‍ന്നു മാധ്യമങ്ങളില്‍ പറയുന്ന ഗൂഢാലോചന തിയറികേട്ടപ്പോള്‍ അത്ഭുതം തോന്നി. താന്‍ നേരിട്ട് കണ്ടത് അപ്പോള്‍ സത്യമല്ലേയെന്നും സജിത മഠത്തില്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights- The Women in Cinema Collective (WCC) has described allegations targeting a single member as baseless in a statement concerning director Liju Krishna. The statement addresses the allegations against the filmmaker and reflects the organisation's position on the issue.

To advertise here,contact us