കണ്ണൂര്‍: കൊലവിളി പ്രസംഗത്തില്‍ മുന്‍ എംഎല്‍എയും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി ഐ മധുസൂദനന് എതിരെ കേസ്. കെഎസ്യു നേതാവ് മുഹമ്മദ് ഷമ്മാസ് നല്കിയ പരാതിയിലാണ് മധുസൂദനന് എതിരെ കേസെടുത്തത്. കലാപാഹ്വാനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് മധുസൂദനന് എതിരെ കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 192 (ഒരു വര്‍ഷം തടവ് അല്ലെങ്കില്‍ പിഴ), 351 (3) (ഏഴ് വര്‍ഷം വരെ തടവ് അല്ലെങ്കില്‍ പിഴ), 352 (രണ്ട് വര്‍ഷം തടവോ പിഴയോ ലഭിക്കാവുന്ന കുറ്റം) എന്നിവയാണ് മധുസൂദനന് എതിരെ ചുമത്തിയിരിക്കുന്നത്.
പയ്യന്നൂരില്‍ ഡിവൈഎഫ്ഐ സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ പരിപാടിയിലായിരുന്നു ടി ഐ മധുസൂദനന് കൊലവിളി നടത്തിയത്. ധനരാജ് വധക്കേസില്‍ വിധി പ്രസ്താവിച്ച കോടതിയെയും മധുസൂദനന് അധിക്ഷേപിച്ചിരുന്നു. ജഡ്ജി തണുപ്പിലിരുന്ന് തടവും ശിക്ഷയും കൊടുത്ത് ഇടതുപക്ഷത്തിന്റെ പോരാട്ടവീര്യത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നായിരുന്നു കോടതി വിധിയോട് മധുസൂദനന് പ്രതികരിച്ചത്. ചീമേനിയില്‍ സിപിഐഎം പ്രവര്‍ത്തകരെ ചുട്ടുകൊന്ന പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല. എന്നാല്‍ അവരാരും ഇന്ന് ജീവനോടെയില്ലെന്ന കാര്യം ഓര്‍മ്മിക്കുന്നത് നല്ലതായിരിക്കും. കണക്ക് പറയേണ്ടത് കണക്ക് പറഞ്ഞ് തന്നെ തീര്‍ക്കുമെന്നും മധുസൂദനന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മധുസൂദനന് എതിരെ മുഹമ്മദ് ഷമ്മാസ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
മധുസൂദനന്റെ കൊലവിളി പ്രസംഗത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. സംഭവത്തെ സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. മുന്‍പ് ജനപ്രതിനിധിയായിരുന്ന ഒരാള്‍ ഒരിക്കലും ഇത്തരത്തില്‍ കൊലവിളി പ്രസംഗം നടത്താന്‍ പാടില്ലായിരുന്നു. പ്രസംഗത്തിന്റെ മുഴുവന്‍ ഭാഗവും പൊലീസ് പരിശോധിക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. മനുഷ്യനെ പച്ചക്ക് വെട്ടിക്കൊല്ലാന്‍ ഒരു കയ്യറപ്പുമില്ലെന്ന് പരസ്യമായി വിളിച്ചുപറയലാണ് മധുസൂദനന്റെ പ്രസംഗമെന്ന് കെ കെ രമ എംഎല്‍എയും പറഞ്ഞിരുന്നു. നാട്ടില്‍ വീണ്ടും ഭീതി പടര്‍ത്തി നഷ്ടപ്പെട്ട സ്വാധീനം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മധുസൂദനന്റെ പ്രസംഗമെന്നും അതിനെ നിസ്സാരമായി കാണാന്‍ കഴിയില്ലെന്നുമായിരുന്നു വി കുഞ്ഞികൃഷ്ണന് എംഎല്‍എ പറഞ്ഞത്. കൊലവിളി പ്രസംഗത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നപ്പോഴും അതിനെ ന്യായീകരിക്കുന്ന നിലപാടായിരുന്നു സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് സ്വീകരിച്ചത്. ടി ഐ മധുസൂദനന് എംഎല്‍എയോ മുഖ്യമന്ത്രിയോ ഒന്നുമല്ലെന്നായിരുന്നു കെ കെ രാഗേഷ് പറഞ്ഞത്. മുഖ്യമന്ത്രി നടത്തിയ വിവാദ പ്രസ്താവനയില്‍ ആര്‍ക്കും പ്രയാസമില്ല. ഇക്കാര്യത്തിൽ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വലിയ ആവേശമാണെന്നും കെ കെ രാഗേഷ് പറഞ്ഞിരുന്നു.
Content Highlights- A case has been registered against T I Madhusoodanan over an alleged threatening speech. The incident has sparked political controversy in Kerala, with the remarks drawing criticism and demands for legal action.