ഇടുക്കി: ഇടുക്കി വട്ടവട കോവിലൂരിലെ എസ് സി ഉന്നതിയിലുള്ളവര്‍ നേരിടുന്ന ജാതി വിവേചനത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി വി ഡി സതീശന്. ഇന്നത്തെ ദീപിക ദിനപത്രത്തില്‍ വന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. ദീപിക പത്രത്തിലെ വാര്‍ത്ത ഇടുക്കി കോവിലൂരിലെ എസ്.സി ഉന്നതിയിലുള്ളവര്‍ നേരിടുന്ന ക്രൂരമായ തൊട്ടുകൂടായ്മയുടെയും അയിത്തത്തിന്റെയും നേര്‍സാക്ഷ്യമായിരുന്നു എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്കി. ഇതിനായി പട്ടികജാതി- പട്ടിക വര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഒരിടത്തും ഇത്തരത്തില്‍ ജാതി വിവേചനം നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം
'തുല്യത ഘോഷിച്ച് ഇന്ന് ഭരണഘടനാദിനം! വീട്ടില്‍ വെള്ളമില്ല, തോട്ടിലിറങ്ങിയാല്‍ ജാതിഭ്രാന്തിന്റെ ഊരുവിലക്ക്'
നമ്മളെ എല്ലാവരെയും പൊള്ളിക്കുന്ന ഒരു തലക്കെട്ട്. ഇന്നത്തെ ദീപിക ദിനപത്രത്തില്‍ വന്ന ഒന്നാം പേജ് വാര്‍ത്ത. ഇടുക്കി കോവിലൂരിലെ എസ്.സി ഉന്നതിയിലുള്ളവര്‍ നേരിടുന്ന ക്രൂരമായ തൊട്ടുകൂടായ്മയുടെയും അയിത്തത്തിന്റെയും നേര്‍സാക്ഷ്യമായിരുന്നു ഈ വാര്‍ത്ത.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെ നൂതന സാങ്കേതികവിദ്യകളുടെ അനന്ത സാധ്യതകളെ കുറിച്ച് ലോകം ചിന്തിക്കുമ്പോഴാണ് കോവിലൂരില്‍ ഇപ്പോഴും നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള അനാചാരമാണ് നിലനില്ക്കുന്നതെന്ന യാഥാര്‍ത്ഥ്യം പുറത്തുവന്നിരിക്കുന്നത്. ജാതിയുടെ പേരിലുള്ള തൊട്ടുകൂടായ്മ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നത് നമ്മുടെ നാടിന് ഭൂഷണമല്ല. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ പട്ടികജാതി- പട്ടിക വര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ തുളസിയെ ചുമതലപ്പെടുത്തി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ജില്ലാ കലക്ടറോടും ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഒരിടത്തും ഇത്തരത്തില്‍ ജാതി വിവേചനം നടക്കുന്നില്ലെന്ന് നമുക്ക് ഉറപ്പാക്കണം.
Content Highlights: The Chief Minister has directed officials to take immediate action following reports of caste discrimination in Koviloor, Idukki.