തിരുവനന്തപുരം: ഇ പി ജയരാജൻ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് സിപിഐഎം നേതൃത്വത്തെ അറിയിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജൻ. ഇ പി ജയരാജൻ്റെ പരാതി അന്വേഷിക്കാൻ സിപിഐഎം അന്വേഷണ കമ്മീഷനെ വെച്ചതിന് പിന്നാലെയാണ് പി ജയരാജൻ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും നേരിൽ കണ്ടാണ് വിഷയത്തിൽ വിശദീകരണം നൽകിയത്. ദുബൈയിലെ പ്രവാസി സംഘടന നേതാവ് ആവശ്യപ്പെട്ട പ്രകാരം ഒരു വിഷയം പരിഹരിക്കാൻ ഇരുന്നപ്പോഴത്തെ ചിത്രമാണ് പുറത്ത് വന്നതെന്ന് പി ജയരാജൻ നേതാക്കളോട് വിശദീകരിച്ചു. 2023 നവംബറിലെ ചിത്രം ഉപയോഗിച്ച് 2026 ലേതെന്ന പേരിൽ പ്രചാരണം നടത്തുന്നുവെന്നും പി ജയരാജൻ നേതാക്കളെ അറിയിച്ചു. ദുബൈയിലെആവശ്യപ്പെട്ട പ്രകാരം ഒരു വിഷയം പരിഹരിക്കാൻ ഇരുന്നപ്പോഴത്തെ ചിത്രമാണ് പുറത്ത് വന്നതെന്നാണ് പി ജയരാജൻ്റെ വാദം. എന്നാൽ അന്വേഷണ കമ്മീഷന് മുന്നിൽ കാര്യങ്ങൾ ബോധിപ്പിക്കാനായിരുന്നു നേതാക്കളുടെ മറുപടി. ഇതിനിടെ ദുബൈയിലെ ചർച്ചയ്ക്ക് മുൻകൈ എടുത്ത പ്രവാസി സംഘടന നേതാവ് എൻ കെ കുഞ്ഞമ്മദിനെ അന്വേഷണ കമ്മീഷന് കേൾക്കണമെന്ന് പി ജയരാജൻ ആവശ്യപ്പെടും.
നേരത്തെ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന് എതിരെ പി ജയരാജൻ ഉന്നയിച്ച പരാതിയിൽ പാർട്ടിതല അന്വേഷണം നടത്താൻ സിപിഐഎം സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു. വെെദേകം റിസോർട്ടുമായി ബന്ധപ്പെട്ടായിരുന്നു പി ജയരാജൻ്റെ പരാതി. കെ എൻ ബാലഗോപാൽ, ടിപി രാമകൃഷ്ണൻ എന്നിവരടങ്ങുന്ന രണ്ടംഗ കമ്മീഷനെയാണ് സിപിഐഎം അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. 2022ലാണ് പി ജയരാജൻ സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗത്തിൽ ആരോപണം ഉന്നയിച്ചത്. സംഭവത്തിൽ പാർട്ടി ഇടപെടൽ ഉണ്ടാകാത്ത സാഹചര്യത്തിൽ 2025ൽ സംസ്ഥാന കമ്മിറ്റിയിൽ വീണ്ടും ആവശ്യമുന്നയിച്ചതോടെയാണ് തീരുമാനം. തെളിവുകൾ സഹിതം പാർട്ടിക്ക് മുന്നിൽ ഹാജരാക്കിയാണ് പുനഃരന്വേഷണം വേണമെന്ന നിലപാടിൽ പി ജയരാജൻ ഉറച്ചു നിന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഈ അന്വേഷണ കമ്മീഷൻ തന്നെയാണ് പി ജയരാജനെതിരെ മാങ്കുളത്തെ റിസോർട്ടുമായി ബന്ധപ്പെട്ട് ഇ പി ജയരാജൻ ഉന്നയിച്ച ആരോപണവും അന്വേഷിക്കുക.
ഇപി ജയരാജന്റെ ഭാഗത്ത് നിന്നും അനധികൃതമായ സ്വത്ത് സമ്പാദനമോ വഴിവിട്ട ഇടപെടലോ നടന്നെങ്കിൽ പാർട്ടി നടപടിയെടുക്കണമെന്നതാണ് പി ജയരാജന്റെ നിലപാട്. കണ്ണൂർ മൊറാഴയിലിയുള്ള വെെദേകം റിസോർട്ട് ആൻഡ് സ്പായുടെ നിർമാണവുമായും ഉടമകളുമായും ബന്ധപ്പെട്ടും ചില ആക്ഷേപങ്ങൾ 2022 ഡിസംബറിൽ നടന്ന സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി ജയരാജൻ ഉയർത്തിയിരുന്നു. അനധികൃതമായി സ്വത്ത് സമ്പാദിച്ചാണ് ഇപി ജയരാജനും കുടുംബവും ഈ റിസോർട്ടിന്റെ ഭാഗമായതെന്നാണ് പി ജയരാജൻ ഉയർത്തിയ ആരോപണം.
ഇപി ജയരാജന്റെ ഭാര്യ ഇന്ദിര, മകൻ ജയ്സൺ എന്നിവർ റിസോർട്ടിന്റെ ഡയറക്ടർമാരാണ് എന്ന ആരോപണവും ഉന്നയിച്ചിരുന്നു. 2023ന് ശേഷം നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി ജയരാജന്റെ ആരോപണങ്ങളെ ഇ പി ജയരാജൻ തള്ളിക്കളഞ്ഞിരുന്നു. തനിക്ക് റിസോർട്ടുമായി യാതൊരു ബന്ധവും ഇല്ലെന്നായിരുന്നു ഇപിയുടെ പ്രതികരണം. ഭാര്യ ഇന്ദിരയുടെ റിട്ടയർമെന്റുമായി ബന്ധപ്പെട്ട് ലഭിച്ച പണം നിക്ഷേപിച്ച് ഇന്ദിരയും മകനും റിസോർട്ടിന്റെ ഭാഗമായെന്നും പിന്നീട് വിവാദമുയർന്നതോടെ പിന്മാറിയെന്ന വിശദീകരണവും ഇപി നൽകിയിരുന്നു. പിന്നീട് രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം ഈ റിസോർട്ട് ഏറ്റെടുത്തിരുന്നു. എന്നാൽ പാർട്ടിക്കുള്ളിൽ അന്വേഷണമോ നടപടികളോ ഉണ്ടായില്ല. ഇതോടെയാണ് കഴിഞ്ഞവർഷം നടന്ന സംസ്ഥാന കമ്മിറ്റിയിൽ ഈ വിഷയത്തിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന ചോദ്യം പി ജയരാജൻ വീണ്ടും ഉയർത്തിയത്. തുടർന്ന് നടന്ന ചർച്ചകൾക്ക് ശേഷമാണ് പാർട്ടിതല അന്വേഷണം നടത്താൻ തീരുമാനമായത്.
Content Highlights: P Jayarajan informs the CPM leadership that the allegations raised by EP Jayarajan are false, adding a new dimension to the political controversy within the party