പച്ചക്കൊടി അണ്ടർവയറിന് പിന്നിൽ ഒളിപ്പിക്കാൻ കോൺഗ്രസുകാർ കൽപ്പിച്ചു, ലീഗ് അടിമകളെ പോലെ അനുസരിച്ചു; പി ജയരാജന്‍

ദേശീയ മാധ്യമങ്ങള്‍ക്ക് മുന്നിൽ ലീഗിൻ്റെ പച്ചക്കൊടി അണ്ടർവയറിന് പിന്നിൽ ഒളിപ്പിക്കാൻ കോൺഗ്രസുകാർ കൽപ്പിച്ചെന്നും ലീഗുകാർ അടിമകളെപ്പോലെ അത് അനുസരിക്കുകയും ചെയ്തെന്ന് പി ജയരാജൻ പരിഹസിച്ചു

P Jayarajan

കല്‍പ്പറ്റ: ദേശീയതലത്തിൽ മുസ്‌ലിം ലീഗിനെ കോൺഗ്രസ് നിരന്തരം അവഗണിക്കുകയാണെന്നും 'ചത്തു ചീഞ്ഞ കുതിര'യെപ്പോലെയാണ് ലീഗിനെ അവർ കാണുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ. വയനാട്ടിൽ തിരഞ്ഞെടുപ്പ് വിജയത്തിനായി ലീഗിൻ്റെ വോട്ട് വാങ്ങുന്ന കോൺഗ്രസ്, ഡൽഹിയിലെത്തുമ്പോൾ ലീഗ് നേതാക്കളെ വാതിലിന് പുറത്തുനിർത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.സിപിഐഎം വയനാട് ജില്ലാ റാലിയെ തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തിലാണ് കോൺഗ്രസ്-ലീഗ് ബന്ധത്തെ പി ജയരാജൻ രൂക്ഷമായി വിമർശിച്ചത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തിനെത്തിയ ലീഗ് പ്രവർത്തകരോട് ദേശീയ മാധ്യമങ്ങള്‍ക്ക് മുന്നിൽ ലീഗിൻ്റെ പച്ചക്കൊടി അണ്ടർവയറിന് പിന്നിൽ ഒളിപ്പിക്കാൻ കോൺഗ്രസുകാർ കൽപ്പിച്ചെന്നും ലീഗുകാർ അടിമകളെപ്പോലെ അത് അനുസരിക്കുകയും ചെയ്തെന്ന് പി ജയരാജൻ പരിഹസിച്ചു. പണ്ട് ജവാഹർലാൽ നെഹ്‌റു ലീഗിനെ 'ചത്ത കുതിര' എന്ന് വിശേഷിപ്പിച്ചെങ്കിൽ, ഇന്ന് 'ചത്തു ചീഞ്ഞ കുതിര'യായാണ് കോൺഗ്രസ് ലീഗിനെ പരിഗണിക്കുന്നതെന്നും ജയരാജൻ പറഞ്ഞു.

വയനാട്ടിൽ കാണിക്കുന്ന സ്നേഹം ഡൽഹിയിലെത്തുമ്പോൾ കോൺഗ്രസ് ലീഗിനോട് കാണിക്കുന്നില്ലെന്നും പി. ജയരാജൻ ചൂണ്ടിക്കാട്ടി. നവംബർ ഒന്നിന് ഡൽഹി രാംലീല മൈതാനിയിൽ ഇന്ത്യാ സഖ്യം സംഘടിപ്പിച്ച മഹാറാലിയിൽ മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്ക് പ്രസംഗിക്കാൻ അവസരം നൽകിയില്ല. കേരളത്തിൽ സിംഹഗർജനം മുഴക്കുന്ന കുഞ്ഞാലിക്കുട്ടി ഡൽഹിയിലെത്തിയപ്പോൾ പൂച്ചക്കുട്ടിയെപ്പോലെ ഒരു മൂലയ്ക്ക് ഇരിക്കേണ്ടി വന്നു. ലോക്‌സഭയിൽ രണ്ട് എംപിമാർ മാത്രമുള്ള സിപിഐ പ്രതിനിധികൾക്കും സിപിഎം ജനറൽ സെക്രട്ടറിക്കും പ്രസംഗിക്കാൻ അവസരം നൽകിയപ്പോഴാണ് വിശ്വസ്ത സഖ്യകക്ഷിയായ ലീഗിനെ കോൺഗ്രസ് ഒഴിവാക്കിയതെന്ന് ജയരാജൻ പറഞ്ഞു.

ഇന്ത്യ സഖ്യം നേതാക്കൾ ദില്ലിയിൽ

തിരഞ്ഞെടുപ്പ് ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഇന്ത്യാ സഖ്യം നേതാക്കൾ രാഷ്ട്രപതിയെ കാണാൻ പോയപ്പോൾ ആദ്യ പട്ടികയിൽ ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീറിൻ്റെ പേരുണ്ടായിരുന്നു. എന്നാൽ 10 പേർക്ക് മാത്രമേ അനുമതിയുള്ളൂ എന്ന് പറഞ്ഞ് കോൺഗ്രസ് നേതാക്കൾ ഇ ടി മുഹമ്മദ് ബഷീറിൻ്റെ പേര് വെട്ടുകയും ലീഗ് നേതാക്കളെ വാതിലിന് പുറത്തുനിർത്തുകയും ചെയ്തു. ഇടതുപക്ഷ പാർട്ടികൾക്ക് അനുമതി ലഭിച്ചപ്പോഴാണ് ലീഗിന് ഈ അവഗണന നേരിടേണ്ടി വന്നതെന്നും പി ജയരാജൻ ചൂണ്ടിക്കാട്ടി.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ഡൽഹിയിൽ സംഘടിപ്പിച്ച മോക്ക് പാർലമെൻ്റിൽ നിന്ന് യൂത്ത് ലീഗിനെയും എംഎസ്എഫിനെയും ഒഴിവാക്കി. ലീഗിൻ്റെ രാജ്യസഭാ എംപി ഹാരിസ് ബീരാൻ നൽകിയ പാസ് ഉപയോഗിച്ചാണ് ഇവർക്ക് പരിപാടിയിൽ പങ്കെടുക്കേണ്ടി വന്നത്. ഇന്ത്യാ സഖ്യത്തിൻ്റെ ദേശീയ വിദ്യാർത്ഥി യുവജന ഏകോപന സമിതിയിൽ നിന്നും യൂത്ത് ലീഗിനെയും എംഎസ്എഫിനെയും പൂർണ്ണമായി ഒഴിവാക്കിയതായും, ഡൽഹിയിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ പോലും ലീഗ് നേതാക്കൾക്ക് പ്രവേശനം നിഷേധിച്ചതായും പി ജയരാജൻ ആരോപിച്ചു. കേരളത്തിലെ ഐക്യജനാധിപത്യ മുന്നണിയുടെ യഥാർത്ഥ അവസ്ഥ ഇതാണെന്നും ദേശീയതലത്തിൽ ലീഗിന് യാതൊരു പരിഗണനയും ലഭിക്കുന്നില്ലെന്നും പി ജയരാജൻ കൂട്ടിച്ചേർത്തു.

Content Highlights: CPM leader P Jayarajan alleges that Congress sidelines the Muslim League at the national level despite relying on its support in Kerala, citing recent INDIA bloc events in Delhi

To advertise here,contact us