EKO സിനിമയുടെ നിർമ്മാണാവകാശത്തെ ചൊല്ലി തർക്കം; ആരാധ്യ സ്റ്റുഡിയോസിനെതിരെ ഹാപ്പി സേപ്പിയന്‍സ് സ്റ്റുഡിയോസ്

സിനിമാ നിര്‍മ്മാതാവായ സന്ദീപ് ശശിധരന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനി ഹാപ്പി സേപ്പിയന്‍സ് സ്റ്റുഡിയോസ്, ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ആരാധ്യ സ്റ്റുഡിയോസിന് വക്കീല്‍ നോട്ടീസയച്ചു

കൊച്ചി: വളര്‍ത്തുനായ്ക്കളുടെ വന്യത പ്രമേയമായ മലയാള ചിത്രം എക്കോയുടെ നിര്‍മ്മാണാവകാശത്തെ ചൊല്ലി തര്‍ക്കം. എക്കോ സിനിമയുടെ നിര്‍മ്മാണാവകാശം തട്ടിയെടുത്തുവെന്നാണ് മുന്‍ നിര്‍മ്മാതാക്കളുടെ ആരോപണം. സാമ്പത്തിക പ്രതിസന്ധി വന്നപ്പോള്‍ പങ്കാളിയാക്കിയ ആരാധ്യ സ്റ്റുഡിയോസ് കരാര്‍ ലംഘിച്ച് സിനിമയുടെ നിര്‍മ്മാണ അവകാശം തട്ടിയെടുത്ത് വഞ്ചിച്ചുവെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. സിനിമാ നിര്‍മ്മാതാവായ സന്ദീപ് ശശിധരന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനി ഹാപ്പി സേപ്പിയന്‍സ് സ്റ്റുഡിയോസ്, ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ആരാധ്യ സ്റ്റുഡിയോസിന് വക്കീല്‍ നോട്ടീസയച്ചു.

വിശ്വാസ വഞ്ചന നടത്തി നിര്‍മ്മാണാവകാശം തട്ടിയെടുത്ത ആരാധ്യ സ്റ്റുഡിയോസിന്റെ നടപടി ക്രിമിനല്‍ കുറ്റമാണ് എന്നാണ് ആരോപണം. ഭാരതീയ ന്യായ സംഹിതയുടെ 318 വകുപ്പ് അനുസരിച്ച് വഞ്ചനക്കുറ്റം നിലനില്‍ക്കുമെന്നാണ് ഹാപ്പി സേപ്പിയന്‍സ് സ്റ്റുഡിയോസിന്റെ വക്കീല്‍ നോട്ടീസില്‍ പറയുന്നത്. ക്രോണിക്കിള്‍സ് ഓഫ് കുര്യച്ചന്‍ - ദി ഡോഗ് മാസ്റ്റര്‍ എന്നായിരുന്നു ചിത്രത്തിന് നല്‍കിയ പേര് എന്നാണ് ഹാപ്പി സാപ്പിയന്‍സ് സ്റ്റുഡിയോസിന്റെ വക്കീല്‍ നോട്ടീസിലെ വാദം.

സിനിമ തട്ടിയെടുത്ത ആരാധ്യ സ്റ്റുഡിയോസ് ചലച്ചിത്രത്തിന്റെ പേര് മാറ്റി. എക്കോ, ദി ഇന്‍ഫിനിറ്റ് ക്രോണിക്കിള്‍സ് ഓഫ് കുര്യച്ചന്‍ എന്ന് പേര് മാറ്റി റിലീസ് ചെയ്തു. ഇതുവഴി ഹാപ്പി സേപ്പിയന്‍സിന് കോടികളൂടെ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നുമാണ് ആക്ഷേപം. നിശ്ചിത വിഹിതം നിര്‍മ്മാണത്തിനായി മുടക്കാമെന്നും അന്‍പത് ശതമാനം ലാഭം പങ്കുവെയ്ക്കാമെന്നും ആയിരുന്നു ഹാപ്പി സേപ്പിയന്‍സ് സ്റ്റുഡിയോസും ആരാധ്യ സ്റ്റുഡിയോസും തമ്മിലുള്ള ആദ്യ നിര്‍മ്മാണ കരാര്‍. ഈ കരാര്‍ മറച്ചുവെച്ച് നിര്‍മ്മാണം ആരാധ്യ സ്റ്റുഡിയോസ് ഏകപക്ഷീയമായി ഏറ്റെടുത്തു എന്നുമാണ് വക്കീല്‍ നോട്ടീസിലെ ആരോപണം.

ആരാധ്യ സ്റ്റുഡിയോസും ഹാപ്പി സേപ്പിയന്‍സ് സ്റ്റുഡിയോസും തമ്മിലുള്ള നിര്‍മ്മാണ കരാര്‍ ഹാജരാക്കണമെന്നും അഭിഭാഷകര്‍ മുഖേന നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെടുന്നു. നിര്‍മ്മാണ അവകാശമുണ്ടെന്ന് സ്ഥിരികരിക്കുന്നത് ഏത് കരാര്‍ അനുസരിച്ച് ആണെന്നതിലും വ്യക്തത വരുത്തണം. സിനിമയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും മാറ്റം വരുത്താതെയും നശിപ്പിക്കാതെയും സൂക്ഷിക്കണം. ത്രൈമാസ കണക്കുകള്‍ പങ്കുവച്ചിട്ടുണ്ടോ എന്നതില്‍ വ്യക്തത വരുത്തണം എന്നുമാണ് ഹാപ്പി സേപ്പിയന്‍സ് സ്റ്റുഡിയോസിന്റെ വക്കീല്‍ നോട്ടീസില്‍ ആവശ്യം.

ഹൈക്കോടതിയിലെ അഭിഭാഷകരായ ടി സുകേഷ് റോയി, എ ആര്‍ ദീപ എന്നിവര്‍ മുഖേനയാണ് കരാറിലും ഇടപാടുകളിലും രേഖകളിലും വ്യക്തത തേടി ഹാപ്പി സേപ്പിയന്‍സ് സ്റ്റുഡിയോസ് വക്കീല്‍ നോട്ടീസയച്ചത്. 2025 നവംബറിലാണ് ദ എക്കോ എന്ന ചിത്രം റിലീസ് ചെയ്തത്. കേരളത്തിലും പുറത്തുമായി വന്‍ ബോക്സ് ഓഫീസ് ഹിറ്റായ ചിത്രമാണ് ദ എക്കോ. അഞ്ച് കോടിയോളം രൂപ മുതല്‍മുതല്‍ മുടക്കില്‍ 50 കോടിയിലധികം രൂപയാണ് നിര്‍മ്മാതാക്കള്‍ ഉണ്ടാക്കിയ സാമ്പത്തിക നേട്ടം.

Content Highlights- A dispute has emerged between Happy Sapiens Studios and Aradhya Studios over the production rights of the Malayalam film EKO. The disagreement concerns the ownership or control of the film's production rights.

To advertise here,contact us