തിരുവനന്തപുരം: കെപിസിസി അധ്യക്ഷനുമായി ഫോണില്‍ സംസാരിച്ച് ബിജെപി വിട്ട പത്മജ വേണുഗോപാല്‍. കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തതില്‍ പത്മജ കെപിസിസി അധ്യക്ഷനെ നന്ദി അറിയിച്ചു. വൈകാതെ കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ താല്പര്യം അറിയിച്ചുള്ള കത്ത് പത്മജ സണ്ണി ജോസഫിന് കൈമാറിയേക്കും. അതേസമയം പത്മജയെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുന്നതില്‍ തീരുമാനമായിട്ടില്ല. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും തീരുമാനം എടുക്കുക.
കെ കരുണാകരന്റെ മകളുടെ പുനഃപ്രവേശനത്തിന് തടസ്സം നില്‍ക്കേണ്ടതില്ലെന്ന അഭിപ്രായം ഒരുവിഭാഗത്തിന് ഉണ്ടെങ്കിലും കെ മുരളീധരനെതിരെ അടക്കം പത്മജ നടത്തിയ പരാമര്‍ശം തിരുത്തണമെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ നിന്നും ഉയരുന്നുണ്ട്.
പത്മജ വേണുഗോപാലിനെ കോണ്‍ഗ്രസിലേക്ക് സ്വീകരിക്കണമെന്ന് കെ പി നൗഷാദ് അലി എംഎല്‍എ പറഞ്ഞു. പത്മജയുടെ രാജി ബിജെപിയുടെ കൂറുമാറ്റ രാഷ്ട്രീയം ദുര്‍ബലപ്പെടുത്തുന്നതാണെന്നും കെ പി നൗഷാദ് അലി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. 'ബിജെപിയുടെ കൂറുമാറ്റരാഷ്ട്രീയം കാറ്റൊഴിഞ്ഞ ബലൂണ്‍ പോലെയാകുന്ന പ്രതീതിയാണ് പത്മജയുടെ രാജി പ്രഖ്യാപനത്തിലൂടെ ഉണ്ടായത്. ഏതെങ്കിലും ദുര്‍ബല നിമിഷത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് പോവുകയും പിന്നീട് പശ്ചാത്താപവും മനസ്ഥാപവും മുന്‍നിര്‍ത്തി കോണ്‍ഗ്രസിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹിക്കുകയും ചെയ്ത ആളുകള്‍ ചരിത്രത്തില്‍ ധാരാളം ഉണ്ട്. അവരുടെ മുന്നില്‍ എന്നന്നേക്കുമായി വാതില്‍ കൊട്ടിയടച്ച പാരമ്പര്യം കോണ്‍ഗ്രസിന് ഇല്ല. പുതിയ തലമുറയിലെ സാമൂഹിക മാധ്യമങ്ങളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിപുലമായി ചിന്തിക്കാത്തതുകൊണ്ടാവാം എതിര്‍ക്കുന്നത്. അതുകൊണ്ടാണ് നമ്മുടെ പാരമ്പര്യവും പൈതൃകവും റദ്ദ് ചെയ്യേണ്ട കാര്യം ഇല്ല. കോണ്‍ഗ്രസിലേക്ക് വരാന്‍ പത്മജ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എഐസിസി, കെപിസിസി നേതൃത്വത്തെ ബന്ധപ്പെട്ടിട്ടുണ്ടാവാം', കെ പി നൗഷാദ് അലി പറഞ്ഞു.
അതേസമയം പത്മജയുടെ കോണ്‍ഗ്രസിലേക്കുള്ള മടക്കം ചര്‍ച്ചയായതോടെ രൂക്ഷവിമര്‍ശനവുമായി ജിന്റോ ജോണ്‍ രംഗത്തെത്തി. ഭാഗ്യാന്വേഷികളുടെ വഴിയമ്പലമല്ല കോണ്‍ഗ്രസ് എന്ന് ജിന്റോ ജോണ്‍ പറഞ്ഞു. 'അവര്‍ക്ക് പാര്‍ട്ടിയിലുണ്ടായിരുന്ന സ്ഥാനം പാര്‍ട്ടിയില്‍ നടത്തിയ കഠിനാധ്വാനത്തിന്റെയോ കഷ്ടപ്പാടിന്റെയോ അല്ല. ലീഡറുടെ മകള്‍ എന്ന പ്രിവിലേജ് കൊണ്ടുമാത്രമാണ്. എന്നാല്‍ അത് മനസ്സിലാക്കാതെ ഒരു സുപ്രഭാതത്തില്‍ പാര്‍ട്ടിയെ പരമാവധി ആക്ഷേപിച്ച് ഇറങ്ങിപ്പോയപ്പോള്‍ വല്ലാത്ത രീതിയിലുള്ള സങ്കടമുണ്ട്. അതിന് മറുപടി വരട്ടെ. ഷാഫി പറമ്പില്‍ വര്‍ഗീയവാദിയാണെന്ന് പറയുന്നു. ആ അഭിപ്രായത്തിന് മാറ്റം വന്നിട്ടുണ്ടോയെന്ന് അറിയണം. സൗന്ദര്യമുള്ള സ്ത്രീകള്‍ കോണ്‍ഗ്രസില്‍ വന്നാല്‍ ജീവിച്ചുപോകാന്‍ വലിയ ബുദ്ധിമുട്ടാണെന്ന സ്ത്രീവിരുദ്ധപരാമര്‍ശം. ആ പരാമര്‍ശത്തില്‍ കോണ്‍ഗ്രസിലെ സ്ത്രീകളോട് മാപ്പ് പറഞ്ഞിട്ടുവേണം പാര്‍ട്ടിയിലേക്ക് തിരികെ വരാന്‍. സൗകര്യം പോലെ വരാനും പോകാനുമുള്ള പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. അവര്‍ പോയപ്പോള്‍ വഴിയിലുപേക്ഷിച്ചുപോയ കൊടി ഇവിടെ അവശേഷിച്ച മനുഷ്യര്‍ ഉയര്‍ത്തിയതുകൊണ്ടാണ് ഇന്ന് വി ഡി സതീശന് സര്‍ക്കാര്‍ കേരളം ഭരിക്കുന്നത്', എന്നായിരുന്നു ജിന്റോയുടെ പ്രതികരണം.
കഴിഞ്ഞ ദിവസമായിരുന്നു രണ്ടരവര്‍ഷത്തെ ബിജെപി ബന്ധം ഉപേക്ഷിച്ച് പത്മജ വേണുഗോപാല്‍ രാജീവ് ചന്ദ്രശേഖറിനെ രാജി അറിയിച്ചത്. ഇമെയില്‍ വഴിയായിരുന്നു രാജിക്കൈമാറ്റം. എടുത്തുചാട്ടമായിരുന്നു ബിജെപി പ്രവേശനം എന്നും ഇപ്പോള്‍ തിരുത്തുന്നുവെന്നുമായിരുന്നു നീക്കത്തില്‍ പത്മജ പ്രതികരിച്ചത്.
Content Highlights:
Padmaja Venugopal, who recently left the BJP, spoke with the Kerala Pradesh Congress Committee (KPCC) president over the phone. The phone conversation has brought attention to political developments in Kerala.