അന്നേ സതീശനോടും കുഞ്ഞാലിക്കുട്ടിയോടും ആവശ്യപ്പെട്ടത്, ഉറപ്പ് ലഭിച്ചത്; KTDC ചെയർമാന്‍ സ്ഥാനത്തിലുറച്ച് അന്‍വർ

ബോര്‍ഡ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങളുമായി ബന്ധപ്പെട്ട് യുഡിഎഫിലെ ഘടകകക്ഷികള്‍ കലാപക്കൊടി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ കൂടിയാണ് കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്തിലുറച്ച് അന്‍വറും രംഗത്തെത്തിയിരിക്കുന്നത്

കോഴിക്കോട്: കെടിഡിസി ചെയര്‍മാന്‍ സ്ഥാനം വേണമെന്ന ആവശ്യത്തിലുറച്ച് പി വി അന്‍വര്‍. ബേപ്പൂരില്‍ പരാജയപ്പെടുകയാണെങ്കില്‍ കെടിഡിസി ചെയര്‍മാന്‍ സ്ഥാനം നല്‍കണമെന്ന് തെരഞ്ഞടുപ്പിന് മുമ്പ് തന്നെ താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും, യുഡിഎഫ് നേതാക്കള്‍ അത് സമ്മതിച്ചതാണെന്നുമാണ് പി വി അൻവർ പറയുന്നത്. ബോര്‍ഡ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങളുമായി ബന്ധപ്പെട്ട് യുഡിഎഫിലെ ഘടകകക്ഷികള്‍ കലാപക്കൊടി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ കൂടിയാണ് കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്തിലുറച്ച് അന്‍വറും രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് പി വി അൻവറിൻ്റെ പ്രതികരണം.

ഈ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ദിവസം അദ്ദേഹം കത്ത് നല്‍കിയിരുന്നു. ഇക്കാര്യം അദ്ദേഹം സ്ഥിരീകരിക്കുകയും ചെയ്യുന്നുണ്ട്. സംഭവത്തില്‍ വിശദീകരണവുമായി ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് അന്‍വര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. യുഡിഎഫിന്റെ അസോസിയേറ്റ് അംഗമെന്ന നിലയില്‍ മുന്നണി നേതൃത്വത്തിന് ഇത്തരം കത്തുകള്‍ നല്‍കാന്‍ തനിക്ക് പൂര്‍ണ അവകാശമുണ്ടെന്ന് അന്‍വര്‍ വ്യക്തമാക്കി.

ഒരു വ്യവസായി എന്ന നിലയില്‍ ദീര്‍ഘകാലം ടൂറിസം സംരംഭങ്ങള്‍ നടത്തിയിട്ടുള്ള അനുഭവപരിജ്ഞാനമുണ്ടെന്നും ടൂറിസം തനിക്ക് എപ്പോഴും ഒരു 'പാഷന്‍' ആണെന്നും അന്‍വര്‍ പറഞ്ഞു. സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയില്ലാതെ കേരള ടൂറിസത്തെ ജനകീയമാക്കാനും സാധാരണക്കാര്‍ക്ക് ഉപജീവനം ഉറപ്പാക്കാനുമുള്ള പദ്ധതികള്‍ തന്റെ പക്കലുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ അവകാശപ്പെട്ടു.

ബേപ്പൂര്‍ മണ്ഡലത്തില്‍ മത്സരരംഗത്തിറങ്ങുന്നതിന് മുമ്പ് തന്നെ നിലവിലെ മുഖ്യമന്ത്രിയും അന്നത്തെ യുഡിഎഫ് ചെയര്‍മാനുമായ വി ഡി സതീശന്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുള്‍പ്പെടെയുള്ള യുഡിഎഫ് സമുന്നത നേതാക്കളോട് സംസാരിക്കുകയും വ്യക്തമായ ഉറപ്പ് ലഭിക്കുകയും ചെയ്തിരുന്നതായി അന്‍വര്‍ പറയുന്നു. സര്‍ക്കാരിനെതിരെയുള്ള പോരാട്ടങ്ങളിലും മുന്നണിയുടെ തെരഞ്ഞെടുപ്പ് വിജയത്തിലും പങ്കാളിയായ തനിക്ക് ഈ പദവിക്ക് അര്‍ഹതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെടിഡിസി ചെയര്‍മാന്‍ പദവിക്ക് പുറമെ തനിക്കൊപ്പം നില്‍ക്കുന്നവര്‍ക്കായി (സജി മഞ്ഞക്കടമ്പന്‍ അടക്കമുള്ളവര്‍ക്കായി) മൂന്ന് ബോര്‍ഡ്-കോര്‍പറേഷന്‍ അധ്യക്ഷ പദവികള്‍ കൂടി അന്‍വര്‍ കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യപ്പെട്ട നാല് പദവികളില്‍ മൂന്നെണ്ണമെങ്കിലും നല്‍കണമെന്നാണ് അന്‍വറിന്റെ നിലപാട്.

അന്‍വറിന്റെ ആവശ്യത്തില്‍ ഡിസംബര്‍ അവസാനിക്കുന്നതിന് മുന്നോടിയായി തീരുമാനം അറിയിക്കാമെന്നാണ് യുഡിഎഫ് നേതൃത്വം അറിയിച്ചിട്ടുള്ളത്. അതേസമയം, കെടിഡിസി ചെയര്‍മാന്‍ പദവി അന്‍വറിന് വിട്ടുനല്‍കുന്നതില്‍ കോണ്‍ഗ്രസിനുള്ളിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. ടൂറിസം വകുപ്പ് കൈകാര്യം ചെയ്യുന്ന കോണ്‍ഗ്രസ് തന്നെ പ്രസ്തുത പദവി ഏറ്റെടുക്കണമെന്നാണ് ഇവരുടെ വാദം.

Content Highlight: PV Anvar reiterates his demand for the KTDC chairman post, claiming that he had raised the request with senior UDF leaders, including VD Satheesan, Sunny Joseph and PK Kunhalikutty, before contesting from Beypore and received assurances. Citing his experience in the tourism sector, Anvar says he has plans to promote Kerala tourism without placing an additional financial burden on the government. He has also sought three other board and corporation chairman posts for his associates, including Saji Manjakadambil. The UDF leadership is expected to take a decision before the end of December, although a section of Congress leaders reportedly opposes handing over the KTDC post to Anvar.

To advertise here,contact us