പാലക്കാട്: ബെംഗളൂരുവില്‍ കൊല്ലപ്പെട്ട പാലക്കാട് തിരുവേഗപ്പുറ സ്വദേശി കിരണിന്റേത് ദുരഭിമാനക്കൊല. പ്രതി തമിഴ്നാട് സ്വദേശി ആനന്ദിന്റെ മകളുമായുള്ള കിരണിന്റെ പ്രണയമാണ് കൊലപാതകത്തിന് കാരണമെന്ന് കിരണിന്റെ കുടുംബം ആരോപിച്ചു. പ്രണയബന്ധം ഇരുവീട്ടുകാര്‍ക്കും അറിയാമായിരുന്നുവെന്നും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബവുമായുള്ള ബന്ധത്തെ എതിര്‍ത്ത ആനന്ദ് ചൊവ്വാഴ്ച രാത്രി കിരണിനെ തല്ലിക്കൊല്ലുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചു. കിരണിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വിദേശത്ത് നിന്നും നാട്ടിലേക്ക് വന്ന കിരണ്‍ ഒരു മാസത്തിന് ശേഷം സഹോദരന്റെ ജോലി സ്ഥലമായ ബെംഗളൂരുവിലേക്ക് മാറുകയായിരുന്നു. ആനന്ദിന്റെ സ്ഥാപനത്തിലാണ് സഹോദരന് ജോലി ചെയ്തിരുന്നത്. പിന്നീട് കിരണും ഇതേ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. ഇതിനിടെയാണ് ആനന്ദിന്റെ മകളുമായി കിരണ്‍ പ്രണയത്തിലായത്. ബെംഗളൂരുവില്‍ മെഷീന് നിര്‍മ്മാണ കമ്പനി ഉടമയാണ് ആനന്ദ്.
ആനന്ദ് ബന്ധത്തെ ശക്തമായി എതിര്‍ത്തിരുന്നു. കിരണിന്റെ പിന്നാക്ക സാമ്പത്തിക പശ്ചാത്തലമാണ് ആനന്ദ് പ്രണയത്തെ എതിര്‍ക്കാന്‍ കാരണമെന്ന് കുടുംബം ആരോപിക്കുന്നു. ഈ എതിര്‍പ്പ് പിന്നീട് പകയായി മാറുകയായിരുന്നുവെന്നും എന്നാല്‍ കൊന്നുകളയുമെന്ന് കരുതിയില്ലെന്നും കിരണിന്റെ സഹോദരി ആരോപിച്ചു. ചൊവ്വാഴ്ചയായിരുന്നു കിരണിന്റെ മരണം.
Content Highlights: Bengaluru Palakkad Native Kiran death Over Love Affair